ഓഹരി സൂചിക സാ​ങ്കേതിക തിരുത്തലിൽ; ദീപാവലിക്ക്​ മുന്നോടിയായി ഉയരുമെന്ന്​ പ്രതീക്ഷയിൽ നിക്ഷേപകർ

കൊച്ചി: കഴിഞ്ഞ ആഴ്ച ഓഹരി സൂചിക സാങ്കേതിക തിരുത്തലിൽ. മുൻ നിര ഓഹരികളിൽ ലാഭമെടുപ്പിനും പുതിയ ഷോട്ട്‌ പൊസിഷനുകൾക്കും ഒരു വിഭാഗം ഫണ്ടുകൾ ഉത്സാഹിച്ചത്‌ പ്രമുഖ ഇൻഡക്‌സുകൾ രണ്ടര ശതമാനം ഇടിയാൻ കാരണമായി. ഹെവിവെയിറ്റ്‌ ഓഹരികളിലെ വിൽപ്പന സമ്മർദ്ദം മൂലം ബോംബെ സൂചിക 1515 പോയിന്‍റും നിഫ്‌റ്റി 444 പോയിന്‍റും കഴിഞ്ഞവാരം താഴ്‌ന്നു, തുടർച്ചയായ രണ്ടാം വാരമാണ്‌ വിപണിക്ക്‌ തിരിച്ചടിനേരിടുന്നത്‌.

ഇന്ത്യൻ മാർക്കറ്റ്‌ ഓവർ വെയിറ്റായി മാറിയത്‌ വിദേശ ധനകാര്യസ്ഥാപനങ്ങളെ വിൽപ്പനക്ക്‌ പ്രേരിപ്പിച്ചു. ഒക്‌ടോബറിൽ വിദേശ ഓപ്പറേറ്റർമാർ 20,000 കോടി രൂപയുടെ ഓഹരികളാണ്‌ വിറ്റുമാറിയത്‌. വിദേശ ഫണ്ടുകൾ വിൽപ്പനയിൽ ശ്രദ്ധകേന്ദ്രകരിച്ചങ്കിലും ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ വാങ്ങലുകാരായി നിലകൊണ്ടത്‌ തുടർച്ചയായ റെക്കോർഡ്‌ കുതിപ്പിന്‌ അവസരം ഒരുക്കി. കഴിഞ്ഞ വാരം വിദേശ ഫണ്ടുകൾ 5142 കോടിയുടെ വിൽപ്പന നടത്തിയപ്പോൾ ആഭ്യന്തരഫണ്ടുകൾ 4342 കോടി രൂപ നിക്ഷേപിച്ചു.

മുൻ നിര ഓഹരികളായ എച്ച്‌.ഡി.എഫ്‌. സി, എസ്‌.ബി.ഐ, എച്ച്‌.യു.എൽ, സൺഫാർമ്മ, ബജാജ്‌ ഓട്ടോ, ടാറ്റാ മോട്ടേഴ്‌സ്‌, ആർ.ഐ.എൽ, ഇൻഫോസിസ്‌, ടി.സി.എസ്‌, എച്ച്‌.സി.എൽ, എയർടെൽ, എന്നിവയ്‌ക്ക്‌ തിരിച്ചടിനേരിട്ടപ്പോൾ ഐ.സി.ഐ.സി.ഐ ബാങ്ക്‌, ടാറ്റ സ്‌റ്റീൽ, ഡോ-റെഡീസ്‌, സിപ്ല, മാരുതി തുടങ്ങിയവയുടെ നിരക്ക്‌ ഉയർന്നു.

ബോംബെ ഓഹരി സൂചിക മുൻവാരത്തിലെ 60,821 പോയിൻറ്റിൽ നിന്ന്‌ തുടക്കത്തിൽ 61,500 റേഞ്ചിലേയ്‌ക്ക്‌ ചുവടുവെച്ചങ്കിലും ഉയർന്ന നിലവാരത്തിൽ സൂചിക കനത്ത വിൽപ്പനക്കാരെ അഭിമുഖീകരിക്കേണ്ടതായി വന്നു. മുൻ നിര ഓഹരികളിൽ ഒട്ടുമിക്കവയുടെയും നിരക്കിൽ ഇടിവ്‌ സംഭവിച്ചത്‌ കണ്ടിട്ടും തിരക്കിട്ട്‌ പുതിയ വാങ്ങലിന്​ ഓപ്പറേറ്റർമാർ ഉത്സാഹിച്ചില്ല. വിപണിയിൽ ഉടലെടുത്ത സാങ്കേതിക തിരുത്തൽ രുക്ഷമാക്കുമെന്ന സൂചനകൾ പലരെയും രംഗത്ത്‌ നിന്ന്‌ പിൻതിരിപ്പിച്ചു.

ഇതിനിടയിൽ സൂചിക 59,089 വരെ ഇടിഞ്ഞ ശേഷം വ്യാപാരാന്ത്യം 59,306 പോയിൻറ്റിലാണ്‌. മുൻവാരം സൂചിപ്പിച്ച 60,226 ലെ സപ്പോർട്ട്‌ നഷ്‌ടപ്പെട്ട സാഹചര്യത്തിൽ സൂചിക കൂടുതൽ പരിങ്ങലിൽ അകപ്പെടാൻ ഇടയുണ്ട്‌. ഈവാരം 58,425 ൽ ആദ്യ സപ്പോർട്ട്‌ നിലവിലുണ്ട്‌. മുന്നേറ്റത്തിന തുനിഞ്ഞാൽ 60,849 ൽ പ്രതിരോധം നേരിടാം. ഇത്‌ മറികടന്നാൽ 62,393 നെലക്ഷ്യമാക്കി ദീപാവലി വേളയിൽ സൂചിക സഞ്ചരിക്കാം.

നിഫ്‌റ്റി ഒരു വേള 18,328 വരെ കയറിയെങ്കിലും ഒക്‌ടോബർ സീരീസ്‌ സെറ്റിൽമെൻറ്‌ ഇടപാടുകാരെ ബാധ്യതകൾ കുറക്കാൻ പ്രേരിപ്പിച്ചത്‌ വിപണിയിൽചാഞ്ചാട്ടമുളവാക്കി. വിൽപ്പന സമ്മർദ്ദം മൂലം 17,613 ലേയ്‌ക്ക്‌ താഴ്‌ന്ന ശേഷം മാർക്കറ്റ്‌ ക്ലോസിങിൽ 17,671 പോയിൻറ്റിലാണ്‌. ഈ വാരം സൂചിക 17,413‐18,128 റേഞ്ചിൽ നീങ്ങാം. ഈ ടാർജറ്റിന്‌ പുറത്തു കടന്നാൽ വിപണിയുടെ ദിശയിൽ മാറ്റം സംഭവിക്കും.

ഫോറെക്‌സ്‌ മാർക്കറ്റിൽ രൂപ 74.99 ൽ നിന്ന്‌ വാരാരംഭത്തിൽ 75.15 ലേയ്‌ക്ക്‌ ദുർബലമായെങ്കിലും പിന്നീട്‌ വിനിമയ മൂല്യം 74.74ലേയ്‌ക്ക്‌ കരുത്തു കാണിച്ച ശേഷം വാരാന്ത്യം രൂപ 74.91 ലാണ്‌. അന്താരാഷ്‌ട്ര വിപണിയിൽ സ്വർണത്തിന്‌ തിരിച്ചടിനേരിട്ടു. ട്രോയ്‌ ഔൺസിന്‌ 1792 ഡോളറിൽ നിന്ന്‌ 1811 ഡോളർ വരെ കയറിയെങ്കിലും ക്ലോസിങിൽ 1782 ഡോളറിലാണ്‌.

Tags:    
News Summary - Stock market review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT