നാല് ദിവസത്തിനിടെ നിക്ഷേപകർക്ക് നഷ്ടമായത് ആറ് ലക്ഷം കോടി; ആടിയുലഞ്ഞ് ഓഹരിവിപണി

മുംബൈ: നാല് ദിവസത്തിനിടെ നിക്ഷേപകർക്ക് ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് നഷ്ടമായത് ആറ് ലക്ഷം കോടി. ബോംബെ സൂചിക സെൻസെക്സും ദേശീയ സൂചിക നിഫ്റ്റിയും തുടർച്ചയായ നാലാം ദിവസവും നഷ്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. ഇന്ന് സെൻസെക്സ് 600 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി 17,700 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്.

ബുധനാഴ്ച മാത്രം നിക്ഷേപകർക്ക് മൂന്ന് ലക്ഷം കോടിയുടെ നഷ്ടമുണ്ടായി. ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 262 ലക്ഷം കോടിയായി കുറഞ്ഞു. ദലാൽ സ്ട്രീറ്റിനെ തകർച്ചയിലേക്ക് തള്ളിവിടുന്ന പ്രധാന കാരണങ്ങൾ ഇവയാണ്.

ആഗോള വിപണികളിലെ ഇടിവ്

ആഗോള വിപണികളിലെ ഇടിവ് ഇന്ത്യൻ ഓഹരി സൂചികയേയും സ്വാധീനിക്കുന്നുണ്ട്. വാൾസ്ട്രീറ്റ് 2023ലെ ഏറ്റവും മോശം നിലയിലാണ് കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്. എസ്&പി സുചിക രണ്ട് ശതമാനം ഇടിഞ്ഞു. ഡൗ ജോൺസിന് 697 പോയിന്റ് നഷ്ടമുണ്ടായി. നാസ്ഡാക് 2.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഏഷ്യൻ വിപണികളും നഷ്ടത്തിൽ തന്നെയാണ് വ്യാപാരം നടത്തുന്നത്. ജപ്പാന്റെ നിക്കി 1.34 ശതമാനം നഷ്ത്തോടെ ഒരു മാസത്തിനിടയിലെ കുറഞ്ഞ നിലയിലാണ്.

ഫെഡ് റിസർവ് നയം

യു.എസ് കേന്ദ്രബാങ്ക് ഫെഡറൽ റിസർവിന്റെ ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റിയുടെ യോഗത്തിന്റെ മിനുട്സ് ഇന്ന് പുറത്തുവരും. കേന്ദ്രബാങ്ക് പലിശനിരക്ക് ഉയർത്തുന്നതുമായി ബന്ധപ്പെട്ട സൂചനകൾ മിനുട്സിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നിക്ഷേപകരെ കരുതലെടുക്കാൻ പ്രേരിപ്പിക്കുന്നു.

അദാനി ഗ്രൂപ്പ് ഓഹരികളുടെ വിൽപന

വിപണിയിലെ വിൽപന സമ്മർദ്ദം മറികടക്കാൻ ഇനിയും അദാനി ഗ്രൂപ്പിന് സാധിച്ചിട്ടില്ല. വിപണിയിൽ ലിസ്റ്റ് ചെയ്ത 10 അദാനി ഓഹരികളും നഷ്ടത്തിലാണ്. അദാനി എന്റർപ്രൈസാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടാക്കിയത്. 10 ശതമാനം നഷ്ടമാണ് അദാനി എന്റർപ്രൈസിന് ഉണ്ടായത്. ഇന്ന് മാത്രം 40,000 കോടിയുടെ നഷ്ടം അദാനി നിക്ഷേപകർക്കുണ്ടായി. അദാനി ഗ്രൂപ്പിനുണ്ടായ നഷ്ടവും വിപണിയെ കരടികളുടെ പിടിയിൽ പെടുത്തുന്നുണ്ട്.

ആർ.ബി.ഐ മിനുട്സ്

ആർ.ബി.ഐയുടെ പണനയ യോഗത്തിന്റെ മിനുട്സും വൈകാതെ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളിൽ ഓഹരി വിപണിയിൽ നിർണായകമാവുക ആർ.ബി.ഐയുടെ മിനുട്സാണ്.ഇതിനൊപ്പം വിദേശനിക്ഷേപകർ വിൽപ്പനക്കാരുടെ മേലങ്കിയണിഞ്ഞതും ബോണ്ടുകളിൽ നിന്നുള്ള ആദായം ഉയർന്നതും യുക്രെയ്ൻ-റഷ്യ യുദ്ധവും സാ​​ങ്കേതിക കാരണങ്ങളും ഓഹരി വിപണിയെ സ്വാധീനിക്കുന്നുണ്ട്.

Tags:    
News Summary - Rs 6 lakh crore gone in 4 days as Nifty bulls can't handle higher-for-longer stress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT