മുംബൈ: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസിന്റെ വിഭജനം അന്തിമ ഘട്ടത്തിലെന്ന് റിപ്പോർട്ട്. വാണിജ്യ വാഹനങ്ങളുടെ കമ്പനിയും യാത്ര വാഹനങ്ങളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും മറ്റൊരു കമ്പനിയുമായാണ് വിഭജിക്കുന്നത്. ഒക്ടോബർ ഒന്നിന് തുടങ്ങിയ വിജഭന പ്രക്രിയ ഉടൻ പൂർത്തിയാകുമെന്നാണ് സൂചന.
വാണിജ്യ വാഹനങ്ങളുടെ വിഭാഗത്തിന്റെ പേര് ടാറ്റ മോട്ടോർസ് ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്തതായി കമ്പനി അറിയിച്ചു. നേരത്തെ യാത്ര വാഹനങ്ങളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും യൂനിറ്റിന്റെ പേര് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡ് (ടി.എം.പി.വി) എന്ന് മാറ്റിയിരുന്നു. വിഭജനത്തിന്റെ ഭാഗമായി ടാറ്റ മോട്ടോർസ് ലിമിറ്റഡിന്റെ ഒരു ഓഹരി സ്വന്തമാക്കിയവർക്ക് വാണിജ്യ വാഹന വിഭാഗത്തിന്റെ ഒരു ഓഹരി സൗജന്യമായി ലഭിക്കും.
നിലവിൽ ടി.എം.പി.വി ഓഹരികൾ 400 രൂപയിൽ നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും വ്യാപാരം ചെയ്യപ്പെടുന്നുണ്ട്. എന്നാൽ, അനുമതി ലഭിക്കുന്നതോടെ നവംബറിൽ വാണിജ്യ വാഹന വിഭാഗവും ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യും. 365 രൂപയിലായിരിക്കും ലിസ്റ്റ് ചെയ്യുകയെന്ന് ഓഹരി ബ്രോക്കറേജ് കമ്പനിയായ നൊമൂറ സൂചന നൽകി.
ആഭ്യന്തര വാണിജ്യ വാഹന വിഭാഗത്തിൽ നേതൃസ്ഥാനം വഹിക്കുന്ന കമ്പനിയാണ് ടാറ്റ മോട്ടോഴ്‌സ്. 37 ശതമാനത്തിലധികം വിപണി പങ്കാളിത്തമുള്ള ടാറ്റ, ഇറ്റാലിയൻ ട്രക്ക് നിർമാണ കമ്പനിയായ ഇവെക്കോയെ ഏറ്റെടുക്കുന്നതോടെ അന്താരാഷ്ട്ര വിപണിയിലും ശക്തമായ സാന്നിധ്യമറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.