സ്വർണ വില ഇനിയും 30 ശതമാനം ഉയരും; തകരാൻ ഒരേയൊരു കാര്യം സംഭവിക്കണം

മുംബൈ: നിക്ഷേപകരുടെയും ആഭരണ പ്രേമികളുടെയും പ്രിയപ്പെട്ട ലോഹമാണ് സ്വർണം. വില സർവകാല റെക്കോഡിലേക്ക് ഉയർന്നതോടെ സ്വർണം കൂടുതൽ വാങ്ങിക്കൂട്ടുകയാണ് നിക്ഷേപകർ ചെയ്തത്. ഈ വർഷം മാത്രം 53 ശതമാനം ലാഭമാണ് സ്വർണം സമ്മാനിച്ചത്. ഓഹരി വിപണിയും രൂപയും കനത്ത ഇടിവ് നേരിട്ടപ്പോൾ സ്വർണം വെട്ടിത്തിളങ്ങുകയായിരുന്നു.

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലോകത്തെ മിക്ക രാജ്യങ്ങൾക്കുമെതിരെ പ്രഖ്യാപിച്ച ഇരട്ടി താരിഫും റഷ്യ-യുക്രെയ്ൻ യുദ്ധമടക്കമുള്ള ആഗോള രാഷ്ട്രീയ അനിശ്ചിതാവസ്ഥയുമാണ് സ്വർണത്തിലേക്ക് നിക്ഷേപകരെ ആകർഷിച്ചത്. ഒപ്പം ​വിവിധ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകളും സ്വർണം വാങ്ങിക്കൂട്ടിയതോടെ വില നിയന്ത്രണംവിട്ട് കുതിക്കുകയായിരുന്നു.

ഒരു പവൻ സ്വർണത്തിന് 95,280 രൂപയാണ് നിലവിലെ വില. ഒരു മാസത്തിനിടെ വിലയിൽ ചില ഏറ്റക്കുറച്ചിലുകൾ നേരിട്ടെങ്കിലും ഇനിയും വലിയ നേട്ടം നിക്ഷേപകർക്ക് സ്വർണം കരുതി വെച്ചിരിക്കുന്നുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ​ആഗോള സ്വർണ ഖനന വ്യവസായികളുടെ കൂട്ടായ്മയായ ലണ്ടനിലെ വേൾഡ് ഗോൾഡ് കൗൺസിലാണ് (ഡബ്ല്യു.ജി.സി) നിക്ഷേപകർക്ക് വൻ പ്രതീക്ഷ നൽകുന്നത്. അടുത്ത വർഷം സ്വർണ വിലയിൽ 15 മുതൽ 30 ശതമാനം വരെ വർധനവുണ്ടാകുമെന്നാണ് ഡബ്ല്യു.ജി.സിയുടെ കണക്കുകൂട്ടൽ.

ഇനി മറ്റു ചില ഘടകങ്ങളാണ് സ്വർണ വിലയെ പുതിയ ഉയരത്തിലേക്ക് എത്തിക്കുകയെന്നാണ് ഡബ്ല്യു.ജി.സിയുടെ റിപ്പോർട്ട് പറയുന്നത്. ആഗോള രാഷ്ട്രീയ അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തിൽ സെൻട്രൽ ബാങ്കുകൾ ബോണ്ട് ആദായം വെട്ടിക്കുറക്കുന്നതാണ് സുരക്ഷിത നിക്ഷേപമായ സ്വർണത്തിന്റെ വില വർധനക്ക് ഇന്ധനം പകരുക. ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലൂടെയായിരിക്കും (ഗോൾഡ് ഇ.ടി.എഫ്) സ്വർണത്തിലേക്ക് ഏറ്റവും കൂടുതൽ നിക്ഷേപം ഒഴുകുക. എന്നാൽ, സ്വർണാഭരണങ്ങളുടെയും വ്യാവസായിക മേഖലയുടെയും ഡിമാൻഡ് കുറയുമെന്നും ഡബ്ല്യു.ജി.സി മുന്നറിയിപ്പ് നൽകി. ഈ വർഷം ലോകത്ത് ഗോൾഡ് ഇ.ടി.എഫുകളിൽ 77 ബില്ല്യൻ​ ഡോളർ അതായത് 6.91 ലക്ഷം കോടി രൂപയുടെ നിക്ഷേപം ലഭിച്ചെന്നാണ് ഡബ്ല്യ.ജി.സിയുടെ കണക്ക്. ഇത്രയും നിക്ഷേപത്തിലൂടെ 700 ടൺ സ്വർണം വാങ്ങിക്കൂട്ടി.

കഴിഞ്ഞ വർഷം മേയ് മുതലാണ് ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ നിക്ഷേപകരുടെ താൽപര്യം വർധിച്ചത്. അന്ന് മുതൽ മൊത്തം ഗോൾഡ് ഇ.ടി.എഫുകളുടെ കൈവശമുള്ള സ്വർണത്തിൽ ഏകദേശം 850 ടണിന്റെ വർധനവുണ്ടായി. എന്നാൽ, മുമ്പ് സ്വർണ വില കുതിച്ചുയർന്ന കാലത്ത് ഗോൾഡ് ഇ.ടി.എഫുകൾ വാങ്ങിക്കൂട്ടിയതിന്റെ പകുതിയേക്കാൾ കുറവാണിത്. അതുകൊണ്ട് ഗോൾഡ് ഇ.ടി.എഫുകൾക്ക് ഇനി ശക്തമായ വളർച്ച സാധ്യതയുണ്ടെന്നും ഡബ്ല്യ.ജി.സി വ്യക്തമാക്കി.

വില ഇടിയാൻ ഒരേയൊരു കാര്യം സംഭവിക്കണം

സ്വർണ വില ഇടിയാനുള്ള സാധ്യതകളെ കുറിച്ചും ഡബ്ല്യ.ജി.സി റിപ്പോർട്ടിൽ വ്യക്തമായ സൂചന നൽകുന്നുണ്ട്. നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടാൽ അടുത്ത വർഷം സ്വർണ വിലയിൽ അഞ്ച് മുതൽ 20 ശതമാനം വരെ ഇടിവ് നേരിടും. അങ്ങനെ സംഭവിക്കണമെങ്കിൽ ട്രംപിന്റെ നയങ്ങൾ വിജയിക്കണം. അതായത് യു.എസിന്റെ സാമ്പത്തിക രംഗം പ്രതീക്ഷച്ചതിനേക്കാൾ ശക്തമായ വളർച്ച കൈവരിക്കണം. സർക്കാർ കൂടുതൽ പണം ചെലവഴിക്കുകയും നികുതി കുറക്കുകയും സബ്സിഡികൾ പുനസ്ഥാപിക്കുകയും അടിസ്ഥാന വികസന രംഗത്ത് നിക്ഷേപം വർധിപ്പിക്കുകയും ചെയ്യണം. അങ്ങനെയുള്ള സാഹചര്യത്തിൽ പണപ്പെരുപ്പം നിയന്ത്രണ വിധേയമാകും. വ്യവസായ മേഖലയും വിപണിയും ഉണരും. ആഗോള സാമ്പത്തിക വളർച്ച സ്ഥിരതയും കരുത്തും ആർജിക്കും.

എന്നാൽ, പണപ്പെരുപ്പം വർധിക്കുകയോ രൂക്ഷമാകു​കയോ ചെയ്താൽ അടുത്ത വർഷം യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തും. ബോണ്ട് ആദായം വർധിക്കാനും യു.എസ് ഡോളർ ശക്തിപ്പെടാനും ഇതു കാരണമാകുമെന്നും ഡബ്ല്യ.ജി.സി പറഞ്ഞു.

സുരക്ഷിതമായ ബോണ്ട് ആദായം വർധിക്കുന്നതും ഡോളർ ഡിമാൻഡ് ഉയരുന്നതും സ്വർണത്തിനാണ് ഏറ്റവും തിരിച്ചടിയാകുക. അനിശ്ചിതാവസ്ഥക്ക് വിട നൽകി സാമ്പത്തിക രംഗം ഉണരുന്നതോടെ നിക്ഷേപകർ സ്വർണത്തെ കൈയൊഴിയും. മാത്രമല്ല, ഗോൾഡ് ഇ.ടി.എഫുകൾ വിറ്റ് അവർ ലാഭമെടുക്കും. ഈ കൂട്ടവിൽപനയായിരിക്കും സ്വർണ വിലയിൽ 20 ശതമാനം വരെ ഇടിവിലേക്ക് നയിക്കുക. എങ്കിലും, ദീർഘകാല നിക്ഷേപകരും വില ഇടിയാൻ കാത്തിരുന്നവരും വീണ്ടും വാങ്ങിക്കൂട്ടുന്നത് സ്വർണ വിലയെ വൻ തകർച്ചയിൽനിന്ന് താങ്ങിനിർത്തുമെന്നാണ് ചരിത്രം പറയുന്നതെന്നും വേൾഡ് ഗോൾഡ് കൗൺസിൽ കൂട്ടിച്ചേർത്തു. 

Tags:    
News Summary - Gold prices may rise 5-30% in 2026: WGC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT