എരുമ ഇറച്ചി കയറ്റുമതി കുതിക്കുന്നു; ഇന്ത്യയിൽ പാലിനും വില കൂടുന്നു
ന്യൂഡൽഹി: എരുമ ഇറച്ചി കയറ്റുമതി വർധിക്കുന്നതിനൊപ്പം ഇന്ത്യയിലെ പാലിന്റെ വിലയിലും അതിന്റെ പ്രതിഫലനം. 2025-26 സാമ്പത്തിക വർഷത്തിൽ എരുമ ഇറച്ചി കയറ്റുമതിയിലൂടെ ഇന്ത്യ 5.1 ബില്യൺ ഡോളർ നേടിയതായി യു.എസ് കാർഷിക വകുപ്പിന്റെ (USDA) റിപ്പോർട്ട്. മുൻവർഷത്തേക്കാൾ 25.6 ശതമാനമാണ് കയറ്റുമതി വരുമാനത്തിലെ വർധന.
ഇന്ത്യയിലെ കന്നുകാലി-എരുമകളുടെ എണ്ണം ഏകദേശം 30.7 കോടിയിൽ തുടരുമ്പോഴും കശാപ്പ് ചെയ്യുന്ന മൃഗങ്ങളുടെ എണ്ണം ഉയരുകയാണ്. 2025ലെ 4.16 കോടിയിൽ നിന്ന് 2027ൽ ഇത് 4.42 കോടിയായി ഉയരുമെന്നാണ് യു.എസ്.ഡി.എയുടെ പ്രവചനം. എരുമ ഇറച്ചി ഉൽപ്പാദനം 50 ലക്ഷം ടണ്ണിലേക്ക് എത്തുമെന്നും ഇതിന്റെ ഏകദേശം 40 ശതമാനം കയറ്റുമതി ചെയ്യപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നു.
2026ന്റെ ആദ്യ പകുതിയിൽ എരുമ ഇറച്ചി കയറ്റുമതി 22 ശതമാനം വർധിച്ചു. ടണ്ണിന് ലഭിക്കുന്ന ശരാശരി വിലയിലും 18 ശതമാനം വർധനയുണ്ടായി. അതേസമയം, എരുമപ്പാലിന്റെ വിലയും ഉയരുകയാണ്. ഉത്തർപ്രദേശിലെ ചില മേഖലകളിൽ എരുമപ്പാലിന്റെ സംഭരണവില ലിറ്ററിന് ഏകദേശം 60 രൂപയായി. മുംബൈയിൽ സെപ്റ്റംബർ ഒന്നിന് എരുമപ്പാലിന്റെ മൊത്തവില ലിറ്ററിന് 102 രൂപയിലെത്തി. 70 വർഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റത്തവണ വർധനയാണിതെന്നാണ് റിപ്പോർട്ട്. തമിഴ്നാട്ടിലും പാൽ സംഭരണവില ലിറ്ററിന് 6 രൂപ വർധിപ്പിച്ചു.
തീറ്റച്ചെലവിലെ വർധനയാണ് ക്ഷീരകർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി. പ്രധാന തീറ്റ ചേരുവകളുടെ വില ഏകദേശം 25 ശതമാനം ഉയർന്നു. ചോളത്തിന്റെ കൃഷിവിസ്തീർണം 4.1 ശതമാനം കുറഞ്ഞതോടെ ഉൽപ്പാദനം 5.51 കോടി ടണ്ണിൽ നിന്ന് 5 കോടി ടണ്ണായി കുറയുമെന്നും യു.എസ്.ഡി.എ കണക്കാക്കുന്നു.
തീറ്റച്ചെലവ് വർധിച്ചതോടെ ഉൽപ്പാദനക്ഷമത കുറഞ്ഞ എരുമകളെ നേരത്തെ വിൽക്കാൻ കർഷകർ തയ്യാറാകാനുള്ള സാധ്യതയുണ്ട്. എന്നാൽ കൂടുതൽ ഉൽപ്പാദനശേഷിയുള്ള എരുമകളെയും നേരത്തെ വിൽക്കുന്ന സാഹചര്യമുണ്ടായാൽ ഭാവിയിൽ പാലിന്റെ ലഭ്യതയെ ബാധിക്കാമെന്നാണ് വിലയിരുത്തൽ.
ഇന്ത്യയിലെ മൊത്തം പാൽ ഉൽപ്പാദനത്തിന്റെ 43 ശതമാനത്തിലധികവും എരുമകളിൽ നിന്നാണ് ലഭിക്കുന്നത്. അതിനാൽ എരുമകളുടെ എണ്ണം കുറയുന്നത് രാജ്യത്തെ ക്ഷീരമേഖലയെ നേരിട്ട് ബാധിക്കാം.
ഇതിനിടെ 2024 ഒക്ടോബർ മുതൽ 2025 മാർച്ച് വരെ നടത്തിയ 21-ാമത് കന്നുകാലി സെൻസസിന്റെ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. സാങ്കേതിക പ്രശ്നങ്ങളാണ് കാലതാമസത്തിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. പുതിയ കണക്കുകൾ ലഭ്യമാകാത്തത് ക്ഷീരമേഖലയിലെ ഭാവി പ്രവചനങ്ങളെയും നയരൂപീകരണത്തെയും ബാധിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.