ഓഹരി നിക്ഷേപകർക്ക് നഷ്ടം വിളിച്ചുവരുത്തുന്ന മാനസികാവസ്ഥയാണ് ഫോമോ അഥവാ ഫിയർ ഓഫ് മിസ്സിങ് ഔട്ട്. ഇതാണ് അവസാന ബസ് എന്നും ഇതിൽ കയറിയില്ലെങ്കിൽ ഇനി അവസരമില്ലെന്നും കരുതി തെറ്റായ തീരുമാനമെടുക്കുന്നതിനെയാണ് ഫോമോ എന്ന് പറയുക. വിപണിയുടെ കുതിപ്പിൽ അല്ലെങ്കിൽ ഏതെങ്കിലും സെക്ടറിന്റെ റാലിയിൽ ആണ് ഇത് സംഭവിക്കുക. ബുദ്ധിമാന്മാരായ നിക്ഷേപകരും നിക്ഷേപ സ്ഥാപനങ്ങളും റാലിയുടെ തുടക്കത്തിൽതന്നെ നിക്ഷേപിക്കും. സാധാരണക്കാർ ഏറെ വൈകി ഉയർന്ന വിലയിൽ വാങ്ങുന്നതോടെ ആദ്യം വാങ്ങിയവർ വിറ്റൊഴിവാക്കുകയും ഓഹരി വിലയിടിയുകയും ചെയ്യും.
ഉദാഹരണമായി പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ -പാകിസ്താൻ സംഘർഷ സൂചന പുറത്തുവന്നതു മുതൽ പ്രതിരോധ ഓഹരികളുടെ വില കുതിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ വൻകിട ഓർഡറുകൾ ലഭിച്ചുവരുന്ന വിവിധ കമ്പനികളുടെ ഓഹരി വിലയിൽ ഒരുമാസത്തിനിടെ വൻ മുന്നേറ്റമുണ്ടായി. പാരാസ് ഡിഫൻസിന്റെ ഓഹരി വില ഒരു മാസംകൊണ്ട് 74 ശതമാനമാണ് കയറിയത്.
ഷിപ്പിങ് കമ്പനികളായ ജി.ആർ.എസ്.ഇ 44 ശതമാനവും മസഗോൺ ഡോക് 28 ശതമാനവും കൊച്ചിൻ ഷിപ്‍യാർഡ് 42 ശതമാനവുമാണ് ഒരു മാസംകൊണ്ട് വില ഉയർന്നത്. ഡേറ്റ പാറ്റേൺ (52 ശതമാനം), ആസ്ട്ര മൈക്രോവേവ് (43 ശതമാനം), ഹിന്ദുസ്ഥാൻ എയ്റോനോട്ടിക് (22 ശതമാനം), മിധാനി (46 ശതമാനം), ഭാരത് ഇലക്ട്രോണിക്സ് (22 ശതമാനം), ഭാരത് ഡൈനാമിക് (32 ശതമാനം), പ്രീമിയർ എക്സ്‍പ്ലോസിവ് (29 ശതമാനം), ഡി.സി.എക്സ് സിസ്റ്റം (43 ശതമാനം) ഉയർന്നു.
ഇപ്പോൾ എല്ലാവരും പ്രതിരോധ കമ്പനി ഓഹരികളുടെ പിന്നാലെയാണ്. വെള്ളിയാഴ്ച പാരാസ് ഡിഫൻസ് വില 18.9 ശതമാനമാണ് ഉയർന്നത് പാകിസ്താനുമായുള്ള സംഘർഷ പശ്ചാത്തലത്തിൽ പ്രതിരോധ മന്ത്രാലയം 50,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചെന്ന റിപ്പോർട്ടാണ് വെള്ളിയാഴ്ചത്തെ കുതിപ്പിന് ഊർജമായത്. പ്രതിരോധ ഓഹരികളുടെ കുതിപ്പ് അവസാനിച്ചുവെന്ന് പറയാൻ കഴിയില്ല.
അതേസമയം, കഴിഞ്ഞ മൂന്നാഴ്ചക്കിടെ അത്യാവശ്യം മുന്നേറിക്കഴിഞ്ഞതിനാൽ ഇനി ഉയർന്ന വിലയിൽ വാങ്ങുന്നത് കരുതലോടെ വേണം. ഒരു സെക്ടർ അല്ലെങ്കിൽ മറ്റൊരു സെക്ടറിൽ ആയി വിപണിയിൽ അവസരങ്ങൾ ഇനിയുമുണ്ടാകും. ഏത് കമ്പനി ഓഹരി വാങ്ങിയെന്നതല്ല, ഏതു വിലയിൽ വാങ്ങി ഏതു വിലയിൽ വിറ്റു എന്നതിലാണ് നിങ്ങളുടെ ലാഭം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.