ലിസ്റ്റിങ് ആശങ്കകൾക്കിടയിൽ ടാറ്റ ഓഹരികൾ ഇടിഞ്ഞു: ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ടൈറ്റന്
മുംബൈ: വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കിടയിൽ ടൈറ്റന്റെയും ടാറ്റ കൺസൾട്ടൻസി സർവീസസിന്റെയും (ടി.സി.എസ്) നേതൃത്വത്തിൽ ചൊവ്വാഴ്ച ടാറ്റ ഗ്രൂപ്പ് ഓഹരികൾ ഏകദേശം 1 ശതമാനം ഇടിഞ്ഞു. ടാറ്റ സൺസിന്‍റെ ലിസ്റ്റിങ് ഒഴിവാക്കാൻ ടാറ്റ ട്രസ്റ്റ് ശ്രമിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്നാണ് ഈ ഇടിവ്.
എൻ.എസ്.ഇ ഡാറ്റ പ്രകാരം, നിഫ്റ്റി ഇന്ത്യ കോർപ്പറേറ്റ് ഗ്രൂപ്പ് ഇൻഡക്സ്-ടാറ്റ ഗ്രൂപ്പ് 25 പെർസെന്‍റ് ക്യാപ് മുൻ ക്ലോസിങ്ങായ 13,575.10ൽ നിന്ന് 0.95 ശതമാനം ഇടിഞ്ഞ് 13,445.70 ൽ എത്തി. അതേസമയം, നിഫ്റ്റി 50 സൂചിക 22,780.25ൽ നിന്ന് 0.28 ശതമാനം ഇടിഞ്ഞ് 22,716.20ൽ എത്തിനിൽക്കുന്നു. നിഫ്റ്റി ടാറ്റ ഗ്രൂപ്പ് സൂചികയിലെ അഞ്ചിൽ മൂന്ന് ഭാഗം ഓഹരികളും പിന്നോക്കം പോയി. ഇതിന് ടൈറ്റനും ടി.സി.എസിനുമാണ് ഏറ്റവും വലിയ തിരിച്ചടി ലഭിച്ചത്. നിഫ്റ്റി 50 സൂചികയിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച ഓഹരിയും ടൈറ്റൻ ആയിരുന്നു. അതേസമയം, ടാറ്റ ഗ്രൂപ്പിൽ ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയത് വോൾട്ടസ് ആണ്.
കമ്പനിക്കുള്ളിൽ ലിസ്റ്റിങ്ങിലുൾപ്പെടെ നിരവധി ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ നിൽക്കുന്ന സാഹചര്യത്തിൽ വലിയ നിക്ഷേപകർ തങ്ങളുടെ പണം നിക്ഷേപിക്കാൻ തയാറാകില്ല. അതുകൊണ്ടാണ് ടാറ്റ ഗ്രൂപ്പ് കമ്പനികളിൽ വലിയ തോതിലുള്ള വിറ്റഴിക്കൽ നടക്കുന്നത്. ഇരു സൂചികകളിലും ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ടൈറ്റൻ ആണ്. ഓഹരി വില 3 ശതമാനം ഇടിഞ്ഞ് 4,675ൽ ആണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, ടാറ്റ സൂചികയിലെ പ്രധാന ഓഹരിയായ ടി.സി.എസ് 1.85 ശതമാനം ഇടിഞ്ഞ് 2,032.4ലും, 99.96 എന്ന ഉയർന്ന പ്രൈസ്-ടു-ഏണിങ്സ് (P/E) അനുപാതമുള്ള സൂചികയിലെ ഏറ്റവും ചെലവേറിയ ഓഹരിയായ വോൾട്ടസ് 4.01 ശതമാനം ഇടിഞ്ഞ് 1,090ലും എത്തി. നിഫ്റ്റി 50ന്റെ P/E അനുപാതം 19.26-ഉം P/B അനുപാതം 2.75-ഉം ആയപ്പോൾ, ടാറ്റ സൂചികയുടെ P/E അനുപാതം 32.08-ഉം പ്രൈസ്-ടു-ബുക്ക് (P/B) അനുപാതം 4.31ഉം ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.