കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്ന് സർവകാല റെക്കോഡിലെത്തി. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് പവന് 360 രൂപയും ശനിയാഴ്ച രാവിലെ 640 രൂപയും വർധിച്ചതോടെ നിലവിലെ വിപണിവില 87,560 രൂപയായി. ഗ്രാമിന് 80 രൂപ ഉയർന്ന് 10,945 ആണ് ഇന്നത്തെ വില. മൂന്ന് ദിവസം മുമ്പ് പവന് 87,440 രൂപയെന്ന റെക്കോഡാണ് ഇന്ന് മറികടന്നത്. വെള്ളിയാഴ്ച രാവിലെ പവന് 480 രൂപ കുറഞ്ഞ ശേഷമാണ് പിന്നീട് വില കുത്തനെ ഉയർന്നത്.
യു.എസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യതകൾ സ്വർണവിലയുടെ മുന്നേറ്റത്തിന് വഴിവച്ചിരുന്നു. കഴിഞ്ഞദിവസം വില രാജ്യാന്തര വിപണിയിൽ ഔൺസിന് 3,897 ഡോളർ എന്ന റെക്കോർഡിലുമെത്തി. വൈകാതെ ലാഭമെടുപ്പിനെ തുടർന്ന് വില താഴ്ന്നെങ്കിലും പിന്നാലെ, യു.എസിൽ ട്രംപ് ഗവൺമെന്റ് ഷട്ട്ഡൗണിലേക്ക് നീങ്ങിയത് സ്വർണവില കൂടാൻ ഇടയാക്കി.
ഷട്ട്ഡൗൺ അടുത്തയാഴ്ചയിലേക്കും നീങ്ങുമെന്നത് യു.എസിൽ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇതു ഡോളറിനും ബോണ്ടിനും തിരിച്ചടിയാകുന്നത് സ്വർണത്തിന് നേട്ടമാകുന്നു. രാജ്യാന്തര വില നിലവിൽ ഔൺസിന് 42 ഡോളർ തിരിച്ചുകയറി 3,886 ഡോളറിലെത്തി. ഒരുഘട്ടത്തില് വില 3,890 ഡോളറിലും എത്തിയിരുന്നു. ഇന്ത്യൻ രൂപ ഇന്നലെ ഡോളറിനെതിരെ 7 പൈസ താഴ്ന്ന് 88.78ൽ എത്തിയതും ആഭ്യന്തര സ്വർണവില വർധനയുടെ ആക്കംകൂട്ടി. സെപ്റ്റംബർ 30ന് കുറിച്ച 88.80 ആണ് രൂപയുടെ എക്കാലത്തെയും താഴ്ന്ന മൂല്യം.
അതേസമയം, സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 65 രൂപ വർധിച്ച് 9,065 രൂപയിലെത്തി. വെള്ളിവില ഗ്രാമിന് 2 രൂപ ഉയർന്ന് സർവകാല ഉയരമായ 160 രൂപയിലാണ് ഇന്ന് വ്യാപാരം. 14 കാരറ്റ് സ്വർണവില ഗ്രാമിന് 7,000 രൂപയും 9 കാരറ്റിനുവില വില 4,520 രൂപയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.