മുംബൈ: തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചതിന് പിന്നാലെ നിക്ഷേപകർക്ക് ഓഹരി വിപണിയിൽ 15 മിനിറ്റിനുള്ളിൽ നഷ്ടമായത് മൂന്ന് ലക്ഷം കോടി. യു.എസ് കേന്ദ്രബാങ്ക് പലിശനിരക്ക് ഉയർത്താനുള്ള സാധ്യതയും വിൽപന സമ്മർദവുമാണ് വിപണിയെ വൻ തകർച്ചയിലേക്ക് നയിച്ചത്.
സെൻസെക്സിന്785 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് ചെറിയ തിരിച്ചുവരവ് നടത്തിയെങ്കിലും നഷ്ടത്തിൽ തന്നെയാണ് തുടരുന്നത്. 17000 പോയിന്റിലെ പ്രതിരോധം തകർന്ന് നിഫ്റ്റി 16,996 പോയിന്റിലേക്ക് വീണു. ബി.എസ്.ഇ മിഡ്ക്യാപ് ഇൻഡക്സ് 1.5 ശതമാനം നഷ്ടവും ബി.എസ്.ഇ സ്മോൾക്യാപ് ഇൻഡക്സ് 1.3 ശതമാനവും നഷ്ടം രേഖപ്പെടുത്തി.
സെൻസെക്സ് ടാറ്റ സ്റ്റീൽ, ടെക് മഹീന്ദ്ര, എച്ച്.യു.എൽ, വിപ്രോ ഇൻഡസ്ട്രീസ്, ഇൻഡസ്‍ലാൻഡ് ബാങ്ക് എന്നിവരാണ് കനത്ത നഷ്ടം നേരിട്ടത്. ഇൻഫോസിസ്, ടി.സി.എസ്, എച്ച്.സി.എൽ ടെക് തുടങ്ങിയ ഓഹരികളും നഷ്ടത്തിന്റെ ചൂടറിഞ്ഞു. ഒരു ശതമാനത്തോളം നഷ്ടമാണ് ഈ ഓഹരികൾക്കുണ്ടായത്.
ഫ്യൂച്ചർ ഗ്രൂപ്പുമായുണ്ടായ ഇടപാടിൽ പ്രതിസന്ധിയുണ്ടായതോടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികളും ഇടിഞ്ഞു. അതേസമയം ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ഓഹരിവില ഉയർന്നു. മികച്ച നാലാംപാദ ലാഭഫലമാണ് ഐ.സി.ഐ.സി.ഐ ബാങ്കിന് ഇന്നും തുണയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.