കൊച്ചി: രൂപയെ വൻ തകർച്ചയിൽ നിന്നും രക്ഷിക്കാനുള്ള ശ്രമത്തിലാണ് ധനമന്ത്രാലയം, നാണയം താൽക്കാലികമായി കരുത്ത് നേടാനുള്ള സാധ്യതകൾ മുന്നിൽ കണ്ട് നിക്ഷേപകർ ഓഹരികളിൽ താൽപര്യം നിലനിർത്തിയത് തുടർച്ചയായ മൂന്നാം വാരത്തിലും സെൻസെക്‌സിനുംനിഫ്‌റ്റിക്കും മികവ് പകർന്നു. മുൻ നിര ഇൻഡക്‌സുകൾ പിന്നിട്ടവാരം മൂന്ന് ശതമാനം ഉയർന്നു.
ബോംബെ സൂചിക 1574 പോയിന്റും നിഫ്‌റ്റി 468 പോയിൻറ്റും നേട്ടത്തിലാണ്. ജനുവരി മുതലുള്ള നിഫ്‌റ്റിയുടെ പ്രകടനങ്ങൾ പരിശോധിച്ചാൽ തുടർച്ചയായി മൂന്ന് ആഴ്‌ച്ചകളിൽ കൂടുതൽ കരുത്ത് നിലനിർത്താൻ വിപണിക്കായിട്ടില്ല.
ചരിത്രം ബുൾ ഇടപാടുകാരുടെ മനസിൽ സംഘർഷമുളവാക്കിയാൽ ഈ വാരം ചാഞ്ചാട്ടത്തിന് ഇടയുണ്ട്. നടപ്പ് വർഷത്തിന്റെ ആദ്യ ആറ് മാസങ്ങൾ പിന്നിടുമ്പോൾ വിനിമയ വിപണിയിൽ രൂപയുടെ മൂല്യം ഏകദേശം ഏഴ് ശതമാനം നഷ്‌ടത്തിലാണ്.
ചരിത്രത്തിലെ ഏറ്റവും കനത്ത തകർച്ചയായ 79.48 ലേയ്‌ക്ക് ഡോളറിന് മുന്നിൽ രൂപ ഇടിഞ്ഞു. രൂപ തീർത്തും പരുങ്ങലിലാണെന്ന് ധനമന്ത്രാലയത്തിന് വ്യക്തമായതിനാൽ കരുത്ത് തിരിച്ചു പിടിക്കാൻ ആവശ്യമായ എല്ലാ അടവുകളും വരും ആഴ്‌ച്ചകളിലും കേന്ദ്രത്തിൽ നിന്നും പ്രതീക്ഷിക്കാം.
ഈ വാരം വിനിമയ മൂല്യം 78.80‐79.50 റേഞ്ചിൽ നീങ്ങാം. അതേ സമയം രൂപയുടെ ചലനങ്ങൾ സാങ്കേതിക വശങ്ങളിലുടെ വീക്ഷിച്ചാൽ ഫെബ്രുവരി മുതൽ കരടി വലയത്തിൽ അകപ്പെട്ട രൂപയ്‌ക്ക് അവിടെ നിന്നും രക്ഷനേടാൻ ഇനിയും അവസരം തെളിഞ്ഞിട്ടില്ല, ആ നിലയ്‌ക്ക് വർഷാന്ത്യത്തിന് മുന്നേ മൂല്യം 82 വരെ ഇടിയാം. ഗ്ലോബർ കറൻസി മാർക്കറ്റിൽ പ്രതിവാര, പ്രതിമാസ ചാർട്ടുകൾ ഓവർ സോൾഡായത് ഓപ്പറേറ്റർമാരെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കാം.
ഓഹരി വിപണിയിലേയ്‌ക്ക് തിരിഞ്ഞാൽ ബോംബെ സെൻസെക്‌സ് 52,907 ൽ നിന്നും തുടക്കത്തിൽ 52,674 ലേയ്‌ക്ക് തളർന്നങ്കിലും മുൻ നിര രണ്ടാം നിര ഓഹരികളിൽ ആഭ്യന്തര ഫണ്ടുകൾ കാണിച്ച താൽപര്യം മൊത്തത്തിൽ ഉണർവ് സൃഷ്ടിച്ചതോടെ വർദ്ധിച്ച വീര്യത്തിൽ സൂചിക 54,000 പോയിൻറ്റും കടന്ന് 54,674 വരെ ഉയർന്നങ്കിലും ക്ലോസിങിൽ 54,481 ലാണ്.
സെൻസെക്‌സ് ഈവാരം 55,180 ലെ ആദ്യ കടമ്പയെ ഉറ്റുനോക്കുന്നു. ഇത് മറികടന്നാൽ 700 പോയിന്റ് അകലെ സ്ഥിതിചെയുന്ന 55,880 ലെ പ്രതിരോധം തകർക്കാൻ ആവശ്യമായ ഊർജം കണ്ടത്താൻ ശ്രമിക്കും.
അതേ സമയം മൂന്നാഴ്‌ച്ചയായി നിലനിർത്തുന്ന ബുൾ തരംഗത്തിനിടയിൽ വിപണി സാങ്കേതിക തിരുത്തലിന് മുതിർന്നാൽ 53,225 ലും 51,975 ലും താങ്ങ് പ്രതീക്ഷിക്കാം. ഡെയ്‌ലി ചാർട്ടിൽ ഏപ്രിൽ മധ്യം സെൽ സിഗ്‌നൽ നൽകിയ സൂപ്പർ ട്രൻറ്റ് വാരാന്ത്യം ബുള്ളിഷായത് പ്രതീക്ഷയ്‌ക്ക് വക നൽക്കുന്നു. ഫാസ്‌റ്റ് സ്റ്റോക്കാസ്റ്റിക്സ്, സ്ലോ സ്റ്റോക്കാസ്റ്റിക്സ്, സ്റ്റോക്കാസ്റ്റിക്സ് ആർ എസ് ഐ തുടങ്ങിയ സാങ്കേതിക ചലനങ്ങൾ ഓവർ ബ്രോട്ടായത് കണക്കിലെടുത്താൽ വാരമധ്യത്തോടെ വിപണി സാങ്കേതിക തിരുത്തലിന് വീണ്ടും ശ്രമിക്കാം.
നിഫ്റ്റി നീണ്ട ഇടവേളയ്‌ക്ക് ശേഷം 16,000 പോയിൻറ്റിന് മുകളിൽ ഇടം കണ്ടെത്തി. മുൻവാരത്തിലെ 15,907 ൽ നിന്നും 15,961 ലേയ്‌ക്ക് ഇടിഞ്ഞ അവസരത്തിൽ ഉടലെടുത്ത വാങ്ങൽ താൽപര്യം നിഫ്‌റ്റിയെ 16,275 പോയിന്റ് വരെ ഉയർത്തി. ഇടപാടുകളുടെ അവസാന മണിക്കൂറിലെ ലാഭമെുപ്പിൽ അൽപ്പം തളർന്ന് 16,220 പോയിന്റിലാണ്. ഈവാരം 15,830 ലെ സപ്പോർട്ട് നിലനിർത്തി 16,440‐16,666 നെ ലക്ഷ്യമാക്കി കുതിക്കാൻ ശ്രമിക്കാം.
മുൻ നിര ബാങ്കിങ് ഓഹരികളായ എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഇൻഡസ് ബാങ്ക് തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടു. ഇൻഫോസിസ്, ഐ.ടി.സി, എൽ ആൻറ്റ് ടി, എം ആൻറ് എം, എച്ച്.യു.എൽ, സൺ ഫാർമ്മ, ഡോ റെഡീസ് ഓഹരി വിലകളും മുന്നേറി. അതേ സമയം, വിൽപ്പന സമ്മർദ്ദം മൂലം ആർ.ഐ.എൽ, ടി.സി.എസ്, വിപ്രോ ഓഹരി വിലകൾ കുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.