യു.എസ്-ഇറാൻ ആക്രമണം: ഈ ആഴ്ച എണ്ണവിലയിൽ 12 ശതമാനത്തോളം വർധന

യു. എസും ഇറാനും തമ്മിലുള്ള സൈനിക ആക്രമണങ്ങൾ ഗൾഫ് മേഖലയിൽ നിന്നും ചെങ്കടലിൽ നിന്നുമുള്ള കയറ്റുമതിയെ ബാധിച്ചേക്കുമെന്ന ആശങ്ക ശക്തമായതോടെ ക്രൂഡ് ഓയിൽ വിലയിൽ വൻ വർധന.

0118 GMT-ലെ കണക്കനുസരിച്ച് ബ്രെന്‍റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 1.25 ശതമാനം ഉയർന്ന് ബാരലിന് 85.28 ഡോളറിലെത്തി. യു.എസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ഫ്യൂച്ചേഴ്സ് 1.3 ശതമാനം ഉയർന്ന് ബാരലിന് 79.98 ഡോളറിലും എത്തി.

രണ്ട് സൂചികകളിലും ഈ ആഴ്ച ഏകദേശം 12 ശതമാനത്തോളം വർധനയാണ് ഉണ്ടായിരിക്കുന്നത്. ബ്രെന്‍റ് ക്രൂഡ് തുടർച്ചയായ മൂന്നാം ആഴ്ചയും WTI തുടർച്ചയായ രണ്ടാം ആഴ്ചയുമാണ് വർധന രേഖപ്പെടുത്തുന്നത്. 

യു.എസ്-ഇറാൻ ആക്രമണങ്ങൾ വിതരണ ആശങ്കകൾ വീണ്ടും ഉണർത്തുന്നു

കഴിഞ്ഞ മാസം യുദ്ധം താൽക്കാലികമായി നിർത്താൻ കാരണമായ ധാരണാപത്രത്തിന് ശേഷമുള്ള ആദ്യത്തെ വലിയ സംഘർഷത്തിന് തുടക്കമിട്ട് ഇറാനെതിരെ യു.എസ് പുതിയ വ്യോമാക്രമണം നടത്തിയതോടെ എണ്ണ വിപണി ഉലഞ്ഞു.

പ്രധാനമായും ഇറാന്‍റെ തെക്കൻ തീരത്തിനടുത്തുള്ള പ്രദേശങ്ങളെയാണ് ഇവ ലക്ഷ്യമിട്ട് ബുധനാഴ്ച യു.എസ് രണ്ട് വലിയ വ്യോമാക്രമണങ്ങൾ നടത്തി. വ്യാഴാഴ്ചയും ഈ സൈനിക നടപടികൾ തുടർന്നു.

ഇറാന്‍റെ സൈനിക ശേഷി കുറക്കുക എന്ന ലക്ഷ്യത്തോടെ യു.എസ് സേന തുടർച്ചയായ ആറാം ദിവസവും ഇറാനെതിരെ പുതിയ ആക്രമണങ്ങൾ നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ജോർദാനിലെ അടുത്തിടെ വികസിപ്പിച്ച വ്യോമതാവളത്തിന് നേരെയുണ്ടായ ആക്രമണം ഉൾപ്പെടെ, അയൽരാജ്യങ്ങളിലെ യു.എസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ഇറാൻ ഇതിന് മറുപടി നൽകിയത്. ഈ സംഘർഷം കൂടുതൽ വ്യാപിക്കുമെന്നും ഊർജ സമ്പന്നമായ ഗൾഫിലെ എണ്ണ ഉൽപ്പാദനത്തെയും കയറ്റുമറ്റിയെയും ഷിപ്പിങ് പാതകളെയും ബാധിക്കുമെന്നും ഉള്ള ഭീതി ഇത് വർധിപ്പിച്ചു.

ഹുർമുസ് കടലിടുക്കും ചെങ്കടലും ശ്രദ്ധാകേന്ദ്രം

ആഗോള ഊർജ വിപണികളെ സംബന്ധിച്ചിടത്തോളം ഹുർമുസ് കടലിടുക്ക് തന്നെയാണ് ഏറ്റവും വലിയ ആശങ്കയായി തുടരുന്നത്. ഇടുങ്ങിയ ജലപാതയിലൂടെയുള്ള ടാങ്കർ ഗതാഗതത്തിന് ഉണ്ടാകുന്ന ഏതൊരു തടസവും ആഗോള എണ്ണ വിതരണത്തെ സാരമായി ബാധിക്കുകയും വില വീണ്ടും ഉയർത്തുകയും ചെയ്യും.

വിതരണ ആശങ്കകൾക്ക് ആക്കം കൂട്ടിക്കൊണ്ട്, യു.എസ് ആക്രമണങ്ങൾ ഇറാന്‍റെ പവർ ഇൻഫ്രാസ്ട്രക്ചറിനെ  ലക്ഷ്യമിടുകയാണെങ്കിൽ ചെങ്കടൽ എണ്ണപ്പാത അടച്ചുപൂട്ടാൻ തയ്യാറാകാൻ ഇറാന്‍റെ നേതൃത്വം അവരുടെ ഹൂതി സഖ്യകക്ഷികൾക്ക് നിർദ്ദേശം നൽകിയതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ബാബ് എൽ-മന്ദേബ് കടലിടുക്ക് ഉൾപ്പെടെയുള്ള ചെങ്കടൽ പാത, മിഡിൽ ഈസ്റ്റിനെ യൂറോപ്പുമായും ഏഷ്യയുമായും ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന ഷിപ്പിങ് ഇടനാഴിയാണ്. ഇതുവരെ വലിയ തടസങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും, സംഘർഷത്തിന്‍റെ അടുത്ത ഘട്ടത്തെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങൾക്കിടയിൽ വ്യാപാരികൾ ഉയർന്ന റിസ്ക് കണക്കിലെടുത്താണ് വ്യാപാരം നടത്തുന്നത്.

എണ്ണവില ഇനിയും ഉയർന്നേക്കും

സംഘർഷം ഇനിയും വഷളായാൽ ക്രൂഡ് ഓയിൽ വില കൂടുതൽ ഉയർന്നേക്കുമെന്ന് വിശകലന വിദഗ്ദർ പറയുന്നു. WTI വില മിഡ്-$70 (70 ഡോളറുകളുടെ മധ്യത്തിൽ) സപ്പോർട്ട് ലെവലിന് മുകളിൽ തുടരുകയാണെങ്കിൽ, അത് മിഡ്-$80 (80 ഡോളറുകളുടെ മധ്യത്തിലേക്ക്) വരെ ഉയർന്നേക്കാമെന്ന് ഐ.ജി (IG) അനലിസ്റ്റുകൾ പറയുന്നത്

എന്നാൽ ഈ വിലക്കയറ്റം നിലനിൽക്കുമോ എന്നത്, ഈ സംഘർഷം വെറും സൈനിക ആക്രമണങ്ങളിൽ ഒതുങ്ങാതെ എണ്ണ വിതരണ തടസങ്ങളിലേക്ക് നീങ്ങുമോ എന്നതിനെ ആശ്രയിച്ചിരിക്കും. ചരിത്രപരമായി, മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളോട് എണ്ണ വിപണികൾ ശക്തമായി പ്രതികരിക്കാറുണ്ട്, എന്നാൽ ഉൽപ്പാദനത്തെയും ഷിപ്പിങിനെയും ബാധിച്ചില്ലെങ്കിൽ വില പിന്നീട് കുറയാറുമുണ്ട്.

Tags:    
News Summary - crude price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.