കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്ന് പുതിയ റെക്കോഡിലെത്തി. ഗ്രാമിന് 40 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. 10,320 രൂപയായാണ് സ്വർണവില ഉയർന്നത്. പവന് 340 രൂപയുടെ വർധന. 82,560 രൂപയായാണ് സ്വർണവില വർധിച്ചത്. ആഗോളവിപണിയിലും സ്വർണം പുതിയ റെക്കോഡ് കുറിക്കാനുള്ള ഒരുക്കത്തിലാണ്. 18 ഗ്രാം സ്വർണത്തിന്റെ വില 40 രൂപ വർധിപ്പിച്ച് 8480 ആയി.
സ്പോട്ട് ഗോൾഡിന്റെ വില 0.1 ശതമാനം ഉയർന്ന് 3,688.76 ഡോളറായി. യു.എസ് ഗോൾഡ് ഫ്യൂച്ചറിന്റെ നിരക്ക് 0.5 ശതമാനം ഉയർന്ന് 3,723.70 ഡോളറായി ഉയർന്നു. ഈയാഴ്ച യു.എസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കുന്നത് സംബന്ധിച്ച് കൂടുതൽ ചർച്ചകൾ ഉണ്ടാവും. ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ ഉൾപ്പടെയുള്ളവരുടെ പ്രസംഗങ്ങൾ ഈ ആഴ്ച വരുന്നുണ്ട്. ഇതെല്ലാം വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കും.
അതേസമയം, ഇന്ത്യൻ ഓഹരി വിപണികൾ ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ബോംബെ സൂചിക സെൻസെക്സ് 487.24 പോയിന്റ് നഷ്ടത്തോടെ 82,138.99ലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. 0.59 ശതമാനം നഷ്ടമാണ് സെൻസെക്സിലുണ്ടായത്. നിഫ്റ്റിയിൽ 88.95 പോയിന്റ് നഷ്ടമുണ്ടായി. 25,238.10ന്റിലാണ് നിഫ്റ്റിയിൽ വ്യാപാരം തുടങ്ങിയത്. എച്ച്-1ബി വിസ സംബന്ധിച്ച യു.എസ് തീരുമാനമാണ് ഇന്ന് വിപണിയെ സ്വാധീനിക്കുന്ന പ്രധാനഘടകം.
നിഫ്റ്റിയിൽ ഐ.ടി ഓഹരികൾക്കാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിടുന്നത്. ഐ.ടി ഇൻഡക്സ് മൂന്ന് ശതമാനം ഇടിഞ്ഞു. ടി.സി.എസ്, ഇൻഫോസിസ്, വിപ്രോ, എച്ച്.സി.എൽ എന്നീ കമ്പനികളിൽ കടുത്ത വിൽപന സമ്മർദം ദൃശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.