ആളുകളുടെ നെഞ്ചിടിപ്പ് ഏറ്റിക്കൊണ്ട് റെക്കോഡുകൾ തകർത്ത് മുന്നേറുകയാണ് സ്വർണവില. ഇപ്പോൾ പണിക്കൂലിയടക്കം ഒരു പവൻ സ്വർണം വാങ്ങാൻ ഒരുലക്ഷം രൂപക്കടുത്ത് ചെലവാകും. സ്വർണത്തെ സുരക്ഷിത സമ്പത്തായാണ് ആളുകൾ കണ്ടുവരുന്നത്. ഇന്ത്യൻ സംസ്കാരത്തിൽ സ്വർണത്തിന് പ്രത്യേക സ്ഥാനമുണ്ട്. പലരും സ്വർണം ഐശ്വര്യത്തിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്.
ഒരാൾക്ക് വീട്ടിൽ സൂക്ഷിക്കാൻ കഴിയുന്ന സ്വർണത്തിന് ആദായനികുതി വകുപ്പ് പരിധി നിശ്ചിയിച്ചിട്ടുണ്ട്. അതു പ്രകാരം, വിവാഹിതരായ സ്ത്രീകൾക്ക് രേഖകളില്ലാതെ 500 ഗ്രാം(അതായത് 62.5 പവൻ) സ്വർണം വരെ കൈവശം സൂക്ഷിക്കാം. അവിവാഹിതരായ സ്ത്രീകൾക്ക് 250 ഗ്രാം സ്വർണവും പുരുഷൻമാർക്ക് 100 ഗ്രാം വരെയും സ്വർണം കൈവശം വെക്കാമെന്നുമാണ് ആദായ നികുതി വകുപ്പിന്റെ അറിയിപ്പ്. അതേസമയം, രസീതുകളോ മറ്റ് രേഖകളോ ഉണ്ടെങ്കിൽ ഈ പരിധിയിൽ കൂടുതൽ സ്വർണം ആളുകൾക്ക് കൈവശം വെക്കാം.ആദായനികുതി റെയ്ഡുകൾ നടക്കുമ്പോൾ വ്യക്തികൾ തങ്ങളുടെ കൈവശമുള്ള സ്വർണത്തിന്റെ രേഖകൾ ഹാജരാക്കണം.
ഇന്ത്യയിൽ ഒരാൾക്ക് എത്ര സ്വർണം വാങ്ങാം എന്നതിന് പ്രത്യേക നിയമപരമായ പരിധിയില്ല. എന്നാൽ, രണ്ടുലക്ഷത്തിന് മുകളിലുള്ള വാങ്ങലുകൾക്ക് സർക്കാർ നിയന്ത്രണങ്ങൾ അനുസരിച്ച് പാൻ കാർഡ് വിശദാംശങ്ങൾ നൽകേണ്ടതുണ്ട്.
വീട്ടിൽ സ്വർണം സൂക്ഷിക്കുന്നതിന് നികുതി അടക്കേണ്ടതില്ല. സ്വർണത്തിന്റെ ഉറവിടം ചോദ്യം ചെയ്യുമ്പോഴാണ് രേഖകൾ കാണിക്കേണ്ടി വരുന്നത്. അതിനാൽ ഓരേ ഗ്രാം സ്വർണത്തിനും വ്യക്തമായ രേഖകൾ ഉണ്ടെന്ന് ഉറപ്പാക്കുന്നത് നല്ലതാണ്.
സ്വർണ വിലയിൽ ഗ്രാമിന് 20 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. 11,380 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില ഉയർന്നത്. പവന്റെ വിലയിൽ 160 രൂപയുടെ വർധനവ് രേഖപ്പെടുത്തി. പവന്റെ വില 91,000 കടന്ന് 91,040 രൂപയായി ഉയർന്നു. കഴിഞ്ഞ ദിവസം സ്വർണവില 90,000 രൂപ പിന്നിട്ടിരുന്നു.
അതേസമയം, ആഗോളവിപണിയിൽ സ്വർണത്തിന് ഇന്ന് നേരിയ വിലയിടിവുണ്ടായിട്ടുണ്ട്. നിക്ഷേപകർ ലാഭമെടുപ്പിന് മുതിർന്നതോടെയാണ് വിപണിയിൽ ചെറിയ ഇടിവുണ്ടായത്. സ്പോട്ട് ഗോൾഡ് വില 0.4 ശതമാനം ഇടിഞ്ഞ് 4,020.99 ഡോളറായി. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.7 ശതമാനം ഇടിഞ്ഞ് 4,040.70 ഡോളറായി.
യു.എസ് ഷട്ട്ഡൗൺ തുടരുന്നതും ഫ്രാൻസിലും ജപ്പാനിലുമുള്ള രാഷ്ട്രീയ അനിശ്ചിതാവസ്ഥകളും മൂലം വരും ദിവസങ്ങളിലും എല്ലാവരും സ്വർണത്തെ സുരക്ഷിത നിക്ഷേപമായി തന്നെ പരിഗണിക്കാനാണ് സാധ്യത. അതുകൊണ്ട് വരും ദിവസങ്ങളിലും സ്വർണവില ഉയർന്നേക്കും. ഈ വർഷം മാത്രം 54 ശതമാനം വർധനയാണ് സ്വർണത്തിന് ഉണ്ടായത്. സ്വർണം പിന്തുണ നൽകുന്ന ഇ.ടി.എഫ് ഫണ്ടുകളും വലിയ ഉയർച്ചയിലാണ്.
കഴിഞ്ഞ ദിവസം രാവിലെ പവന് 90,000 രൂപ കടന്ന സ്വർണവിലയിൽ ഉച്ചക്കു ശേഷം വീണ്ടും കുതിച്ചുചാട്ടമുണ്ടായി. ഉച്ചക്കു ശേഷം നടന്ന വ്യാപാരത്തിൽ ഗ്രാമിന് 70 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാമിന്റെ വില 11,360 രൂപയായി. പവൻ വില 90,880 രൂപയായും ഉയർന്നിരുന്നു. സ്വർണം വാങ്ങുമ്പോൾ മൂന്നുശതമാനമാണ് ജി.എസ്.ടി നൽകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.