പുതുവർഷത്തി​​െൻറ ആദ്യവാരത്തിൽ നേട്ടത്തോടെ വിപണി

കൊച്ചി: തകർപ്പൻ പ്രകടനത്തോടെ ഇന്ത്യൻ ഓഹരി ഇൻഡക്‌സുകൾ പുതു വർഷത്തി​െൻറ ആദ്യ വാരം അവിസ്‌മരണീയമാക്കി. ബോംബെ സെൻസെക്‌സും നിഫ്‌റ്റിയും മൂന്ന്‌ ശതമാനത്തിന്‌ അടുത്ത്‌ മുന്നേറിയപ്പോൾ ബാങ്ക്‌ നിഫ്‌റ്റി ആറ്‌ ശതമാനം കുതിച്ചു.

വിദേശ ഫണ്ടുകളുടെ മനം മാറ്റം ഓഹരി വിപണിയുടെ മുഖഛായ തന്നെ മാറ്റി മറിച്ചു. ഏതാനും മാസങ്ങളായി വിൽപ്പനയ്‌ക്ക്‌ മാത്രം മുൻ തൂക്കം നൽകിയ അവർ പുതുവർഷത്തി​െൻറ ആദ്യ വാരത്തിൽ വാങ്ങലുകാരായത്‌ നിഫ്‌റ്റിയെ 17,800 ന്‌ മുകളിലെത്തിച്ചു, സെൻസെക്‌സ്‌ 60,000 പോയിൻറ്​ മറികടന്നങ്കിലും വ്യാപാരാന്ത്യത്തിലെ പ്രോഫിറ്റ്‌ബുക്കിങിൽ അൽപ്പം തളർന്നു.

തുടർച്ചയായ മൂന്നാം വാരമാണ്‌ ഇന്ത്യൻ ഇൻഡക്‌സുകൾ തിളങ്ങുന്നത്‌. നാല്‌ മാസത്തിനിടയിലെ ഏറ്റവും മികച്ച പ്രതിവാര നേട്ടത്തിലാണ്‌ വിപണി. സെൻസെക്‌സ്‌ 1490 പോയിൻറും നിഫ്‌റ്റി 458 പോയിൻറും കയറി. പിന്നിട്ടവാരത്തിൽ സാമ്പത്തിക, എണ്ണ, പ്രകൃതി വാതക സ്റ്റോക്കുകളിൽ നിക്ഷേപ താൽപര്യം ശക്തമായിരുന്നു.

അതേ സമയം ഹെൽത്ത് കെയർ, ടെക്‌നോളജി വിഭാഗം ഓഹരികളിൽ വിൽപ്പന സമ്മർദ്ദമുണ്ടായി. വിദേശ ധനകാര്യസ്ഥാനപങ്ങൾ വർഷാന്ത്യം ഇന്ത്യൻ മാർക്കറ്റിൽ കാണിച്ച താൽപര്യം പുതുവർഷത്തി​െൻറ ആദ്യ വാരത്തിലും ആവർത്തിച്ചത്‌ നിക്ഷേപകരിൽ പ്രതീക്ഷ വളർത്തി. പിന്നിട്ടവാരം ഏകദേശം 3300 കോടി രൂപയുടെ ഓഹരികൾ വാങ്ങി. അവരുടെ നിക്ഷേപ

മനോഭാവത്തിലുണ്ടായ മാറ്റം മാത്രം വിലയിരുത്തിയിട്ട്‌ കാര്യമില്ല. കേന്ദ്രം ബജറ്റിന്‌ ഒരുങ്ങുകയാണ്‌. ഒരു കുതിപ്പ്‌ വിപണിയിൽ സൃഷ്‌ടിച്ച്‌ ഉയർന്ന തലത്തിൽ പുതിയ ഷോട്ട്‌ പൊസിഷനുകൾ സൃഷ്‌ടിക്കാൻ ഊഹകച്ചവടക്കാരുമായി ഫണ്ടുകൾ കൈകോർക്കാനിടയുണ്ട്‌.

മുൻ നിര ബാങ്കിങ്‌ ഓഹരികളായ എസ്‌.ബി.ഐ, എച്ച്‌.ഡി.എഫ്‌.സി, എച്ച്.ഡി.എഫ്‌.സി ബാങ്ക്‌, ഐ.സി.ഐ.സി.ഐ, ഇൻഡസ്‌ ബാങ്ക്‌, കോട്ടക്​ ബാങ്ക്‌ തുടങ്ങിയവ മികവ്‌ കാണിച്ചു. ബാങ്കിങ്‌ ഓഹരികളിലെ വാങ്ങൽ താൽപര്യം ബാങ്ക്‌ നിഫ്‌റ്റിക്ക്‌ ഉണർവ്‌ പകർന്നതിനൊപ്പം സൂചിക6.30 ശതമാനം പ്രതിവാര നേട്ടവും സ്വന്തമാക്കി.

ഒ.എൻ.ജി.സി, ബജാജ്‌ ഓട്ടോ, ടാറ്റാ സ്‌റ്റീൽ, കോൾ ഇന്ത്യാ, ഐ.ഒ.സി, ആർ.ഐ.എൽ, ടാറ്റാ മോട്ടേഴ്‌സ്‌, എച്ച്‌.യു.എൽ, ബി.പി.സി.എൽ തുടങ്ങിയവയും ശ്രദ്ധിക്കപ്പെട്ടു. അതേ സമയം ഇൻഫോസിസ്‌, സൺ ഫാർമ്മ, ഡോ: റെഡീസ്‌, സിപ്ല എന്നിവയ്‌ക്ക്‌ തിരിച്ചടിനേരിട്ടു.

സെൻസെക്‌സ്‌ മുൻ വാരത്തിലെ 58,253 ൽ നിന്നും നേട്ടത്തിലാണ്‌ വ്യാപാരത്തിന്‌ തുടക്കം കുറിച്ചത്‌. പുതു വർഷത്തിലെ വാങ്ങൽ താൽപര്യം സൂചികയെ 60,290 വരെ എത്തിച്ചെങ്കിലും ഉയർന്ന തലത്തിലെ ലാഭമെടുപ്പിൽ അൽപ്പം തളർന്ന്‌ വാരാന്ത്യം സൂചിക 59,744 പോയിൻറ്റിലാണ്‌. ഈവാരം 60,440 ലെ ആദ്യ പ്രതിരോധം തകർക്കാനായാൽ മാസമദ്ധ്യം പിന്നിടുന്നതോടെ 61,150 ലേയ്‌ക്ക്‌ ചുവടുവെക്കാം. വിപണിയുടെ താങ്ങ്‌ 58,890 റേഞ്ചിലാണ്‌. നിഫ്‌റ്റിക്ക്‌ മുൻ വാരം സൂചിപ്പിച്ച 17,600 ലെ പ്രതിരോധം മറികടക്കാനായത്‌ വാങ്ങലുകാരെ ആകർഷിച്ചു. സൂചിക 17,354 ൽ നിന്നും 17,930ലേയ്‌ക്ക്‌ അടുത്ത ശേഷം ക്ലോസിങിൽ 17,812പോയിൻറിലാണ്‌. ഫോറെക്‌സ്‌ മാർക്കറ്റിൽ രൂപയുടെ മൂല്യം 74.40 ൽ നിന്ന്‌ 74.71 ലേയ്‌ക്ക്‌ ദുർബലമായ ശേഷം വാരാന്ത്യം 74.46 ലാണ്‌.

വർഷാരംഭത്തിൽ രാജ്യാന്തര വിപണിയിൽ ബാരലിന്‌ 77.44 ഡോളറിൽ വിപണനം നടന്ന ക്രൂഡ്‌ ഓയിൽ പിന്നീട്‌ 82.99 ഡോളർ വരെ ഉയർന്ന ശേഷം വ്യാപാരാന്ത്യം 81.70 ഡോളറിലാണ്‌. എണ്ണ ഉൽപാദനം ഉയർത്തുന്നത്‌ സംബന്ധിച്ച്​ ഒപ്പെക്​ നിശബ്‌ദത പാലിച്ചത്‌ വിലക്കയറ്റത്തിന്‌ വഴിതെളിച്ചു. യു ‌എസ് ഫെഡ്‌ റിസർവ്‌ അടുത്ത രണ്ട്‌ മാസങ്ങളിൽ കൊവിഡ് കാലത്തെ ബോണ്ട്വാങ്ങലുകൾ അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്‌. ഈ വർഷം പലിശ നിരക്കുകളിൽ രണ്ടോ‐മൂന്നോ തവണകളിൽ ഭേദഗതികൾ അവർ വരുത്താം.

Tags:    
News Summary - Share market review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT