വിദേശനിക്ഷേപകരുടെ പിന്തുണയിൽ പുതിയ ഉയരങ്ങൾ കീഴടക്കാൻ ഓഹരിവിപണി

ബുൾ റാലിയിൽ പുതിയ ഉയരങ്ങൾ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്‌ സെൻസെക്‌സും നിഫ്‌റ്റി സൂചികയും. 2023 ൽ ഏഷ്യൻ രാജ്യങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഇന്ത്യൻ മാർക്കറ്റ്‌ വരും മാസങ്ങളിൽ വിദേശ പിന്തുണയിൽ വൻ കുതിപ്പ്‌ കാഴ്‌ച്ചവെക്കുമെന്ന പ്രതീക്ഷയിലാണ്‌ പ്രാദേശിക നിക്ഷേപകർ. പിന്നിടുന്ന വർഷം ബോംബെ സെൻസെക്‌സ്‌ 19 ശതമാനവും നിഫ്‌റ്റി സൂചിക 20 ശതമാനവും ഉയർന്നു.

പോയവാരം ബി.എസ്.ഇ 1133 പോയിന്റും എൻ.എസ്.ഇ സൂചിക 382 പോയിന്റും കയറി. സാധാരണ വർഷാന്ത്യം വിൽപ്പനയ്‌ക്ക്‌ മത്സരിക്കാറുള്ള വിദേശ ഓപ്പറേറ്റർമാർ ഇക്കുറി ഡിസംബറിൽ നിക്ഷേപത്തിന്‌ ഉത്സാഹിച്ചു. ഒറ്റ മാസത്തിൽ സെൻസെക്‌സ്‌ 5338 പോയിൻറ്റും നിഫ്‌റ്റി 1634 പോയിൻറ്റും ഉയർന്നു.

ബി.എസ്.ഇ മിഡ്ക്യാപ് സൂചിക 45 ശതമാനവും സ്മോൾ ക്യാപ് 47.5 ശതമാനവും ഉയർന്നു. റിയാലിറ്റി സൂചിക 79.5 ശതമാനം വർധിച്ചു. ക്യാപിറ്റൽ ഗുഡ്‌സ് 66.9 ശതമാനവും പി.എസ്.യു സൂചികകൾ 55.3 ശതമാനവും ഉയർന്നു. ഓയിൽ ആൻഡ് ഗ്യാസ്‌, ബാങ്കുകളും മികച്ച പ്രകടനം പോയ വർഷം കാഴ്ചവെച്ചു.

മുൻ നിര ഓഹരിയായ ടാറ്റാ മോട്ടേഴ്‌സ്‌ 7.7 ശതമാനവും എം ആൻറ്‌ എം അഞ്ച്‌ ശതമാനവും ഉയർന്നു. മാരുതി, ടാറ്റാ സ്‌റ്റീൽ, എൽ ആൻറ്‌ ടി, എച്ച്.യു.എൽ, എച്ച്.ഡി.എഫ്.സി ബാങ്ക്‌, ഐ.സി.ഐ.സി.ഐ ബാങ്ക്‌, ഇൻഡസ്‌ ബാങ്ക്‌, ആക്‌സിസ്‌ ബാങ്ക്‌, എസ്‌.ബി.ഐ, വിപ്രോ, എച്ച്.സി.എൽ, എൽ ആൻറ ടി, സൺ ഫാർമ്മ, ആർ.ഐ.എൽ ഓഹരികളിലും നിക്ഷേപകർ താൽപര്യം കാണിച്ചു.

നിഫ്‌റ്റി മുൻ വാരത്തിലെ 21,349ൽ നിന്നും 21,801ലേയ്‌ക്ക്‌ ഉയർന്ന അവസരത്തിൽ ഫണ്ടുകൾ ലാഭമെടുപ്പിന്‌ ഇറങ്ങിയതോടെ വാരാന്ത്യം 21,731 ലേയ്‌ക്ക്‌ താഴ്‌ന്നു. ക്രിസ്‌തുമസ്‌ അവധി മൂലം ഇടപാടുകൾ നാല്‌ ദിവസങ്ങളിൽ ഒതുങ്ങി. നിഫ്‌റ്റിക്ക്‌ ഈ വാരം 21,938 – 22,146 ൽ പ്രതിരോധവും 21,385 - 21,040 ൽ താങ്ങും പ്രതീക്ഷിക്കാം. നിഫ്‌റ്റി ഫ്യൂച്വറിൽ ഓപ്പൺ ഇൻറ്ററസ്റ്റ് തൊട്ട്‌ മുൻവാരം 158.5 ലക്ഷം കരാറുകളിൽ നിന്നും 142.5 ലക്ഷമായി താഴ്‌ന്നു. സൂചികയുടെ മുന്നേറ്റം കണ്ട്‌ ഊഹക്കച്ചവടക്കാർ വിൽപ്പനകൾ തിരിച്ചു വാങ്ങിയത്‌ ഓപ്പൺ ഇൻറ്റസ്‌റ്റ്‌ കുറയാൻ ഇടയാക്കി. ഇതോടെ വിപണിയിൽ ബുൾ ഓപ്പറേറ്റർമാർ കൂടുതൽ ശക്തരായി.

ബോംബെ സൂചിക 71,106 ൽ നിന്നും റെക്കോർഡായ 72,481 വരെ കയറിയ ശേഷം വാരാന്ത്യം 72,240 പോയിൻറ്റിലാണ്‌. ഈവാരം 71,184 ലെ താങ്ങ്‌ നിലനിർത്തി 72,889 ലേയ്‌ക്ക്‌ ഉയരാൻ ശ്രമം നടത്താം. ആദ്യ താങ്ങ്‌ നഷ്‌ടമായാൽ സൂചിക 70,129 ലേയ്‌ക്ക്‌ തളരാം.രൂപയുടെ മൂല്യത്തിൽ നേരിയ ചാഞ്ചാട്ടം. ഡോളറിന്‌ മുന്നിൽ 83.15 ൽ നിന്നും 83.34 ലേയ്‌ക്ക്‌ ദുർബലമായ ശേഷം വാരാന്ത്യം 83.20 ലാണ്‌. കഴിഞ്ഞ ജനുവരിയിൽ 80.94 ൽ നീങ്ങിയ രൂപയുടെ മൂല്യത്തിൽ ഒറ്റ വർഷത്തിൽ 226 പൈസയുടെ ഇടിവ്‌ സംഭവിച്ചു.

വിദേശ ഫണ്ടുകൾ കഴിഞ്ഞവാരം 8744 കോടി രുപയുടെ ഓഹരികൾ വാങ്ങി. ഒരു ദിവസം അവർ 95 കോടി രൂപയുടെ വിൽപ്പന നടത്തി. ആഭ്യന്തര ഫണ്ടുകൾ 858 കോടി രൂപയുടെ ഓഹരി നിക്ഷേപവും 192 കോടി രൂപയുടെ വിൽപ്പനയും നടത്തി.

അന്താരാഷ്‌ട്ര മാർക്കറ്റിൽ സ്വർണ വില 2023 ൽ 13 ശതമാനം ഉയർന്നു. ന്യൂയോർക്ക്‌ എക്‌സ്‌ചേഞ്ചിൽ ട്രോയ്‌ ഔൺസിന്‌ 1818 ഡോളറിൽ നിന്നും 2142 ഡോളർ വരെ ഉയർന്ന ശേഷം വർഷാന്ത്യം 2061 ഡോളറിലാണ്‌. ഒരു വർഷകാലയളവിൽ 243 ഡോളർ കയറി. ഡെയ്‌ലി ചാർട്ടിൽ സ്വർണം ബുള്ളിഷ്‌ ട്രൻറ്റിലാണ്‌. ജനുവരിയിൽ 2160 ഡോളറിന്‌ മുകളിൽ ഇടം പിടിക്കാൻ ശ്രമം നടത്താം. യു.എസ്‌ ഫെഡ്‌ പലിശ നിരക്കുകളിൽ ഈ വർഷം മൂന്ന്‌ തവണയെങ്കിലും ഇളവുകൾക്ക്‌ നീക്കം നടത്താം.

Tags:    
News Summary - Stock market to conquer new highs on support of foreign investors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT