യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമാകുന്നതോടെ ഇന്ത്യൻ വിപണിയിൽ വലിയ മാറ്റങ്ങളാണ് വരാനിരിക്കുന്നത്. 18 വർഷത്തെ കാത്തിരിപ്പിന് ശേഷം ഒപ്പുവെച്ച ചരിത്രപ്രധാനമായ കരാറിനെ ‘വ്യാപാര കരാറുകളുടെ മാതാവ്’ എന്നാണ് യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ വിശേഷിപ്പിച്ചത്. കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയിൽ വില കുറയാൻ പോകുന്ന പ്രധാന വസ്തുക്കളും സേവനങ്ങളും താഴെ പറയുന്നവയാണ്.
നിലവിൽ യൂറോപ്പിൽനിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 100 ശതമാനത്തിലധികം ഇറക്കുമതി തീരുവ നൽകണം. പുതിയ കരാർ പ്രകാരം 15,000 യൂറോക്ക് (ഏകദേശം 16 ലക്ഷം രൂപ) മുകളിൽ വിലയുള്ള കാറുകളുടെ നികുതി 40 ശതമാനമായി കുറയും. ഭാവിയിൽ ഇത് ഘട്ടംഘട്ടമായി 10 ശതമാനം വരെയായി കുറയും. ഇതിലൂടെ ആഡംബര കാറുകളുടെ വിലയിൽ ലക്ഷക്കണക്കിന് രൂപയുടെ കുറവുണ്ടാകും. ഇന്ത്യൻ വാഹന വിപണിയെ സംരക്ഷിക്കുന്നതിനായി 25 ലക്ഷം രൂപയിൽ താഴെ വിലയുള്ള ചെറുകാറുകൾ യൂറോപ്യൻ രാജ്യങ്ങൾ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യില്ല. പകരം അവ ഇന്ത്യയിൽ തന്നെ നിർമിക്കാൻ അവർക്ക് സാധിക്കും.
യൂറോപ്പിലെ അത്യാധുനിക ആരോഗ്യ സാങ്കേതികവിദ്യയുടെ ഗുണഫലങ്ങൾ ഇനി ഇന്ത്യക്കാർക്ക് കുറഞ്ഞ ചെലവിൽ ലഭിക്കും. ക്യാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്കുള്ള മരുന്നുകളുടെ വില കുറയും. യൂറോപ്പിൽനിന്ന് ഇറക്കുമതി ചെയ്യുന്ന മെഡിക്കൽ ഉപകരണങ്ങളുടെയും സ്കാനിങ് മെഷീനുകളുടെയും വില കുറയും. ഇതോടൊപ്പം ഇന്ത്യയിൽ നിർമിക്കുന്ന മരുന്നുകൾക്ക് 27 യൂറോപ്യൻ രാജ്യങ്ങളിലെ വിപണിയിലേക്ക് എളുപ്പത്തിൽ പ്രവേശനം ലഭിക്കും.
വിമാനങ്ങളുടെ സ്പെയർ പാർട്സുകൾ, മൊബൈൽ ഫോണുകൾ, ഹൈ-ടെക് ഇലക്ട്രോണിക് സാധനങ്ങൾ എന്നിവയുടെ നികുതി ഒഴിവാക്കും. ഇത് ഇന്ത്യയിൽ മൊബൈൽ ഫോണുകളുടെയും മറ്റ് ഗാഡ്‌ജെറ്റുകളുടെയും നിർമാണച്ചെലവ് കുറക്കാനും ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ അവ ലഭ്യമാകാനും സഹായിക്കും.
ഇരുമ്പ്, സ്റ്റീൽ, കെമിക്കൽ ഉൽപന്നങ്ങൾ എന്നിവക്ക് ‘സീറോ താരിഫ്’ അഥവാ നികുതിയില്ലാത്ത വ്യാപാരം നിർദേശിച്ചിട്ടുണ്ട്. നിർമാണ മേഖലയിലെ അസംസ്കൃത വസ്തുക്കളുടെ വില കുറയുന്നത് വഴി വീട് നിർമാണ ചിലവിലും വ്യവസായ യൂണിറ്റുകളുടെ ചെലവിലും വലിയ ആശ്വാസം ലഭിക്കും. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള വൈനുകൾക്കും മദ്യത്തിനും നിലവിൽ 150 ശതമാനം നികുതിയുണ്ട്. ഇത് 20 ശതമാനമായി കുറക്കും.
കരാർ നിലവിൽ വരുന്നതോടെ ഇന്ത്യൻ കയറ്റുമതിക്കാർക്ക് യൂറോപ്പിലെ വലിയ വിപണി തുറന്നുകിട്ടും. ഇന്ത്യയിൽ നിർമിക്കുന്ന വസ്ത്രങ്ങൾ , തുകൽ ഉൽപന്നങ്ങൾ, ആഭരണങ്ങൾ എന്നിവക്ക് യൂറോപ്പിൽ മികച്ച വിപണി ലഭിക്കാൻ ഇത് സഹായിക്കും. ചുരുക്കത്തിൽ, ഉപഭോക്താക്കൾക്ക് ഇറക്കുമതി ചെയ്ത ഉൽപന്നങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കുന്നതിനൊപ്പം ഇന്ത്യൻ നിർമാണ മേഖലക്കും കയറ്റുമതിക്കും വലിയ ഉത്തേജനം നൽകുന്നതാണ് ഈ കരാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.