ഓഹരി വിപണിയിൽ കനത്ത ഇടിവ്: നിഫ്റ്റി 22,600ന് താഴെ

വ്യാപാരത്തിന്‍റെ തുടക്കത്തിൽ തന്നെ ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവ്. എല്ലാ മേഖലകളിലും വിശാല വിപണി സൂചികകളിലും വിൽപ്പന സമ്മർദ്ദം ശക്തമായതിനെ തുടർന്ന് ബി.എസ്‍.ഇ സെൻസെക്സ് ഏകദേശം 650 പോയിന്‍റുകൾ ഇടിഞ്ഞു. നിഫ്റ്റി 50  22,600ന് താഴേക്ക് പതിച്ചു.

രാവിലെ 9:37ന് സെൻസെക്സ് 72,112.24 നിലവാരത്തിലാണ് വ്യാപാരം നടത്തിയത്. മുൻ ക്ലോസിങ്ങായ 72,771.72ൽ നിന്ന് 659.48 പോയിന്റുകൾ അഥവാ 0.91% ഇടിവാണ് സെൻസെക്സിൽ ഉണ്ടായത്. നിഫ്റ്റി 196.35 പോയിന്റുകൾ (0.86%) ഇടിഞ്ഞ് 22,583.90-ൽ എത്തി. വിപണിയിലുടനീളം വിൽപ്പന വ്യാപകമായിരുന്നു; നിഫ്റ്റി നെക്സ്റ്റ് 50 1.05% ഇടിഞ്ഞപ്പോൾ, നിഫ്റ്റി 100, നിഫ്റ്റി 200, നിഫ്റ്റി 500 സൂചികകൾ ഏകദേശം 0.90% വീതം ഇടിഞ്ഞു.

നിഫ്റ്റി സ്മാൾകാപ്പ് 100 1.02% ഇടിഞ്ഞപ്പോൾ, നിഫ്റ്റി മിഡ്കാപ്പ് 100 0.95% ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി മിഡ്കാപ്പ് സെലക്ട് സൂചിക 0.87% താഴ്ന്നു. വിപണിയുടെ ചാഞ്ചാട്ടം കാണിക്കുന്ന ഇന്ത്യ വിക്സ് (India VIX) 7.13% ഉയർന്ന് 14.61-ൽ എത്തി, ഇത് സമീപഭാവിയിൽ വിപണിയിൽ ചാഞ്ചാട്ടം വർധിക്കാമെന്നതിന്റെ സൂചനയാണ്.

മേഖലാ തിരിച്ചുള്ള പ്രകടനം

ഭൂരിഭാഗം മേഖലാ സൂചികകളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. 

  • നിഫ്റ്റി മീഡിയ സൂചിക: 2.06% ഇടിവോടെ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടു.
  • നിഫ്റ്റി ഓയിൽ & ഗാസ് സൂചിക: 1.21% ഇടിഞ്ഞു.
  • നിഫ്റ്റി പ്രൈവറ്റ് ബാങ്ക് & ഫിനാൻഷ്യൽ സർവീസസ്: യഥാക്രമം 1.20%, 1.19% എന്നിങ്ങനെ ഇടിഞ്ഞു.
  • നിഫ്റ്റി ബാങ്ക്: 1.19% ഇടിഞ്ഞ് 53,822.65ൽ എത്തി.

മറ്റ് സൂചികകൾ: നിഫ്റ്റി ഓട്ടോ, ഐടി, മെറ്റൽ, എഫ്.എം.സി.ജി സൂചികകൾ 0.89% മുതൽ 0.94% വരെ താഴ്ന്നു. കെമിക്കൽസ് സൂചിക 1.12% ഇടിഞ്ഞു. ഫാർമ, ഹെൽത്ത് കെയർ ഓഹരികൾ വിപണിക്ക് ചില ആശ്വാസം നൽകി. നിഫ്റ്റി ഫാർമ 0.29% ഉം, നിഫ്റ്റി ഹെൽത്ത് കെയർ സൂചിക 0.13% ഉം നേട്ടമുണ്ടാക്കി.

ബ്രെന്റ് ക്രൂഡ് ഓയിൽ വില 106 ഡോളറിന് മുകളിലാണെന്നതും യു.എസ് 10 വർഷത്തെ ബോണ്ട് യീൽഡ് 5.23% ആണെന്നതും ആഗോള സാമ്പത്തിക സാഹചര്യങ്ങൾ ഓഹരി വിപണിക്ക് അനുകൂലമല്ലെന്ന് വ്യക്തമാക്കുന്നു. യു.എസിൽ ഉയർന്ന വളർച്ചയും ഉയർന്ന പണപ്പെരുപ്പവുമാണ് കാണാൻ കഴിയുന്നത്. വൻതോതിലുള്ള എ.ഐ നിക്ഷേപങ്ങൾ വളർച്ചയെ നയിക്കുന്നുണ്ട്, എന്നാൽ പ്രതീക്ഷിച്ചതിലും മികച്ച ഈ വളർച്ച പണപ്പെരുപ്പം ഉയർന്ന നിലയിൽ നിലനിർത്തുമെന്നാമ് ഈ മേഖലയിലെ വിലയിരുത്തൽ. ഇത് ഫെഡ് റിസർവ് വീണ്ടും പലിശ നിരക്ക് വർധിപ്പിക്കുന്നതിലേക്ക് നയിച്ചേക്കും. ഇത് യു.എസ് ബോണ്ട് യീൽഡ് ഉയർത്തുന്നുതിനാൽ, 2027 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സാമ്പത്തിക ഭാരം (Fiscal strain) വർധിക്കുമെന്നും നിരീക്ഷണമുണ്ട്. അതിനാൽ, ക്രൂഡ് വില ഉയർന്ന നിലയിൽ തുടരുകയാണെങ്കിൽ, അത് ഇന്ത്യയുടെ ജി.ഡി.പി വളർച്ചയെയും കോർപ്പറേറ്റ് കമ്പനികളുടെ വരുമാന വളർച്ചയെയും ബാധിച്ചേക്കും. ഈ ആശങ്കയും വിപണിയെ സ്വാധീനിക്കുന്നുണ്ട്.

Tags:    
News Summary - Heavy fall in the stock market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.