കൂട്ടവിൽപന നിർത്തി; ഓഹരി വിപണിക്ക് ആവേശം പകർന്ന് വിദേശ നിക്ഷേപകർ

മും​ബൈ: മൂന്ന് മാസം നീണ്ട കൂട്ടവിൽപനക്ക് ശേഷം വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിലേക്ക് തിരിച്ചുവരുന്നു. ഒക്ടോബറിൽ 14610 കോടി രൂപയുടെ ഓഹരികളാണ് വിദേശികൾ വാങ്ങിക്കൂട്ടിയത്. ഇത്തവണ ഓഹരികൾ മാത്രമല്ല, സർക്കാർ കടപത്രങ്ങളും വിദേശകളെ ആകർഷിച്ചു. ഒക്ടോബറിലെ അവസാന ആഴ്ച മാത്രം 7,332 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഇതു തുടർച്ചയായ നാലാമത്തെ ആഴ്ചയാണ് വിദേശികൾ ഇന്ത്യൻ ഓഹരി വിപണിക്ക് ഉണർവേകുന്നത്. വിദേശ നിക്ഷേപകരുടെ ഓഹരി വാങ്ങൽ തുടരുകയാണെങ്കിൽ സുപ്രധാന സൂചികകളായ നിഫ്റ്റിയും സെൻസെക്സും പുതിയ ഉയരങ്ങൾ കീഴടക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

​ജനുവരി മുതൽ സെപ്റ്റംബർ വരെ 1.94 ലക്ഷം കോടി രൂപയുടെ ഓഹരി വിൽപന നടത്തിയ ശേഷമാണ് വിദേശികളുടെ തിരിച്ചുവരവ്. ജൂലൈയിൽ 17,741 കോടി രൂപയുടെയും ആഗസ്റ്റിൽ 34,993 കോടി രൂപയുടെയും സെപ്റ്റംബറിൽ 23,885 കോടി രൂപയുടെയും ഓഹരികൾ അവർ വിറ്റൊഴിവാക്കിയിരുന്നു. നാഷനൽ സെക്യൂരിറ്റീസ് ഡിപോസിറ്ററി ലിമിറ്റഡാണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയുടെ കയറ്റുമതിക്ക് 50 ശതമാനം താരിഫ് ചുമത്തിയതോടെയാണ് വിദേശികൾക്ക് ഓഹരി വിപണിയിൽ പ്രതീക്ഷ നഷ്ടപ്പെട്ടത്. എങ്കിലും, ആഭ്യന്തര മ്യൂച്ച്വൽ ഫണ്ട് നിക്ഷേപകരുടെ പിന്തുണയിൽ കാര്യമായ തകർച്ച നേരിടാതെ പിടിച്ചുനിൽക്കാൻ വിപണിക്ക് കഴിഞ്ഞു. നിലവിൽ സെൻസെക്സ് സർവകാല റെക്കോഡിൽനിന്ന് 1600 ഓളം പോയന്റ് മാത്രം അ‌കലെയാണ് വ്യാപാരം ചെയ്യപ്പെടുന്നത്.

ഈ വർഷം പ്രഥമ ഓഹരി വിൽപന അ‌ഥവ ഐ.പി.ഒകളിൽ മാത്രം വിദേശികൾ 54,292 കോടി രൂപയുടെ നിക്ഷേപം നടത്തിയത് വിപണിക്ക് പുതുജീവൻ നൽകിയിട്ടുണ്ട്. ഓഹരി ബ്രോക്കറായ ഗ്രോ, ഫിൻടെക് കമ്പനിയായ പൈൻ ലാബ് തുടങ്ങിയ ഐ.പി.ഒകളാണ് ഈ ആഴ്ച വിപണിയിലെത്തുന്നത്. മാത്രമല്ല, ഈസ്റ്റേൺ കോണ്ടിമെന്റ്സിന്റെയും എം.ടി.ആർ ഫുഡ്സിന്റെ ഉടമസ്ഥരായ ഓർക്‍ല ഇന്ത്യയുടെ ഐ.പി.ഒ നവംബർ ആറിന് വിപണിയിൽ ലിസ്റ്റ് ചെയ്യും. ഐ.പി.ഒ വിപണിയിലുണ്ടായ പോസ്റ്റിവ് ട്രെൻഡാണ് വിദേശ നിക്ഷേപം വർധിക്കാൻ കാരണമെന്ന് ജിയോജിത് ഇൻവെസ്റ്റ്മെന്റിന്റെ നിക്ഷേപ വിദഗ്ധനായ വി.കെ. വി​ജയകുമാർ പറഞ്ഞു. അ‌തേസമയം, വിദേശികളുടെ ഓഹരി വാങ്ങൽ തുടരുമോയെന്ന് ഉറപ്പുപറയാൻ കഴിയില്ലെന്നും അ‌ദ്ദേഹം വ്യക്തമാക്കി.

ഇന്ത്യക്ക് പുറമെ, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങ​ളിലെ ഓഹരികൾ വിദേശികൾ വാങ്ങിക്കൂട്ടിയപ്പോൾ ബ്രസീൽ, മലേഷ്യ, ഫിലിപ്പീൻസ്, തായ്വാൻ തുടങ്ങിയ രാജ്യങ്ങളിൽ വൻ വിൽപനയാണ് നടത്തിയതെന്ന് കൊട്ടക് സെക്യൂരിറ്റീസിലെ ഓഹരി ഗവേഷണ തലവനായ ശ്രീകാന്ത് ചൗഹാൻ പറഞ്ഞു.

ഒക്ടോബറിൽ സർക്കാർ കടപ്പത്രങ്ങൾ ഏറ്റവും കൂടുതൽ വാങ്ങിയതും വിദേശ നിക്ഷേപകരാണ്. 12,206 കോടി രൂപയാണ് വിദേശികളുടെ മൊത്തം നിക്ഷേപം. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം കൂടുതൽ ഇടിയാതിരുന്നതും യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതും ഇന്ത്യ-യു.എസ് വ്യാപാര കരാർ ഉടൻ യാഥാർഥ്യമാകുമെന്ന സൂചനയുമാണ് നിക്ഷേപകരെ കടപ്പത്രങ്ങളിലേക്ക് ആകർഷിച്ചത്.

രൂപയുടെ മൂല്യം ഇടിയുന്നത് തടയാൻ റിസർവ് ബാങ്ക് നടത്തിയ ഇടപെടൽ സോവറീൻ ബോണ്ട് നിക്ഷേപകർക്ക് വൻ പ്രതീക്ഷയാണ് നൽകിയതെന്ന് ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസിലെ സാമ്പത്തിക വിദഗ്ധനായ അ‌ഭിഷേക് ഉപാധ്യായ പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ യു.എസുമായുള്ള കരാർ യാഥാർഥ്യമായാൽ മാത്രമേ കടപ്പത്രങ്ങളിലെ നിക്ഷേപം തുടരാൻ സാധ്യതയുള്ളൂവെന്നും ഫണ്ട് മാനേജർമാർ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - FPIs return to Indian stock market after 3 months with $1.6 billion inflows

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT