ഓരോ മണിക്കൂറിലും 110 കോടിയുടെ ഓഹരി വിറ്റ് വിദേശികൾ; കുലുങ്ങാതെ വിപണി

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശ നിക്ഷേപകരുടെ വിൽപന പുതിയ റെക്കോഡിലേക്ക്. രണ്ട് ദശാബ്ദത്തിനിടെ ഏറ്റവും കൂടുതൽ ഓഹരികൾ വിൽപന നടത്തിയ രണ്ടാമത്തെ വർഷമാണിത്. ഈ വർഷം 234 വ്യാപാര ദിവസങ്ങളിൽ 141 ദിവസവും ഓഹരികൾ വിൽപന നടത്തുകയാണ് അവർ ചെയ്തത്. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യ കാലത്ത് 154 വ്യാപാര ദിവസങ്ങളിലും 2022ൽ റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് പിന്നാ​ലെ 146 വ്യാപാര ദിവസങ്ങളിലുമാണ് ഓഹരി വിറ്റത്.

ഡിസംബർ 12 വരെയുള്ള കണക്കുപ്രകാരം ആഭ്യന്തര ഓഹരി വിപണിയിൽനിന്ന് 1,52,273 ലക്ഷം കോടി രൂപ വിദേശ നിക്ഷേപകർ കീശയിലാക്കി. അതായത് 234 വ്യാപാര ദിവസങ്ങളിലായി 110 കോടി രൂപയുടെ ഓഹരികളാണ് ഓരോ മണിക്കൂറിലും വിദേശികൾ കൈയൊഴിഞ്ഞത്. വിദേശികളുടെ കുത്തൊഴുക്ക് കാരണം ആഭ്യന്തര നിക്ഷേപകർ കടുത്ത പ്രതിസന്ധി നേരിട്ട വർഷങ്ങളിൽ ഒന്നായി 2025 മാറി.

തുണയായത് ആഭ്യന്തര നിക്ഷേപകർ

കോടികൾ പുറത്തേക്ക് ഒഴുകിയെങ്കിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വിപണി കൂപ്പുകുത്തിയില്ല. ആഭ്യന്തര നിക്ഷേപകർ വൻ തോതിൽ ഓഹരികൾ വാങ്ങിക്കൂട്ടിയതാണ് വിപണിക്ക് തുണയായത്. 7,20,651 ലക്ഷം കോടി രൂപയുടെ ഓഹരികൾ ഈ വർഷം അവർ സ്വന്തമാക്കി. വെറും 24 വ്യാപാര ദിവസങ്ങളിൽ മാത്രമാണ് ആഭ്യന്തര നിക്ഷേപകർ ഓഹരി വിൽപന നടത്തിയത്. അതായത് ഓരോ മണിക്കൂറിലും 510 കോടി രൂപയുടെ ഓഹരികൾ വാങ്ങിക്കൂട്ടുകയായിരുന്നു.

മ്യൂച്ച്വൽ ഫണ്ട്, ഇൻഷൂറൻസ് കമ്പനികളുടെ നിക്ഷേപം വർധിച്ചതോടെയാണ് വിദേശികൾക്കുമേലുള്ള വിപണിയുടെ ആശ്രയം കുറഞ്ഞത്. ആഭ്യന്തര നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർന്നത് ലാർജ് കാപ് ഓഹരികൾക്കാണ് ഏറ്റവും നേട്ടമായത്. വൻകിട കമ്പനികളുടെ ഓഹരികൾ ഉൾപ്പെ​ടുന്ന നിഫ്റ്റി 100 സൂചിക ഈ വർഷം 10 ശതമാനത്തോളവും മിഡ് കാപ് സൂചിക അഞ്ച് ശതമാനവും ലാഭം നൽകി. എന്നാൽ, ചെറിയ കമ്പനികളുടെ ഓഹരി സൂചികയായ നിഫ്റ്റി സ്മാൾകാപ് 250 ഏഴ് ശതമാനം ഇടിവ് നേരിട്ടു.

വിദേശികൾ എന്തുകൊണ്ട് വിറ്റു?

ലോകത്ത് ഈ വർഷം ഏറ്റവും വിൽപന സമ്മർദം നേരിട്ട രണ്ടാമത്തെ ഓഹരി വിപണി ഇന്ത്യയുടെതാണ്. 17.8 ബില്ല്യൻ​ ​ഡോളർ നിക്ഷേപം വിപണിക്ക് നഷ്ടമായി. കാനഡയുടെ വിപണിയിൽനിന്ന് വിദേശ നിക്ഷേപകർ 24.9 ബില്ല്യൻ​ ഡോളർ പിൻവലിച്ചെന്നാണ് കണക്ക്.

ഓഹരി വിപണിയിൽ വിദേശ നിക്ഷേപകരുടെ കൂട്ടവിൽപനക്ക് വിവിധ ആഗോള, ആഭ്യന്തര കാരണങ്ങളുണ്ട്. ഏറ്റവും പ്രധാനമായി മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ആഭ്യന്തര വിപണിയി​ലെ ഓഹരികളുടെ ഉയർന്ന വാല്യൂഷനാണ്. യു.എസ് കടപ്പത്രങ്ങളിലെ ആദായം സംബന്ധിച്ച് അനിശ്ചിതാവസ്ഥയാണ് മറ്റൊരു കാരണം. രൂപയുടെ മൂല്യം കൂപ്പുകുത്തിയതും വിദേശ നിക്ഷേപകരുടെ പ്രതീക്ഷ നഷ്ടപ്പെടുത്തി. മാത്രമല്ല, യു.എസ് താരിഫ് ഭീഷണിയും ആഗോള വ്യാപാര രംഗത്തെ മാറ്റങ്ങളും തിരിച്ചടിയായി.

ആഗോള നിക്ഷേപകരുടെ പണം ഒഴുകിയത് വളരെ ആകർഷകമായ മൂല്യമുള്ള ഓഹരികളിലേക്കാണ്. പ്രത്യേകിച്ച് ദക്ഷിണ കൊറിയ, തായ്‍വാൻ തുടങ്ങിയ രാജ്യങ്ങളിലെ എ.ഐ, ​സെമികണ്ടക്ടർ കമ്പനികളുടെ ഓഹരികൾ.

അതേസമയം, ഈ വർഷം ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം ലഭിച്ചത് യു.എസിനാണ്. ചൈനയാണ് തൊട്ടുപിന്നിലുള്ളത്. യു.എസ് വി​പണിയിലേക്ക് 477.2 ബില്ല്യൻ​ ഡോളറിന്റെയും ചൈനയിലേക്ക് 96.2 ബില്ല്യൻ ഡോളറി​ന്റെയും നിക്ഷേപം ഒഴുകി. 

Tags:    
News Summary - FIIs sold 110 crore worth shares every hour this year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2025-12-10 04:20 GMT