റബർ വിപണിയിൽ ആവേശം; കുരുമുളക് വില ഉയർന്നു

 സംസ്ഥാനത്തെ മുഖ്യ വിപണികളിൽനിന്നും റബർ ഷീറ്റും ലാറ്റക്‌സും സംഭരിക്കാൻ കമ്പനി സപ്ലെയർമാർ ​എത്ര ശ്രമിച്ചിട്ടും ആവശ്യാനുസരണം ഒരു ലോഡ്‌ ചരക്ക്‌ പോലും കൃത്യസമയത്ത്‌ സംഘടിപ്പിക്കാൻ അവർ പരക്കം പാഞ്ഞു. കുറഞ്ഞ വിലക്ക്‌ ചരക്ക്‌ കൈമാറില്ലെന്ന നിലപാടിൽ കാർഷിക മേഖല ഉറച്ചുനിന്നതോടെ ഗത്യന്തരമില്ലാതെ നിരക്ക്‌ ചെറിയതോതിൽ ഉയർത്തി. എന്നാൽ, ഉൽപാദകരുടെ ഉറച്ച നിലപാട്‌ വിലക്കയറ്റത്തിന്‌ തുടക്കം കുറിക്കാൻ അവസരം ഒരുക്കി.

വാരാരംഭത്തിൽ ആർ.എസ്‌.എസ്‌ നാലാം ഗ്രേഡ്‌ 17,100 രൂപയിൽ നിലകൊണ്ടെങ്കിലും വാരമധ്യം പിന്നിട്ടതോടെ സ്ഥിതിഗതി മാറി. ഇതിനിടയിൽ രാജ്യാന്തര റബർ വില കത്തിക്കയറിയ വിവരം പരന്നതുകണ്ട്‌ ടയർ ലോബി വില 18,000 ലേക്ക്‌ ഉയർത്തി. റബർ കയറ്റുമതിക്ക്‌ അഞ്ചുരൂപ ധനസഹായം പ്രഖ്യാപിച്ചത്‌ കയറ്റുമതിക്കാരെ ചരക്ക്‌ സംഭരണത്തിന്‌ പ്രേരിപ്പിക്കും. ആഭ്യന്തര അന്താരാഷ്‌ട്ര വിലയിലെ അന്തരം ക്വിൻറ്റലിന്‌ 4500 രൂപയായി ഉയർന്നത്‌ വിദേശ കച്ചവടങ്ങൾക്ക്‌ അവസരം ഒരുക്കാം. അഞ്ചുവർഷം മുമ്പ് ചൈനീസ്‌ വ്യവസായികൾമാത്രം ഏകദേശം 20,000 ടൺ റബർ ഇവിടെനിന്നു സംഭരിച്ച ചരിത്രമുണ്ട്‌. പുതിയ സാഹചര്യത്തിൽ കയറ്റുമതി ഇതി​ന്റെ ഇരട്ടിയാക്കി മാറ്റാനാവും. ജൂൺവരെയുള്ള കാലയളവിലെ കയറ്റുമതിക്കാണ്‌ സാമ്പത്തിക സഹായം.

വെളിച്ചെണ്ണ

ഈസ്‌റ്ററും വിഷുവും റമദാനും പ്രാദേശിക വിപണികളിൽ വെളിച്ചെണ്ണ ചൂടുപിടിക്കാൻ അവസരം ഒരുക്കും. കേരളത്തിലെയും അയൽ സംസ്ഥാനങ്ങളിലെയും കൊപ്രയാട്ട്‌ മില്ലുകാർ ഏറെ പ്രതീക്ഷകളോടെയാണ്‌ ഉത്സവദിനങ്ങളിലെ വില്പനയെ ഉറ്റുനോക്കുന്നത്‌. കൊച്ചിയിൽ വെളിച്ചെണ്ണക്ക്‌ 300 രൂപ ഉയർന്ന്‌ 13,900ലും കൊപ്ര 9300ലുമാണ്‌. കോഴിക്കോട്‌ എണ്ണ 15,600ലും കൊപ്ര 9650 രൂപയിലും വ്യാപാരം നടന്നു.

കുരുമുളക്

സംസ്ഥാനത്ത്‌ കുരുമുളക്‌ വിളവെടുപ്പ്‌ അവസാനഘട്ടത്തിലേക്ക്‌ നീങ്ങിയതോടെ ഉൽപാദകർ ചരക്ക്‌ നീക്കത്തിൽ നിയന്ത്രണം വരുത്തി. രണ്ടു മാസമായി പുതിയ ചരക്ക്‌ വില്പനക്ക്‌ ഇറക്കാൻ ഉത്സാഹിച്ച കർഷകർ വില തകർച്ച രൂക്ഷമായതോടെ ഒരു ചുവട്‌ പിന്നാക്കം വലിഞ്ഞു. ഈ മാസം കഴിയുന്നതോടെ ഉൽപാദന കേന്ദ്രങ്ങളിൽനിന്നുള്ള ചരക്ക്‌ വരവ്‌ കുറയുമെന്നത്‌ വിപണി പുതിയ ദിശയിലേയ്‌ക്ക്‌ തിരിയാൻ അവസരം ഒരുക്കും. ക്വിൻറ്റലിന്‌ 10,500 രൂപ ഇടിഞ്ഞ കുരുമുളക്‌ പിന്നിട്ട വാരത്തിൽ 1300 രൂപയുടെ തിരിച്ചുവരവ്‌ നടത്തി അൺ ഗാർബിൾഡ്‌ 50,500 രൂപയിൽ വ്യാപാരം നടന്നു.

ഏലം

ഏലം വിളവെടുപ്പ്‌ പൂർണമായി അവസാനിച്ച വേളയിൽ വിലക്കയറ്റത്തിനായി ഉറ്റുനോക്കിയ ഉൽപാദകരെ ഞെട്ടിച്ച്‌ ആറുമാസത്തെ താഴ്‌ന്ന തലത്തിലേക്ക്‌ സുഗന്ധറാണി തെന്നി വീണു. പിന്നിട്ടവാരം ശരാശരി ഇനങ്ങളുടെ വില കിലോ 1264 രൂപ വരെ താഴ്‌ന്നു. റംസാൻ, ഈസ്‌റ്റർ ആവശ്യങ്ങൾക്കുള്ള ഏലക്ക സംഭരണം പൂർത്തിയാക്കി കയറ്റുമതിക്കാർ രംഗംവിട്ട തക്കത്തിനാണ്‌ ഉല്പന്നത്തെ തളർത്തിയത്‌. ഇതിനിടയിൽ വേനൽ കനത്തതോടെ ഏലച്ചെടികൾ വാടുകയാണ്‌.

Tags:    
News Summary - Price of Black pepper Increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT