പ്രതീകാത്മക ചിത്രം
ഹുർമുസ് കടലിടുക്കിലെ അനിശ്ചിതത്വം തുടരുന്നതിനിടെ ക്രൂഡ് ഓയിൽ വിലയിൽ നേരിയ വർധന
ന്യൂഡൽഹി: ഹുർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം എന്ന് പുനസ്ഥാപിക്കുമെന്ന ആശങ്കകൾ തുടരുന്നതിനിടെ ക്രൂഡ് ഓയിൽ വിലയിൽ നേരിയ വർധന. ബ്രെന്‍റ് ക്രൂഡ് 0.31 ശതമാനം വർധിച്ച് ബാരലിന് 102.90 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. എന്നാൽ, ഡബ്ല്യു.ടി.ഐ ക്രൂഡ് ഓയിൽ വില 0.1 ശതമാനം ഇടിഞ്ഞ് 89.28 ഡോളറിലെത്തിയിട്ടുണ്ട്.
ചെങ്കടൽ വഴിയുള്ള സൗദി അറേബ്യയുടെ ക്രൂഡ് ഓയിൽ കയറ്റുമതി തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിച്ചതിനെത്തുടർന്ന് ചൊവ്വാഴ്ച എണ്ണവില കുത്തനെ ഇടിഞ്ഞിരുന്നു. ഈ മാസമാദ്യം പൈപ്പ് ലൈനിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്നാണ് സൗദിയുടെ എണ്ണ കയറ്റുമതി തടസ്സപ്പെട്ടത്. ബ്രെന്‍റ് ക്രൂഡ് ഫ്യൂച്ചറുകൾ 2.6 ശതമാനം ഇടിഞ്ഞ് ബാരലിന് 102.59 ഡോളറിലും, യു.എസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ഫ്യൂച്ചറുകൾ 3.5 ശതമാനം ഇടിഞ്ഞ് 89.38 ഡോളറിലുമാണ് ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
നിലവിൽ യാൻബു, മുഅജ്ജിസ് ടെർമിനലുകളിൽ സൗദി എണ്ണ കയറ്റുമതിയിൽ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കും ഇടയിൽ യാൻബുവിൽ നിന്ന് ഒമ്പത് ടാങ്കറുകളിലായി മൊത്തം 12.5 ദശലക്ഷം ബാരൽ എണ്ണ കയറ്റി അയച്ചതായാണ് വിവരം. കൂടാതെ, കിഴക്ക് - പടിഞ്ഞാറൻ പൈപ്പ് ലൈൻ വഴിയുള്ള എണ്ണ ഒഴുക്ക് പ്രതിദിനം 3.5 ദശലക്ഷം ബാരലായി പുനഃസ്ഥാപിക്കാൻ സാധിച്ചു.
അതേസമയം, സംഘർഷം അവസാനിപ്പിക്കുന്നതിനായി യു.എസ്, ഇറാനിയൻ ഉദ്യോഗസ്ഥർ മധ്യസ്ഥരുമായി ചർച്ചകൾ നടത്തി. ജൂണിലെ ധാരണാപത്രത്തിലെ വ്യവസ്ഥകൾ യു.എസ് അംഗീകരിക്കുകയാണെങ്കിൽ ഏഴ് ദിവസത്തിനകം ഹുർമുസ് കടലിടുക്ക് തുറക്കാമെന്ന് ഇറാൻ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഡോണൾഡ് ട്രംപ് ഈ നിർദ്ദേശം നിരസിച്ചു. നിലവിൽ ഹുർമുസ് കടലിടുക്കിലൂടെയുള്ള എണ്ണയൊഴുക്ക് ഏഴ് ദിവസത്തെ ശരാശരി പ്രതിദിനം 13.2 ദശലക്ഷം ബാരലിലെത്തി. യു.എസ് -ഇറാൻ യുദ്ധത്തിന് മുമ്പുണ്ടായിരുന്നതിന്‍റെ 17 ദശലക്ഷം ബാരലിന്റെ 77 ശതമാനമാണിത്. സഖ്യരാജ്യങ്ങളുടെ ടാങ്കറുകൾക്ക് യു.എസ് സൈന്യം സംരക്ഷണം നൽകുന്നുണ്ടെങ്കിലും ഇറാന്റെ കയറ്റുമതിക്ക് മേലുള്ള ഉപരോധം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.