ടാറ്റ മോട്ടോർസ് വിഭജിക്കുന്നു; ഓഹരി ഉടകൾക്ക് നാളെ ബംപർ

മുംബൈ: വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസ് വിഭജിച്ച് രണ്ട് വ്യത്യസ്ത കമ്പനികളാകുന്നു. വാണിജ്യ വാഹനങ്ങൾക്ക് ഒരു കമ്പനിയും ഇലക്ട്രിക് അടക്കം യാത്ര വാഹനങ്ങൾക്ക് മറ്റൊരു കമ്പനിയുമായാണ് മാറുക. കമ്പനി വിഭജിക്കാൻ ​ടാറ്റ മോട്ടോർസിന് നാഷനൽ കമ്പനി ലോ ട്രിബ്യൂണലിന്റെയും നിക്ഷേപകരുടെയും അനുമതി ലഭിച്ചിരുന്നു. ടി.എം.എൽ കൊമേഴ്ഷ്യൽ വെഹിക്ക്ൾസ് ലിമിറ്റഡ് (ടി.എം.എൽ.സി.വി), ടാറ്റ മോട്ടോർസ് പാസഞ്ചർ വെഹിക്കിൾ എന്നിങ്ങനെയായിരിക്കും കമ്പനികളുടെ പേര്. രണ്ട് സ്ഥാപനങ്ങളും ഓഹരി വിപണിയിൽ പ്രത്യേകം വ്യാപാരം ചെയ്യപ്പെടും.

വിഭജനം പൂർത്തിയാകുന്നതോടെ നിലവിലെ ടാറ്റ മോട്ടോർസ് ഓഹരി ഉടമകൾക്ക് ഒരു ഓഹരി സൗജന്യമായി ലഭിക്കും. അതായത് ടാറ്റ മോട്ടോർസിന്റെ 100 ഓഹരികൾ സ്വന്തമായുള്ള നിക്ഷേപകർക്ക് ടി.എം.എൽ കൊമേഴ്ഷ്യൽ വെഹിക്ക്ൾസ് ലിമിറ്റഡിന്റെ 100 ഓഹരികളാണ് സൗജന്യമായി ലഭിക്കുക. ഒക്ടോബർ 14 നകം ടാറ്റ മോട്ടോർസ് ഓഹരികൾ സ്വന്തമാക്കിയവർക്കാണ് സൗജന്യ ഓഹരികൾ ലഭിക്കുക.

വാണിജ്യ, യാത്ര വാഹന ബിസിനസുകളുടെ വളർച്ച ത്വരിതപ്പെടുത്തുകയാണ് വിഭജനത്തിന്റെ ലക്ഷ്യമെന്ന് ടാറ്റ മോട്ടോർസ് പറഞ്ഞു. മാത്രമല്ല, ഇരു വിഭാഗം ബിസിനസിലേക്കും പ്രത്യേകം ശ്രദ്ധയൂന്നാനും ഫലപ്രദമായി ഫണ്ട് വിനിയോഗിക്കാനും കഴിയും. വിഭജനത്തിന്റെ മു​ന്നോടിയായി കമ്പനിയുടെ നേതൃനിരയിൽ കാര്യമായ മാറ്റം വരുത്തിയിരുന്നു. വാണിജ്യ വാഹന ബിസിനസിന് നേതൃത്വം നൽകിയിരുന്ന ഗിരീഷ് വാഗ് ആയിരിക്കും ടി.എം.എൽ.സി.വിയുടെ മാനേജിങ് ഡയറക്ടറും സി.ഇ.ഒയും. അതുപോലെ ടാറ്റ മോട്ടോർസ് പാസഞ്ചർ വെഹിക്കിൾ ബിസിനസിനെ ഇലക്ട്രിക് യാത്ര വാഹന വിഭാഗത്തിന്റെ തലവനായ ശൈലേഷ് ചന്ദ്ര നയിക്കും.

വിഭജനം പൂർത്തിയാകുന്നതോടെ ടി.എം.എൽ.സി.വി 37.1ശതമാനം വിപണി പങ്കാളിത്തത്തോടെ രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമാണ കമ്പനിയാകുമെന്ന് ബോനാൻസയിലെ റിസർച്ച് അനലിസ്റ്റ് ഖുഷി മിസ്ത്രി പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ട്രക്ക് നിർമാതാവായ ഇറ്റലിയിലെ ഇവേകോ കമ്പനിയെ ഏറ്റെടുക്കുന്നത് ടി.എം.എൽ.സി.വിക്ക് വലിയ നേട്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അടിസ്ഥാന വികസന മേഖലയുടെ വികസനത്തിന് കേന്ദ്ര സർക്കാർ നൽകുന്ന പ്രാധാന്യവും ഇ-കൊമേഴ്സ് രംഗത്തെ കുതിപ്പും  കാരണം ഈ സാമ്പത്തിക വർഷം ആഭ്യന്തര വാണിജ്യ വാഹന വിപണി അഞ്ച് ശതമാനവും പുതിയ മോഡലുകൾ പുറത്തിറക്കുന്നതോടെ യാത്ര വാഹന വിൽപയിൽ 10 ശതമാനവും വളർച്ച കൈവരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നിലവിൽ 660 രൂപയിലാണ് ടാറ്റ മോട്ടോർസ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. യു.എസ് താരിഫ് വർധിപ്പിച്ചതിന് പിന്നാലെ ജാഗ്വർ ആൻഡ് ലാൻഡ് റോവിന്റെ യു.കെയിലെ ഫാക്ടറിക്ക് നേരെ സൈബർ ആക്രമണമുണ്ടായതും കമ്പനിക്ക് തിരിച്ചടിയായിട്ടുണ്ട്.

Tags:    
News Summary - Tata Motors demerger: stock falls on record date

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT