ചൂടിന്റെ പിടിയിൽ തേയില; കൊളുന്ത് ഉൽപാദനത്തിൽ ഇടിവ്
തൊടുപുഴ: കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുള്ള കനത്ത ചൂട് സംസ്ഥാനത്ത് തേയില ഉൽപാദനത്തെ പിന്നോട്ടടിക്കുന്നു. മുൻവർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തേയിലക്കൊളുന്ത് ഉൽപാദനത്തിൽ ഇടിവ് കണ്ട് തുടങ്ങിയിട്ടുണ്ട്. ദീർഘകാല വരൾച്ച തുടർന്നാൽ വരുംവർഷം തേയില ഉൽപാദനത്തിൽ പ്രതിസന്ധി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
സാധാരണഗതിയിൽ 20 ഡിഗ്രി മുതൽ 30 ഡിഗ്രി വരെ താപനിലയിലാണ് തേയിലച്ചെടികൾ ഏറ്റവും മികച്ചരീതിയിൽ പച്ച കൊളുന്ത് ഉൽപാദിപ്പിക്കുന്നത്. എന്നാൽ, എൽനിനോ പ്രതിഭാസം മൂലമുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനത്തിലും ഉയർന്ന ചൂടും മൂലം തേയില ചെടികൾ നശിക്കുകയാണ്. 2025 ൽ, കേരളത്തിൽ 31.274 ദശലക്ഷം കിലോ തേയില ഉൽപാദിപ്പിച്ച സ്ഥാനത്ത് ഈ വർഷം എട്ട് മാസത്തെ കണക്കുകളുമായി നോക്കുമ്പോൾ 30.624 ദശലക്ഷത്തിലേക്ക് കുറഞ്ഞു.
വയനാട്ടിൽ 8.1 ശതമാനത്തിന്‍റെ കുറവുണ്ടായി. മധ്യകേരളത്തിലിത് 3.8 ശതമാനത്തിന്‍റെ കുറവാണ്. തോട്ടംമേഖലയായ പീരുമേട്ടിൽ ഹെക്ടറിന് 1091 കിലോ ഗ്രാമിൽ നിന്ന് 1069 ലേക്ക് ഉൽപാദനം കുറഞ്ഞു. ഇടുക്കി ജില്ലയിൽ മൂന്നാർ, വാഗമൺ മേഖലയിൽ നേരിയ വർധനവുണ്ടെങ്കിലും ചൂട് കൂടുന്നത് വരുംവർഷങ്ങളിലെ ഉൽപാദനത്തെ ബാധിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. തമിഴ്‌നാട്ടിലെ നീലഗിരിയിൽ ഉത്പാദനത്തിൽ ഹെക്ടറിന് 11.80 ശതമാനം വരെ കുറവുണ്ടായതായാണ് കണക്കുകൾ.
ഒക്ടോബർ- നവംബർ മാസങ്ങളിലാണ് തേയിലത്തോട്ടങ്ങൾ ഏറ്റവും കൂടുതൽ ഉൽപാദനം നടക്കുന്നത്. കാലവർഷം കഴിഞ്ഞ് മണ്ണിൽ ആവശ്യത്തിന് ഈർപ്പവും ഒപ്പം അനുയോജ്യമായ വെയിലും ലഭിക്കുന്നതിനാൽ ഏറ്റവും കൂടുതൽ പച്ചക്കൊളുന്ത് ലഭിക്കും. എന്നാൽ, വരൾച്ച സമാന സാഹചര്യം നിലനിൽക്കുകയും മഴ കുറയുകയും ചെയ്യുന്നതാണ് ഇപ്പാഴത്തെ വെല്ലുവിളി.
കടുത്തചൂടും ചുരുങ്ങിയ സമയത്ത് പെയ്യുന്ന തീവ്രമഴയും മഞ്ഞും പുതിയ തളിരിലകൾ കരിഞ്ഞ് പോകുന്നതിനും ചുരുണ്ട് പോകുന്നതിനും കാരണമാകുന്നുണ്ട്. ഇത് ഇന്ത്യൻ തേയിലക്ക് അന്താരാഷ്ട്ര വിപണിയിൽ ഗുണമേന്മ കുറക്കാനിടയാക്കും. കൃത്യമായ ഇടവേളകളിൽ വിളവെടുക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്ന് തേയില കർഷകർ ചൂണ്ടിക്കാട്ടുന്നു. കീടങ്ങളുടെ ശല്യം പ്രതിരോധിക്കുന്നതിനിടെ കാലാവസ്ഥ വ്യതിയാനം കൂടി കടന്നുവന്നതോടെ പ്രതിസന്ധി കൂടുതലായതായി ചെറുകിട തേയില കർഷകർ പറയുന്നു. 25 ശതമാനത്തിലധികം വിളവ് കുറഞ്ഞ തോട്ടങ്ങൾ വരെയുണ്ട്.
തേയില കൃഷിയിൽ പിടിച്ച് നിൽക്കാൻ കഴിയാതെ വന്നതോടെ ചെറുകിട കർഷകർ പലരും ഏല കൃഷിയിലേക്കും തിരിഞ്ഞിട്ടുണ്ട്. ശാസ്തീയരീതിയിൽ മണ്ണിന്‍റെ ഈർപ്പം നിലനിർത്തുന്നതിനുള്ള പ്രതിരോധ സംവിധാനങ്ങളടക്കം ഒരുക്കുന്നുണ്ടെന്ന് യുനൈറ്റഡ് പ്ലാന്റേഴ്സ് അസോ. ഓഫ് സൗത്ത് ഇന്ത്യ (ഉപാസി) അഡ്വൈസ് ഓഫിസർ ശ്യാം കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.