കൊച്ചി: കനത്ത വെല്ലുവിളികൾക്കിടയിലും കയറ്റുമതിയിൽ മികച്ച പ്രകടനവുമായി ഇന്ത്യൻ ടയർ വ്യവസായം. കഴിഞ്ഞ സാമ്പത്തിക വർഷം ടയർ കയറ്റുമതി 25,051 കോടി രൂപയിലെത്തിയതായാണ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്ക്. മുൻവർഷം 23,073 കോടിയായിരുന്നു -ഒമ്പതുശതമാനം വർധന.
ലക്ഷം കോടിയോളം രൂപയുടെ വാർഷിക വിറ്റുവരവും 25,000 കോടിയുടെ കയറ്റുമതിയുമായി ഉയർന്ന കയറ്റുമതി-വരുമാന അനുപാതം കാണിക്കുന്ന അപൂർവ വ്യവസായമായി ടയർ മേഖല മാറി. തുടർച്ചയായ നിക്ഷേപം, ശക്തമായ നിർമാണപ്രവർത്തനം, ലക്ഷ്യബോധത്തോടെയുള്ള ഗവേഷണ-വികസന പ്രവർത്തനങ്ങൾ എന്നിവയാണ് കയറ്റുമതി വളർച്ചക്ക് സഹായിച്ചത്. മൂന്നുനാലു വർഷത്തിനിടെ ടയർ നിർമാതാക്കൾ 27,000 കോടിയോളം രൂപ ഗ്രീൻഫീൽഡ്, ബ്രൗൺഫീൽഡ് പദ്ധതികളിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് ഓട്ടോമോട്ടിവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ആത്മ) ചെയർപേഴ്സൻ അരുണ്‍ മാമ്മന്‍ പറഞ്ഞു.
ഇന്ത്യൻ ടയർ 170ഓളം രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. 17 ശതമാനവുമായി അമേരിക്കയാണ് മുന്നിൽ. ആഭ്യന്തര വിപണിയിലെ ദൗർലഭ്യംമൂലം വ്യവസായത്തിന് ആവശ്യമായ സ്വാഭാവിക റബറിന്റെ 40 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഈ കുറവ് നികത്താൻ ടയർ വ്യവസായികൾ റബർ ബോർഡുമായി ചേർന്ന് പ്രോജക്ട് ഇൻറോഡ് ആരംഭിച്ചിട്ടുണ്ട്. രണ്ടുലക്ഷം ഹെക്ടറിൽ കൃഷി പ്രോത്സാഹിപ്പിക്കുകയും കൃഷിക്ക് അനുയോജ്യമായ ഇടങ്ങളിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുകയുമാണ് പദ്ധതി.
2030ഓടെ 20 ലക്ഷം ടൺ സ്വാഭാവിക റബർ ആവശ്യമായി വരുമെന്നാണ് കണക്ക്. ലോകവ്യാപകമായി സിന്തറ്റിക് റബർ ടയർ ഉപയോഗം 60 ശതമാനം ആണെങ്കിലും ഇന്ത്യയിൽ 60 ശതമാനവും സ്വാഭാവിക റബറാണ് ഉപയോഗിക്കുന്നത്. ഡയറക്ടർ ജനറൽ രാജീവ് ബുധ് രാജ, ഇൻറോഡ് പ്രോജക്ട് ചെയർമാൻ മോഹൻ കുര്യൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.