ഓഹരി വിപണിക്ക് രണ്ട് ദിവസം അവധി; നാളെ മുഹൂർത്ത വ്യാപാരം

മുംബൈ: രാജ്യം ദീപാവലി ആഘോഷിക്കുന്നതിനാൽ ഓഹരി വിപണിക്ക് രണ്ട് ദിവസം അവധി. ചൊവ്വാഴ്ചയും ബുധനാഴ്ചയുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഓഹരി വിപണി മാത്രമല്ല, കറൻസി ഡെറിവേറ്റീവ് വിപണിക്കും ഈ ദിവസങ്ങളിൽ അവധിയായിരിക്കും. സ്വർണം, വെള്ളി അടക്കമുള്ളവ വ്യാപാരം ചെയ്യപ്പെടുന്ന കമ്മോഡി ഡെറിവേറ്റിവ് വിഭാഗം ചൊവ്വാഴ്ചയും ബുധനാഴ്ചയും വൈകീട്ട് അഞ്ച് മുതൽ 11.55 വരെ പ്രവർത്തിക്കും. പലയിടങ്ങളിലും ആഘോഷം തിങ്കളാഴ്ചയായതിനാൽ ഓഹരി വിപണിക്ക് അവധിയാണെന്ന് നിക്ഷേപകർക്ക് സംശയമുണ്ടായിരുന്നു.

ഓഹരി നിക്ഷേപകർ പ്രതീക്ഷയോടെ കാത്തിരുന്ന ഈ വർഷത്തെ ഒരു മണിക്കൂർ മുഹൂർത്ത വ്യാപാരം ചൊവ്വാഴ്ച നടക്കും. ഉച്ചക്ക് 1.45 മുതൽ 2.45 വരെ നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിലും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലുമാണ് വ്യാപാരം നടക്കുക. ഉത്തരേന്ത്യൻ, പ്രത്യേകിച്ച് ഗുജറാത്തി ഹൈന്ദവ വിശ്വാസ പ്രകാരമുള്ള സംവത്-2082 വർഷാരംഭത്തിന് തുടക്കം കുറിക്കുന്ന മുഹൂർത്തമാണിത്. സംവത്-2081 വർഷം ഇന്ന് സമാപിക്കും. മധ്യപ്രദേശിലെ ഉ​ജ്ജയിൻ രാജാവായിരുന്ന വിക്രമാദിത്യൻ തുടക്കം കുറിച്ച കലണ്ടർ വർഷമാണ് സംവത്. നിലവിൽ നമ്മൾ ഉപയോഗിക്കുന്ന കലണ്ടർ പ്രാബല്യത്തിൽ വരുന്നതിന് 57 വർഷം മുമ്പാണ് സംവത് കലണ്ടർ തുടങ്ങിയത്. രാജസ്ഥാൻ, ഗുജറാത്ത്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, നേപ്പാൾ തുടങ്ങിയ ഭാഗങ്ങളിൽ പരമ്പരാഗത ആചാരങ്ങളും ആഘോഷങ്ങളും അടക്കം നടക്കുന്നത് ഈ കലണ്ടർ പ്രകാരമാണ്.

പുതിയ ബിസിനസ് ആരംഭിക്കാനും നിക്ഷേപം തുടങ്ങാനും വീടോ വാഹനങ്ങളോ വസ്ത്രങ്ങളോ ആഭരണങ്ങളോ വാങ്ങാനുമെല്ലാം ശുഭകരവും ഐശ്വര്യപൂർണവുമായ മുഹൂർത്തമായാണ് ഈ ഒരു മണിക്കൂറിനെ കാണുന്നത്. പുതിയ ഓഹരികൾ വാങ്ങാനും നിലവിലെ ഓഹരി പങ്കാളിത്തം കൂട്ടാനും ഏറ്റവും നല്ല സമയമായി ഓഹരി നിക്ഷേപകരും മുഹൂർത്ത വ്യാപാരത്തെ കണക്കാക്കുന്നു. മുഹൂർത്ത വ്യാപാരം ആരംഭിക്കുന്നതിന് മുമ്പ് 1.15 മുതൽ 1.30 വരെ വൻകിട നിക്ഷേപകർക്കുള്ള പ്രത്യേക ബ്ലോക് ഡീൽ സെഷനുണ്ടാകും. തുടർന്ന് ഐ.പി.ഒകൾക്കും വീണ്ടും ലിസ്റ്റ് ചെയ്ത ഓഹരികൾക്കും വേണ്ടി 15 മിനിറ്റ് പ്രീ-ഓപൺ സെഷൻ നടക്കും. ഇതിനെല്ലാം ശേഷമായിരിക്കും ഒരു മണിക്കൂർ മുഹൂർത്ത വ്യാപാരം. ശേഷം 10 മിനിറ്റ് ട്രേഡ് മോഡിഫിക്കേഷൻ സമയവുമുണ്ടാകും.

Tags:    
News Summary - Indian stock market closed for Diwali; Muhurat trading starts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT