കോട്ടയം: ക്രിസ്മസ്, പുതുവൽസര വിപണിയിൽ ഏറെ പ്രിയം നാടൻ പൂവൻ കോഴിക്ക്. വലിയ തോതിൽ നാടൻ പൂവൻകോഴിക്ക് ആവശ്യക്കാർ വർധിച്ചത് കോഴി കർഷകർക്ക് ഗുണകരമായി. മോഹവിലയാണ് കർഷകർക്ക് ലഭിക്കുന്നത്. ഏറ്റവുമധികം ആവശ്യക്കാരുള്ളത് കരിംപൂവൻ കോഴിക്കാണ്.
ഏറെ പ്രതിസന്ധികൾ നേരിട്ട് നാടൻ കോഴി വളർത്തൽ നടത്തുന്നവർക്ക് ശുഭകരമായ വാർത്തയാണ് വിപണിയിലെ ഡിമാന്റ്. കുറുക്കൻ, കുറുനരി, തെരുവുനായ, കീരീ, മരപ്പട്ടികൾ തുടങ്ങിയവയുടെ ശല്യവും പക്ഷിപ്പനിയെ തുടർന്ന് സർക്കാർ ഹാച്ചറികൾ ദീർഘകാലം അടച്ചിട്ടതും പൂവൻ കോഴികളുടെ ലഭ്യത കുറച്ചിരുന്നു. ഇപ്പോൾ കോഴിവളർത്തൽ വിപണിക്ക് പുതിയ ഊർജം പകർന്നാണ് നാടൻ പൂവൻകോഴിക്ക് ആവശ്യം വർധിക്കുന്നത്.
മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കോഴികൾക്ക് നാടൻ കോഴിയേക്കാൾ വിലക്കുറവാണ്. കോഴിഫാമുകളിൽ ലഭിക്കുന്ന ഇറച്ചിക്കോഴിയേക്കാൾ വലിയ തുക നൽകിയാണ് ആളുകൾ നാടൻകോഴി വാങ്ങുന്നത്. കോഴികളെ നേർച്ചയായി നൽകുന്ന പെരുന്നാളുകളുടെയും ഉൽസവങ്ങളുടെയും കാലമാണ് വരും നാളുകൾ. ആ സാഹചര്യവും വില ഉയരാൻ കാരണമാണെന്ന് കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് പറഞ്ഞു. ആവശ്യം വർധിക്കുമെന്ന് തിരിച്ചറിഞ്ഞ് കൂടുതൽ നാടൻ കോഴികളെ വിപണിയിലെത്തിക്കാനുള്ള കഠിന യത്നത്തിലാണ് കോഴികർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.