അവധി ദിനങ്ങൾക്കിടയിലും നിക്ഷേപകരിൽ വാങ്ങൽ താൽപര്യം; വരും ദിവസങ്ങളിൽ മുന്നേറ്റം പ്രതീക്ഷിച്ച്​ വിപണി

കൊച്ചി: ഗുജറാത്തി പുതു വർഷമായ സംവത്‌2078 ൽ ഓഹരി വിപണി പുതിയ ഉയരങ്ങൾ സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ്‌ നിക്ഷേപകർ. കഴിഞ്ഞ സംവത്‌ വർഷത്തിൽ ഓഹരി സൂചിക 40 ശതമാനം ഉയർന്നത്‌ നിക്ഷേപകരുടെ ആത്‌മവിശ്വാസം ഇരട്ടിപ്പിച്ചു. പുതുവർഷത്തിലും ബുൾ തരംഗം മുന്നേറ്റത്തിന്‌ വേഗത പകരുമെന്ന പ്രതീക്ഷയിലാണ്‌ ഇടപാടുകാർ. രണ്ടാഴ്‌ച്ച നീണ്ട തളർച്ചയ്‌ക്ക്‌ ശേഷം പിന്നിട്ടവാരം ബോംബെ സെൻസെക്‌സ്‌ 978 പോയിൻറ്റും നിഫ്‌റ്റി സൂചിക 245 പോയിൻറ്റും പ്രതിവാര നേട്ടം സ്വന്തമാക്കി.

ദീപാവലി അവധി ദിനങ്ങൾക്കിടയിലും വാങ്ങൽ താൽപര്യം വിപണിക്ക്‌ ഊർജം പകർന്ന പശ്‌ചാത്തലത്തിൽ ഈ വാരം കുതിച്ചു ചാട്ടത്തിന്‌വേഗത വർദ്ധിക്കാം. ആഗോള വിപണിയിൽ ക്രൂഡ്‌ ഓയിൽ വില ഉയരുകയാണെങ്കിലും ആഭ്യന്തര മാർക്കറ്റിൽ വരുത്തിയ നികുതി ഇളവുകൾ നാണയപെരുപ്പം പിടിച്ചു നിർത്താൻ ഉപകരിക്കും. അതേ സമയം എണ്ണ ഉൽപാദനം ഉയർത്തുന്ന കാര്യത്തിൽ തൽക്കാലം തീരുമാനംഎടുക്കാനാവില്ലെന്ന ഒപ്പെക്ക്‌ വെളിപ്പെടുത്തൽ രൂപയ്‌ക്ക്‌ മേൽ സമ്മർദ്ദം ഉളവാക്കാം.

കഴിഞ്ഞ ആഴ്ച വിദേശധനകാര്യസ്ഥാപനങ്ങൾ 686.85 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ ആഭ്യന്തര ഫണ്ടുകൾ 343.82 കോടി രൂപയുടെ ഓഹരികൾ വാങ്ങി. മുൻ നിര ഓഹരികളായ എസ്‌.ബി.ഐ, എച്ച്‌.ഡി.എഫ്‌.സി, എച്ച്‌.ഡി.എഫ്‌.സി ബാങ്ക്, ഇൻഫോസിസ്‌, ടി.സി.എസ്​, എച്ച്‌.സി.എൽ, എച്ച്‌.യു.എൽ, സൺ ഫാർമ്മ, ഡോ: റെഡീസ്‌, ബജാജ്‌ ഓട്ടോ, ടാറ്റാ സ്‌റ്റീൽ തുടങ്ങിയവയുടെനിരക്ക്‌ ഉയർന്നപ്പോൾ എം ആൻറ്‌ എം, ആർ.ഐ.എൽ, ഐ സി ഐ സി ഐ ബാങ്ക്‌ എന്നിവയുടെ നിരക്ക്‌ കുറഞ്ഞു.

ബോംബെ സെൻസെക്‌സ്‌ മുൻവാരത്തിലെ 59,306 പോയിൻറ്റിൽ നിന്ന്‌ ഒരുവേള 59,382 ലേയ്‌ക്ക്‌ താഴ്‌ന്ന അവസരത്തിൽ ബുൾ ഇടപാടുകാർ പുതിയ നിക്ഷേപങ്ങൾക്ക്‌ താൽപര്യം കാണിച്ചതോടെ സൂചിക 60,267 ലേയ്‌ക്ക്‌ മികവ്‌ കാണിച്ചു, വാരാന്ത്യം സെൻസെക്‌സ്‌ 60,067 പോയിൻറ്റിലാണ്‌. നിഫ്‌റ്റി  17,705 ൽ നിന്ന്‌ 17,973 വരെ മുന്നേറിയ ശേഷം ക്ലോസിങിൽ 17,916 പോയിൻറ്റിലാണ്‌. ഈവാരം 18,000 പോയിൻറ്റിലെ പ്രതിരോധം തകർത്ത്‌18,250‐18,350 റേഞ്ചിലേയ്‌ക്ക്‌ തിരിച്ചു വരവിന്‌ ശ്രമം നടത്താം.

ഫോറെക്‌സ്‌ മാർക്കറ്റിൽ രൂപയുടെ മൂല്യം ഉയർന്നു. ഡോളറിന്‌ മുന്നിൽ രൂപ 74.91 ൽ നിന്ന്‌ 74.19 ലേയ്‌ക്ക്‌ ശക്തിപ്രാപിച്ചു. പിന്നിട്ടവാരം രൂപയുടെ മൂല്യത്തിൽ 72 പൈസയുടെ മുന്നേറ്റം. പണപെരുപ്പം രൂക്ഷമായ അവസ്ഥയിലേയ്‌ക്ക്‌ നീങ്ങുന്നതിനിടയിൽ കഴിഞ്ഞവാരം ബാങ്ക്‌ ഓഫ്‌ ഇംഗളണ്ട്‌ യോഗം

ചേർന്നെങ്കിലും പലിശ നിരക്ക്‌ സ്‌റ്റെഡിയായി നിലനിർത്താൻ തീരുമാനിച്ചു. ഇതിനിടയിൽ യൂറോപ്യൻ കേന്ദ്ര ബാങ്ക് ഉടനെ പലിശ നിരക്കുകളിൽ മാറ്റം വരുത്തില്ലെന്ന വെളിപ്പെടുത്തൽ യുറോയ്‌ക്ക്‌ കരുത്തു പകരം. യു എസ്‌ ഫെഡ്‌ റിസർവും പലിശയിൽ തൽക്കാലം ഭേദഗതികൾക്ക്‌ നീക്കം നടത്താൻ ഇടയില്ല. ആർ.ബി.ഐ കഴിഞ്ഞയോഗത്തിൽ റിപ്പോ നിരക്ക്‌ നാല്‌ ശതമാനത്തിൽ തുടരാൻ തിരുമാനിച്ചത്‌ വിപണിക്ക്‌ അനുകൂലമാണ്‌.

Tags:    
News Summary - Indian Stock market review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT