കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. സ്വർണം ഇന്ന് വീണ്ടും റെക്കോഡ് തിരുത്തി. ഗ്രാമിന് 130 രൂപയുടെ വർധനയാണ് ഇന്ന് ഉണ്ടായത്. ഗ്രാമിന്റെ വില 10,845 രൂപയായാണ് ഉയർന്നത്. 1040 രൂപയുടെ വർധനയാണ് പവന്റെ വിലയിൽ ഇന്നുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില 86,760 രൂപയായി ഉയർന്നു. ആഗോള വിപണിയിലും സ്വർണവില റെക്കോഡ് ഉയരത്തിലാണ്. 14 വർഷത്തിനിടെ ഒരു മാസത്തിൽ സ്വർണത്തിനുണ്ടാവുന്ന ഏറ്റവും വലിയ വിലവർധനവാണ് 2025 സെപ്തംബർ മാസത്തിലാണ്.
സ്പോട്ട് ഗോൾഡിന്റെ വില 0.4 ശതമാനം ഉയർന്ന് 3,848.65 ഡോളറായി. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കും ഉയർന്നിട്ടുണ്ട്. 0.6 ശതമാനം ഉയർന്ന് 3,877 ഡോളറായി. യു.എസ് അടച്ചുപൂട്ടൽ സംബന്ധിച്ച ഭീഷണി തന്നെയാണ് മഞ്ഞലോഹത്തിന്റെ റെക്കോഡ് കുതിപ്പിനുള്ള കാരണം. യു.എസ് സമ്പദ്‍വ്യവസ്ഥയുടെ അടച്ചുപൂട്ടൽ ഒഴിവാക്കാൻ ട്രംപ് ഭരണകൂടം ഡെമോക്രാറ്റുകളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് സ്വർണത്തിന്റെ വിലയിൽ റെക്കോഡ് കുതിപ്പുണ്ടായത്.
ചർച്ചകൾക്ക് പിന്നാലെ യു.എസ് അടച്ചുപൂട്ടലിലേക്ക് നീങ്ങുകയാണെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് മുന്നറിയിപ്പ് നൽകുകയും ചെയ്തതതോടെ നിക്ഷേപകർ സുരക്ഷിതനിക്ഷേപമായ സ്വർണത്തിലേക്ക് തിരിയുകയായിരുന്നു. കഴിഞ്ഞ ദിവസം രണ്ട് തവണയാണ് സ്വർണവിലയിൽ വർധനയുണ്ടായത്.
രാവിലെ ഒരു ഗ്രാം സ്വർണത്തിന് 85 രൂപ വർധിച്ച് പവൻ വില 85,360യിലെത്തിയിരുന്നു.ഉച്ചക്കു ശേഷം സ്വർണം ഗ്രാമിന് 45 രൂപ വർധിച്ച് 10715 രൂപയായി. ഈ വർഷം സെപ്റ്റംബർ ഒമ്പതിനാണ് പവൻ വില 80,000 കടന്നത്. പിന്നീട് വിലയിൽ ക്രമാനുഗതമായ കുതിപ്പുണ്ടാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.