ലണ്ടൻ: യു.എസിന്റെ റഷ്യൻ ഉപരോധത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിക്കുന്നു. ബ്രെന്റ് ക്രൂഡിന്റെ ഫ്യൂച്ചർ നിരക്കുകളിൽ 4.3 ശതമാനം വർധനയുണ്ടായി. 65.30 ഡോളറായാണ് ബ്രെന്റ് ക്രൂഡിന്റെ വില ഉയർന്നത്. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിന്റെ വില 4.4 ശതമാന ഉയർന്ന് 61.06 ഡോളറിലെത്തി.
റഷ്യയുടെ രണ്ട് പ്രധാന എണ്ണക്കമ്പനികൾക്ക് നേരത്തെ ഡോണൾഡ് ട്രംപ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. യു.എസ്. റോസ്നെഫ്റ്റ്, ലുക്ഓയിൽ തുടങ്ങിയ റഷ്യയുടെ ഏറ്റവും വലിയ കമ്പനികൾക്കെതിരെയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉപരോധമേർപ്പെടുത്തിയത്. യു.എസ് ട്രഷറി സെക്രട്ടറി ചീഫ് സ്കോട്ട് ബെസന്റാണ് ഉപരോധ തീരുമാനം ബുധനാഴ്ച പ്രഖ്യാപിച്ചത്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് ആത്മാർത്ഥതയില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഹംഗറിയിലെ ബുഡപെസ്റ്റിൽ നടത്താനിരുന്ന ട്രംപ്-പുടിൻ ചർച്ച റദ്ദാക്കിയതിന് പിന്നാലെയാണ് ഉപരോധം.
അതേസമയം, യു.എസ് ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്നുള്ള ഇറക്കുമതി ഇന്ത്യൻ എണ്ണകമ്പനികൾ കുറക്കുമെന്നും റിപ്പോർട്ടുണ്ട്. റഷ്യയിൽ നിന്നും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നതിലൂടെ യു.എസ് നടപടി ക്ഷണിച്ച് വരുത്തുമെന്ന ഭയം ഇന്ത്യയിലെ പല എണ്ണ കമ്പനികൾക്കും ഉണ്ടെന്നാണ് റിപ്പോർട്ട്.
യുക്രെയ്ൻ യുദ്ധം തുടങ്ങിയതിന് ശേഷം റഷ്യക്കെതിരെ യു.എസ് പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ ഉപരോധമാണ് ഇന്ന് പ്രഖ്യാപിച്ചത്. യുക്രെയ്ൻ സമാധാനം നടപ്പാക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ ഉപരോധം പ്രഖ്യാപിക്കുന്നത് മാസങ്ങളോളം നീട്ടിവെച്ച ശേഷമാണ് ട്രംപിന്റെ നീക്കം. അതേസമയം, യുദ്ധം അവസാനിപ്പിക്കാൻ പുടിന് ഒരു താൽപര്യവുമില്ലെന്ന് കഴിഞ്ഞ വ്യാഴാഴ്ച അദ്ദേഹവുമായി ഫോണിൽ സംസാരിച്ച ട്രംപിന് ബോധ്യമായെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.