ചൂട് കൂടി, ഡിമാൻഡും കൂടി; എ.സി വില വർധിപ്പിച്ച് കമ്പനികൾ

ന്യൂ ഡൽഹി: വേനൽക്കാലം കടുക്കുന്നു. ദൈനംദിനം ചൂട് വർധിക്കുന്നതിനൊപ്പം എ.സി വിൽപനയും വർധിച്ചു. ഡിമാൻഡ് കൂടുന്നതിനൊപ്പെ എ.സിയുടെ വിലയും വർധിക്കുകയാണ്. അസംസ്കൃത വസ്തുക്കളുടെ വില വർധിച്ചതാണ് വിലക്കയറ്റത്തിന്‍റെ പ്രധാന കാരണം. അഞ്ച് മുതൽ 50 ശതമാനം വരെയാണ് കമ്പനികൾ വില കൂട്ടിയത്.

ഡെയ്കിൻ, വോൾട്ടാസ്, ബ്ലൂ സ്റ്റാർ, എൽ.ജി, ഹെയർ, മിത്സുബിഷി എന്നിവയുൾപ്പെടെയുള്ള മുൻനിര കമ്പനികളാണ് മോഡലുകൾക്ക് വില വർധനവ് പ്രഖ്യാപിച്ചത്. ചെമ്പ് പോലുള്ള പ്രധാന അസംസ്കൃത വസ്തുക്കളുടെ വില വർധിച്ചത്, ദുർബലമായ രൂപ, പുതിയ ഊർജ-കാര്യക്ഷമത മാനദണ്ഡങ്ങൾ, ചരക്ക് ഇറക്കുമതി ചെലവുകളിലെ വർധനവ് എന്നിവയും വിലവർധനവിന് കാരണമായി.

വില വർധിച്ചാലും വിൽപനയിൽ കുതിപ്പ് തുടരുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ. വൈദ്യുതി ചെലവ് കുറക്കുന്ന ഉയർന്ന സ്റ്റാർ റേറ്റിങുകളുള്ള മോഡലുകൾക്കാണ് കൂടുതൽ ആവശ്യക്കാർ. ഡെയ്കിൻ ഇന്ത്യ ഏപ്രിൽ മുതൽ 12% വരെ വില വർധിപ്പിക്കുമെന്നും മോഡലുകൾക്കനുസരിച്ച് വില വർധനവിൽ മാറ്റമുണ്ടാകുമെന്നും അറിയിച്ചു.

ഫെബ്രുവരി മധ്യത്തിൽ കമ്പനി ഇതിനകം 8-10% വില വർദ്ധനവ് കൈക്കൊണ്ടിട്ടുണ്ടെന്ന് ബ്ലൂ സ്റ്റാർ മാനേജിംഗ് ഡയറക്ടർ ബി ത്യാഗരാജൻ പറഞ്ഞു. എന്നിരുന്നാലും പഴയ വിലയിലുള്ള എ.സികൾ ഇപ്പോഴും വിപണിയിലുണ്ട്.

ഈ വർഷം മുൻ വർഷങ്ങളേക്കാൾ താപനില ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് എ.സികളുടെ ആവശ്യകത വർധിപ്പിക്കാനിടയാക്കും. അതിനാൽ വേനൽക്കാലത്തിന് മുമ്പ് തന്നെ വില ക്രമീകരണം നടത്തുകയാണ് കമ്പനികൾ.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ എ.സികളുടെ ജി.എസ്.ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചതിനെ തുടർന്ന് കമ്പനികൾ വില കുറച്ചിരുന്നു. എന്നാൽ അസംസ്കൃത വസ്തുക്കളുടെ വില ഉയർന്നതും വിപണിയിൽ ഡിമാൻഡ് കൂടുകയും ചെയ്തതോടെയാണ് കമ്പനികൾ വില വർധിപ്പിക്കുന്നത്. 

Tags:    
News Summary - Heat Rises, Demand Surges; Companies Increase AC Prices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2026-03-10 06:34 GMT