മുംബൈ: കനത്ത നഷ്ടത്തിലാണ് ഇന്ത്യൻ ഓഹരി വിപണി വെള്ളിയാഴ്ച്ച അവസാനിച്ചത്. വിദേശ നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ വിറ്റൊഴിച്ചതും പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും ഇന്ത്യൻ ഓഹരി വിപണിക്ക് തിരിച്ചടിയായി. രണ്ട് പ്രധാന ഓഹരി സൂചികകളും ഒരു ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി.
ബി.എസ്.ഇ സെൻസെക്സ് 769.67 പോയന്‍റ് കുറഞ്ഞ് 81,537.70ൽ അവസാനിപ്പിച്ചു. എൻ.എസ്.ഇ നിഫ്റ്റി 50, 241.25 പോയന്‍റ് കുറഞ്ഞ് 25,048ലുമെത്തി. ഗ്രീൻലാൻഡ് വിഷയത്തിൽ അയവുകൾ വന്നതോടെ മുൻ സെഷനുകളിൽ ഇന്ത്യൻ ഓഹരികൾക്ക് ആശ്വാസമുണ്ടായിരുന്നു. എന്നാൽ ഈ ട്രെൻഡ് അധികം നീണ്ടുനിന്നില്ല.
തുടർച്ചയായി വിദേശ നിക്ഷേപ സ്ഥാപനങ്ങൾ നടത്തിയ വിറ്റൊഴിക്കലാണ് സ്റ്റോക്ക് മാർക്കറ്റ് ഇടിവിന്‍റെ പ്രധാന കാരണം. വിദേശ നിക്ഷേപകർ ഇന്ത്യൻ ആസ്തികളിലെ നിക്ഷേപങ്ങൾ പിൻവലിക്കാൻ തുടങ്ങിയിട്ട് ആഴ്ച്ചകളായി. ഈ വർഷം മാത്രം 36,591.01 കോടിയുടെ ഓഹരികളാണ് ഇത്തരത്തിൽ വിറ്റൊഴിച്ചത്.
ഇത് ഇന്ത്യൻ വിപണിയെ കൂടുതൽ സമ്മർദത്തിലുമാക്കി. ആഭ്യന്തര നിക്ഷേപകർ 50,720.15 കോടിയുടെ ഓഹരികൾ വാങ്ങി വിപണിയെ സംരക്ഷിക്കാനും ശ്രമിച്ചു. എങ്കിലും വിദേശികളുടെ വിറ്റൊഴിക്കലിനെ പൂർണമായും പ്രതിരോധിക്കാൻ ഈ വാങ്ങലുകൾ കൊണ്ട് സാധ്യമല്ല.
വില്പന സമ്മർദ്ദം ലാർജ് ക്യാപ് ഓഹരികളിൽ മാത്രം ഒതുങ്ങുന്നതുമായിരുന്നില്ല. ഉച്ചകഴിഞ്ഞുള്ള സെഷനിൽ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് ഓഹരികൾ കുത്തനെ ഇടിഞ്ഞു.
നിഫ്റ്റി മിഡ്‌ക്യാപ് 100 സൂചിക 1.49 ശതമാനവും നിഫ്റ്റി സ്‌മോൾക്യാപ് 100 1.52 ശതമാനവും ഇടിഞ്ഞു. ഇത് നിക്ഷേപകർ ജാഗ്രത പാലിക്കുന്നതിന്‍റെയും അപകടസാധ്യതയുള്ള ഓഹരികളിൽ നിന്ന് അകന്നു മാറുകയും ചെയ്യുന്നതിന്‍റെ സൂചനയാണ്. വിപണിയിലെ ചാഞ്ചാട്ടവും കുത്തനെ ഉയർന്നു.
വെള്ളിയാഴ്ച്ച യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം സർവകാല റെക്കോർഡ് താഴ്ച്ചയിൽ എത്തിയതും വിപണിക്ക് ഭീഷണിയായി. രൂപ ദുർബലമാകുന്നത് ഇറക്കുമതി ചെലവ് വർധിക്കാനും വിലക്കയറ്റത്തിനും കാരണമാകും. ഇതും നിക്ഷേപകരെ ബാധിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.