ന്യൂഡൽഹി: യു.എസ് ഇറാൻ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ക്രൂഡ് ഓയിൽ വിലയിൽ വൻ വർധനവ്. ഇന്ന് എണ്ണ വില ഏകദേശം 2% ഉയർന്ന് നാലാഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ബ്രെന്‍റ് ക്രൂഡിന് 1.68 ഡോളർ വർധിച്ച് ബാരലിന് 84.98 ഡോളറായി. ഇന്നലെ 9.6% ഉയർന്ന് 2020 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും വലിയ നേട്ടത്തിൽ ബ്രെന്‍റ് എത്തിയിരുന്നു. ഡബ്യു.ടി.ഐ 1.65 ഡോളർ ഉയർന്ന് ബാരലിന് 79.79 ഡോളറിലെത്തി.
ഇന്ധന വിതരണത്തെക്കുറിച്ചുള്ള ആഗോള ആശങ്കകളാണ് എണ്ണവില കുതിച്ചുയരാനുള്ള പ്രധാന കാരണം. ഇറാനിയൻ കപ്പലുകൾക്ക് മേൽ യു.എസ് വീണ്ടും നാവിക ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ചൊവ്വാഴ്ച വൈകുന്നേരം 4 മണി (ന്യൂയോർക്ക് സമയം) മുതൽ ഇറാനിയൻ തുറമുഖങ്ങളിലും തീരപ്രദേശങ്ങളിലും അമേരിക്കൻ സെൻട്രൽ കമാൻഡ് ഉപരോധം നടപ്പിലാക്കും. ഹുർമുസ് കടലിടുക്കിലെ തെക്കൻ പാതയിൽ വെച്ച് യു.എ.ഇയുടെ രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെ ഇറാനിയൻ ക്രൂയിസ് മിസൈൽ ആക്രമണം ഉണ്ടായതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒമാൻ തീരത്തുവെച്ചുണ്ടായ ഈ ആക്രമണത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരൻ മരിക്കുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുവൈത്തിലെ യു.എസ് ആസ്തികൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. കൂടാതെ, ഇറാൻ തങ്ങളുടെ സൈനിക നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
സംഘർഷങ്ങൾക്കിടയിലും യു.എ.ഇ തങ്ങളുടെ എണ്ണ ഉൽപ്പാദനം മെയ് മാസത്തിലെ 1.71 ദശലക്ഷം ബാരലിൽ നിന്ന് ജൂണിൽ 3.8 ദശലക്ഷം ബാരലായി ഉയർത്തിയിരുന്നു. യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ എണ്ണ, പ്രകൃതിവാതക ഉപഭോക്താക്കൾക്ക് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തുന്ന നിയമനിർമാണത്തിന് ട്രംപ് പിന്തുണ നൽകിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഹുർമുസ് കടലിടുക്കിന്‍റെ സംരക്ഷണച്ചെലവ് അവിടെയുള്ള രാജ്യങ്ങളിൽ നിന്ന് ഈടാക്കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.