മുംബൈ: മാസങ്ങൾ നീണ്ട ചാഞ്ചാട്ടം അവസാനിപ്പിച്ച് ഓഹരി വിപണിയിൽ വൻ മുന്നേറ്റം. സുപ്രധാന ഓഹരി സൂചികയായ സെൻസെക്സും നിഫ്റ്റിയും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ. സെൻസെക്സ് 86,055.86 പോയന്റിലേക്കും നിഫ്റ്റി 26,310.45 പോയന്റിലേക്കും ഉയർന്നാണ് റെക്കോഡ് നേട്ടം കൈവരിച്ചത്. ആഗോള ഓഹരി വിപണിയുടെ ചുവടുപിടിച്ചാണ് 13 മാസങ്ങൾക്ക് ശേഷം പുതിയ കുതിപ്പ് ദൃശ്യമായത്. യു.എസിൽ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറക്കുമെന്ന സൂചനയും അന്താരാഷ്ട്ര വിപണിയിൽ ഡോളർ ഡിമാന്റ് കുറഞ്ഞതും ഓഹരി വിപണിക്ക് ഇന്ധനം പകരുകയായിരുന്നു. ഇനി ഇന്ത്യ-യു.എസ് വ്യാപാര കരാറിലും പലിശ നിരക്ക് കുറക്കാനുള്ള തീരുമാനത്തിലുമാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്. അടുത്ത മാസം റിസർവ് ബാങ്കും പലിശ നിരക്ക് കുറക്കുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷം സെപ്റ്റംബർ 27 ന് കൈവരിച്ച റെക്കോഡാണ് സെൻസെക്സും നിഫ്റ്റിയും ഭേദിച്ചത്. അന്ന് നിഫ്റ്റി 26,277. 35 എന്ന പോയന്റും സെൻസെക്സ് 85, 978 പോയന്റും ഉയർന്നിരുന്നു. വ്യാഴാഴ്ച സെൻസെക്സ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയായ 86,055.86 പോയന്റ് തൊട്ടു. നിഫ്റ്റി 26,310.45 എന്ന പോയന്റിലേക്കും ഉയർന്ന് നിക്ഷേപകർക്ക് ആവേശം പകരുകയായിരുന്നു. വിദേശ നിക്ഷേപകർ വൻ തോതിൽ ഓഹരി വാങ്ങിയത് കുതിപ്പ് ശക്തമാക്കി. ബുധനാഴ്ച 4,969.67 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപർ വാങ്ങിക്കൂട്ടിയത്. ആഭ്യന്തര നിക്ഷേപകർ 5,984.11 കോടി രൂപയും നിക്ഷേപിച്ചു.
ഡോളർ ഡിമാൻഡ് ഇടിയുന്നതിനാൽ ആഗോള തലത്തിൽ ഓഹരി അടക്കം റിസ്ക് വർധിച്ച ആസ്തികളാണ് നിക്ഷേപകർ വാങ്ങുന്നതെന്ന് ആക്സിസ് മ്യൂച്ച്വൽ ഫണ്ട് ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫിസർ ആശിഷ് ഗുപ്ത പറഞ്ഞു. ഇന്ത്യൻ ഓഹരി വിപണിയുടെ മുന്നേറ്റത്തിന് ഇതാണ് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. ഡോളർ ഡിമാൻഡ് കുറഞ്ഞാൽ വിദേശ നിക്ഷേപകർ ഇന്ത്യയടക്കമുള്ള വളർന്നു വരുന്ന ഓഹരി വിപണിയിലാണ് നിക്ഷേപിക്കുക.
ഈ വർഷം 2.15 ലക്ഷം കോടി ഡോളർ അതായത് 19.135 കോടി രൂപയുടെ ഓഹരി വിൽപനയാണ് വിദേശികൾ നടത്തിയത്. എന്നാൽ, യു.എസിൽ പലിശ നിരക്ക് കുറക്കുന്നതും ആഭ്യന്തര കമ്പനികളുടെ വരുമാനം മെച്ചപ്പെടുന്നതും വിദേശ നിക്ഷേപം തിരിച്ചുവരാൻ സഹായിക്കുമെന്നാണ് വിദഗ്ധരുടെ നിഗമനം. പലിശ നിരക്ക് കുറച്ചാൽ സുരക്ഷിത നിക്ഷേപമായ ബോണ്ടുകളിൽ ആദായം കുറയും. അതോടെ ബോണ്ടുകളിൽനിന്ന് വിദേശികൾ ഇന്ത്യ അടക്കമുള്ള വിദേശ ഓഹരി വിപണിയിലേക്ക് നിക്ഷേപം മാറ്റുമെന്ന് ക്വാണ്ടം മ്യൂച്ച്വൽ ഫണ്ട് മാനേജർ ജോർജ് തോമസ് പറഞ്ഞു.
അതേസമയം, യു.എസുമായുള്ള വ്യാപാര ചർച്ച പരാജയപ്പെട്ടാൽ അടുത്ത വർഷം അവസാനത്തോടെ വിപണിയിൽ കൂട്ടവിൽപനയുണ്ടാകുകയും നിഫ്റ്റി 23,200 എന്ന പോയന്റിലേക്ക് കൂപ്പുകുത്തുമെന്നും കൊട്ടക് സെക്യൂരിറ്റീസ് ഗവേഷണ വിഭാഗം തലവൻ ശ്രീകാന്ത് ചൗഹാൻ മുന്നറിയിപ്പ് നൽകി. വ്യാപാര കരാർ യാഥാർഥ്യമായാൽ 2026 ഡിസംബറോടെ നിഫ്റ്റ് 29,000 പോയന്റിലേക്ക് ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.