ഓഹരി വിപണിയിൽ വൻ തകർച്ച: നിക്ഷേപകർക്ക് 7 ലക്ഷം കോടിയിലധികം രൂപ നഷ്ടം
ഓഹരി വിപണിയിൽ വൻ തകർച്ച. വ്യാഴാഴ്ചത്തെ ഇൻട്രാഡേ ട്രേഡിങ്ങിൽ നിഫ്റ്റി 1.11 ശതമാനവും സെൻസെക്സ് 700 ഓളം പോയിന്റും ഇടിഞ്ഞു. ക്രൂഡ് ഓയിൽ വിലയിലെ അസ്ഥിരത, ഉയർന്ന യു.എസ് ട്രഷറി ബോണ്ട് ഈൽഡ്, വിദേശ സ്ഥാപന നിക്ഷേപകരുടെ വിൽപന, രൂപയുടെ മൂല്യത്തകർച്ച, ആർ.ബി.ഐ റിപ്പോ നിരക്ക് വർധനവ് എന്നിവയാണ് ഓഹരി വിപണിയെ താഴേക്ക് നയിച്ചത്.
അതേസമയം, ടാറ്റ കൺസൾട്ടൻസി സർവിസസിന്‍റെ രണ്ടാം പാദ സാമ്പത്തിക ഫലത്തിനായി ഓഹരി വിപണി നിക്ഷേപകർ കാത്തിരിക്കുകയാണ്. ഐ.ടി ഭീമനായ ടി.സി.എസ് രണ്ടാം പാദ (Q2FY27) ഫലം വിപണി സമയം അവസാനിച്ച ശേഷം പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12:16ഓടെ നിഫ്റ്റി 50 സൂചിക 1.08% ഇടിഞ്ഞ് 22,359 പോയിന്റിലാണ് വ്യാപാരം നടത്തിയിരുന്നത്. ബി.എസ്.ഇ സെൻസെക്സ് 755 പോയിന്റ് ഇടിഞ്ഞ് 71,883ൽ എത്തിയിരുന്നു.
ഇന്ന് നിഫ്റ്റിക്കും സെൻസെക്സിനും സംഭവിച്ചത്?
ആർ.ബി.ഐയുടെ കർശന നിലപാടാണ് ഇന്ന് ഇന്ത്യൻ ഓഹരി വിപണിയിലെ തകർച്ചക്ക് പ്രധാന കാരണം. 2023 ഫെബ്രുവരിക്ക് ശേഷം ആദ്യമായി ബുധനാഴ്ച റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ 25 ബേസിസ് പോയിന്‍റ് വർധനവ് വരുത്തിയിരുന്നു. റിപ്പോ നിരക്കിൽ വരുത്തിയ 25 ബേസിസ് പോയിന്റിന്റെ വർധനവ് വിപണിയിലെ പണലഭ്യതയെക്കുറിച്ചും വായ്പാ ചെലവുകളെക്കുറിച്ചും നിക്ഷേപകരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ആഗോള വിപണികളും സമ്മർദ്ദത്തിലായതോടെ നിക്ഷേപകർ കരുതലോടെയുള്ള നിലപാടിലേക്ക് മാറി. ഹ്രസ്വകാലയളവിൽ അസ്ഥിരത ഉയർന്നുതന്നെ നിൽക്കും. വിപണിയുടെ തുടർന്നുള്ള പോക്ക് പാദവാർഷിക ഫലങ്ങൾ, ക്രൂഡ് ഓയിൽ വില, ആർ.ബി.ഐ നിലപാടുകൾ എന്നിവയെ ആശ്രയിച്ചിരിക്കും,.
യു.എസ് ബോണ്ട് ഈൽഡ്
10 വർഷത്തെ യു.എസ് ട്രഷറി ബോണ്ട് ഈൽഡ് 5.3 ശതമാനത്തിന് അടുത്താണ് നിൽക്കുന്നത്. ഇത് വിദേശ നിക്ഷേപകർക്ക് ആകർഷകമായ നിക്ഷേപ ബദലാണ്. അതിനാൽ ഉയർന്ന ബോണ്ട് ഈൽഡും വിദേശ നിക്ഷേപകരുടെ വിൽപന സമ്മർദ്ദവും ഇന്ത്യൻ ഓഹരി വിപണിക്ക് തിരിച്ചടിയാകുന്നു.
ക്രൂഡ് ഓയിൽ വില
ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 103 ഡോളറിലേക്ക് ഉയർന്നതോടെ കഴിഞ്ഞ രണ്ടാഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഇറാന് നേരെ പുതിയ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് ഡോണൾഡ് ട്രംപ് സൂചന നൽകിയെന്ന റിപ്പോർട്ടുകളെ തുടർന്നാണ് ക്രൂഡ് ഓയിൽ വില ഉയർന്നത്. ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പായി ഇറാനെതിരെ നടത്താൻ കഴിയുന്ന സൈനിക നീക്കങ്ങൾ തയ്യാറാക്കാൻ ട്രംപ് ഭരണകൂടം പെന്‍റഗണിന് നിർദ്ദേശം നൽകിയതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
7 ലക്ഷം കോടിയിലധികം രൂപയുടെ നഷ്ടം
നിഫ്റ്റിയിലെയും സെൻസെക്സിലെയും കുത്തനെയുള്ള ഇടിവ് കാരണം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യത്തിൽ നിന്ന് 7 ലക്ഷം കോടിയിലധികം രൂപ തുടച്ചുനീക്കപ്പെട്ടു. അദാനി എന്റർപ്രൈസസ്, ഐ.ടി.സി, ജെ.എസ്.ഡബ്ല്യു സ്റ്റീൽ, അദാനി പോർട്ട്സ്, മാക്സ് ഹെൽത്ത്, എസ്.ബി.ഐ ലൈഫ്, അപ്പോളോ ഹോസ്പിറ്റൽ തുടങ്ങിയവയാണ് ഇന്ന് നിഫ്റ്റി 50ൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട ഓഹരികൾ. അതേസമയം ഇൻഫോസിസ്, എച്ച്.സി.എൽ ടെക്, ടെക് മഹിന്ദ്ര, ടൈറ്റൻ, നെസ്‌ലെ ഇന്ത്യ, ട്രെന്റ്, എച്ച്.ഡി.എഫ്.സി ലൈഫ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.