പുതുവർഷത്തിലെ ആദ്യവാരത്തിൽ നേട്ടത്തോടെ വിപണി

കൊച്ചി: ആഗോള ഓഹരി വിപണികൾ പുതു വർഷത്തിന്‍റെ ആദ്യവാരത്തിൽ വൻ നിക്ഷേപങ്ങളിലുടെ പുതിയ ഉയരങ്ങളിലേക്ക്​ കുതിച്ചു. യു.എസ്‌‐യുറോപ്യൻ മാർക്കറ്റുകളിലെ ആവേശം ഏഷ്യൻ ഓഹരി ഇൻഡക്‌സുകൾക്കും ഊർജം പകർന്നു. ഇന്ത്യൻ മാർക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരം ദർശിച്ച ആവേശത്തിൽ നീങ്ങുന്നതിനാൽ പുതിയ ബയ്യിങിന്‌ ഫണ്ടുകൾക്ക്‌ ഒപ്പം പ്രദേശിക നിഷേപകരും മത്സരിച്ചു. ബോംബെ സെൻസെക്‌സ്‌ 913 പോയന്‍റും നിഫ്‌റ്റി 328 പോയന്‍റും പ്രതിവാരനേട്ടത്തിലാണ്‌.

ക്രിസ്‌തുമസ്‌‐ന്യൂ ഇയർ ആഘോഷങ്ങൾക്ക്‌ ശേഷം ഈ വാരം ഇടപാടുകൾക്ക്‌ തുടക്കം കുറിച്ച യുറോപ്യൻ വിപണികളിൽ ഫണ്ടുകളും ഓപ്പറേറ്റർമാരും പുതിയ ബാധ്യതകൾ കൈപിടിയിൽ ഒതുക്കാൻ ഉത്സാഹിച്ചു, ഇത്‌ പ്രമുഖ ഇൻഡക്‌സുകളുടെ കുതിപ്പിന്‌ അവസരം ഒരുക്കി. ഇതിനിടയിൽ അമേരിക്കൻ രാഷ്‌ട്രീയത്തിലെ പിരിമുറുക്കങ്ങൾ അവസാനിച്ചത്‌ ഡൗ ജോൺസ്‌, നാസ്‌ഡാക്‌ സൂചികൾക്കും കരുത്ത്‌ സമ്മാനിച്ചു.

യുറോപ്യൻ വിപണികൾ രണ്ട്‌ മാസത്തിനിടയിലെ ഏറ്റവും മികച്ച പ്രതിവാര നേട്ടത്തിലാണ്‌. പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക നേട്ടം കൈവരിക്കാനായ വിവരം ജർമ്മൻ ഓഹരി സൂചികയായ ഡാക്സ് റെക്കോർഡ് തലത്തിലേയ്‌ക്ക്‌ ഉയർത്തി. ഏഷ്യയിലേയ്‌ക്ക്‌ തിരിഞ്ഞാൽ 2021 ലെ ആദ്യ വ്യാപാര വാരത്തിൽ ദക്ഷിണ കൊറിയൻ ഓഹരി സൂചികയായ കോസ്പി ഏകദേശം പത്ത്‌ ശതമാനം മികവ്‌ കാണിച്ചു.

ഇന്ത്യയിൽ വിദേശ നിക്ഷേപം കുമിഞ്ഞ്‌ കൂടുകയാണ്‌. വിദേശ ഓപ്പറേറ്റമാർ ഈ സാമ്പത്തിക വർഷം ഇതിനകം 30 ബില്യൻ ഡോളർ നിക്ഷേപിച്ചു. ഡോളർ പ്രവാഹം രൂപയ്‌ക്ക്‌ കരുത്ത്‌ പകർന്നതിനൊപ്പം ഓഹരി സൂചികയിലും മുന്നേറ്റമുണ്ടാക്കി. നടപ്പ്‌ സാമ്പത്തിക വർഷം നിഫ്‌റ്റി 67 ശതമാനം ഉയർന്നു.

തുടർച്ചയായ പത്താം വാരത്തിലും മികവ്‌ നിലനിർത്തുകയാണ്‌ ഇന്ത്യൻ വിപണി. ബുൾ ഇടപാടുകാരിൽ നിന്നുള്ള ശക്തമായ പിന്തുണയിൽ 47,869 ൽ നിന്ന്‌ സെൻസെക്‌സ്‌ മികവോടെയാണ്‌ ട്രേഡിങിന്‌ തുടക്കം കുറിച്ചത്‌. ഒരുവേള 47,594 ലേയ്‌ക്ക്‌ സൂചിക ചാഞ്ചാടിയ അവസരത്തിൽ വിദേശ നിക്ഷേപം കനത്തത്‌ മികവിന്‌ വഴിതെളിച്ചു. വാരാന്ത്യം സെൻസെക്‌സ്‌ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 48,854 വരെ ഉയർന്ന്‌ ട്രേഡിങ്‌ നടന്ന ശേഷം 48,782 പോയിന്‍റിൽ ക്ലോസ്‌ ചെയ്‌തു. മുൻവാരം സുചിപ്പിച്ച 48,497 ലെ പ്രതിരോധത്തിന്‌ മുകളിൽ ഇടം കണ്ടത്താനായത്‌ നേട്ടമായി ബുൾ ഇടപാടുകാർ വിലയിരുത്തുന്നു. ഈ വാരം 49,226 ലെ ആദ്യ തടസം മറികടന്നാൽ സൂചിക 49,670 നെ ലക്ഷ്യമാക്കി ചുവടുവെക്കാം. തിരുത്തൽ സംഭവിച്ചാൽ 47,966ൽ ആദ്യ താങ്ങുണ്ട്‌.

നിഫ്‌റ്റി സൂചിക പിന്നിട്ടവാരം 2.35 ശതമാനം വർധിച്ചു. ഒക്‌ടോബറിൽ 11,550 റേഞ്ചിൽ നിഫ്‌റ്റി ആരംഭിച്ച പ്രയാണം തുടരുകയാണ്‌. നിഫ്‌റ്റി 14,018 ൽ നിന്ന്‌ 14,367 വരെ കയറി റെക്കോർഡ്‌ സ്ഥാപിച്ച ദേശീയ സൂചിക വാരാവസാനം 14,347 പോയിന്‍റിലാണ്‌. കോർപറേറ്റ്‌ മേഖലയിൽ നിന്നുള്ള മൂന്നാം പാദത്തിലെ പ്രവർത്തന റിപ്പോർട്ടുകളുടെ വരവിനെ ഉറ്റ്‌നോക്കുകയാണ്‌ ഇന്ത്യൻ വിപണി. ഐ ടി, ഓട്ടോ വിഭാഗം സ്റ്റോക്കുകളുടെ നേതൃത്വത്തിലുള്ള റാലിയാണ്‌ വാരാന്ത്യം ആഭ്യന്തര വിപണിയെ പുതിയ ഉയരങ്ങളിലേക്ക്​ നയിച്ചത്‌.

മുൻ നിര ഓഹരിയായ ടാറ്റ സ്റ്റീൽ 713 രൂപയിലും ഒ.എൻ.‌ജി.‌സി 100, ആക്സിസ് ബാങ്ക് 672, ടെക് മഹീന്ദ്ര 1050, ടി.സി.എസ് 3120, എൽ ആൻറ്റ്‌റ്റി 1373, എം ആൻറ്‌ എം 770, ഭാരതി എയർടെൽ 540, എച്​.സി.‌എൽ ടെക്നോളജീസ് 994, മാരുതി സുസുക്കി 8014, സൺ ഫാർമ 620, ഇൻഫോസിസ് 1311, എച്​.ഡി.എഫ്​.സി 2653, ഐ.സി.ഐ.സി.ഐ ബാങ്ക് 542 രൂപയിലുമാണ്‌ വാരാന്ത്യം.

വിനിമയ വിപണിയിൽ രൂപയുടെ മൂല്യത്തിൽ നേരിയ ഇടിവ്‌ ദൃശ്യമായി. 73.12 ൽ നിന്ന്‌ രൂപ 73.31 ലേക്ക്​ നീങ്ങി.ക്രൂഡ്‌ ഓയിൽ ഉൽപാദനം കുറയ്ക്കാനുള്ള സൗദി അറേബ്യയുടെ നീക്കം ഉൽപ്പന്ന വിലയിൽ കുതിച്ചു ചാട്ടം സൃഷ്‌ടിച്ചു. സെപ്റ്റംബറിന്‌ ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര നേട്ടത്തിലാണ്‌ എണ്ണ വിപണി. ന്യൂയോർക്കിൽ എണ്ണ വില ബാരലിന്‌ 52.60 ഡോളറിലാണ്‌. അടുത്ത രണ്ട്‌ മാസങ്ങളിൽ പ്രതിദിന ഉൽപാദനത്തിൽ ഒരു ദശലക്ഷം ബാരൽ കുറയ്ക്കാനുള്ള നീക്കത്തിലാണ്‌ സൗദി.

Latest Video:

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT