ട്രംപിന്റെ ഭീഷണിയിൽ തകർന്ന് ഇന്ത്യൻ ഓഹരി വിപണി; നിക്ഷേപകരുടെ നഷ്ടം 4.36 ലക്ഷം കോടി

മുംബൈ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുവ ഭീഷണിയിൽ തകർന്നടിഞ്ഞ് ഇന്ത്യൻ വിപണികൾ. തുടർച്ചയായ അഞ്ചാം സെഷനിലും വിപണികളിൽ വലിയ നഷ്ടം രേഖപ്പെടുത്തി. ബോംബെ സൂചിക സെൻസെക്സ് 850 പോയിന്റ് ഇടിഞ്ഞപ്പോൾ നിഫ്റ്റിയിൽ 242 പോയിന്റ് നഷ്ടം രേഖപ്പെടുത്തി.

74,454 പോയിന്റിലാണ് ബോംബെ സൂചിക വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 22,553 പോയിന്റിലും ക്ലോസ് ചെയ്തു. ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 4.35 ലക്ഷം കോടി കുറഞ്ഞ് 397.85 ലക്ഷം കോടിയായി കുറഞ്ഞു. വിദേശ നിക്ഷേപകർ ഇപ്പോഴും വിൽപനക്കാരായി തുടരുന്നത് വിപണിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

യു.എസ് സമ്പദ്‍വ്യവസ്ഥയിലെ ചലനങ്ങൾ തന്നെയാണ് ലോകത്തെ മറ്റു വിപണികളേയും പ്രതിസന്ധിയിലാക്കുന്നത്. ഏഷ്യയിലെ പ്രധാനപ്പെട്ട വിപണികളെല്ലാം നഷ്ടത്തിലാണ്. ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങൾക്കുമേൽ അധിക തീരുവ ചുമത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇത് ആഗോള വ്യാപാര യുദ്ധത്തിന് കാരണമാവുമോയെന്ന് ആശങ്കയുണ്ട്. ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലെ ഓഹരി വിപണികൾ തകരാൻ ഇതൊരു പ്രധാനകാരണമാവുന്നുണ്ട്.

ഇതിനൊപ്പം യു.എസിൽ പണപ്പെരുപ്പം ഉയരുമെന്ന ആശങ്കയും വിപണിയുടെ തകർച്ചക്കുള്ള കാരണമാവുന്നുണ്ട്. ​ട്രംപിന്റെ നയങ്ങൾ യു.എസിൽ പണപ്പെരുപ്പം വർധിപ്പിക്കുമോയെന്ന ആശങ്കയാണ് ഉയരുന്നത്. ഇതിന്റെ സൂചനകൾ യു.എസ് സമ്പദ്‍വ്യവസ്ഥയിൽ പ്രകടമാവുന്നുണ്ട്. വിദേശ നിക്ഷേപകർ  2025ൽ മാത്രം ഒരു ലക്ഷം കോടിയുടെ ഓഹരികൾ വിറ്റഴിച്ചു. ഇതും വിപണിയിൽ ഇടിവുണ്ടാവുന്നതിന് ഇടയാക്കി.

Tags:    
News Summary - D-St traders lose 4.35 lakh crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT