ന്യൂഡൽഹി: കഴിഞ്ഞ ദിവസത്തെ കനത്ത ഇടിവിന് ശേഷം ചൊവ്വാഴ്ച ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു. യു.എസ് ഇറാൻ യുദ്ധത്തിൽ നയതന്ത്രതലത്തിലുള്ള ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും പ്രതിസന്ധിക്ക് പെട്ടെന്ന് ഒരു പരിഹാരം കാണാനാകുമെന്ന പ്രതീക്ഷ കുറവായതിനാൽ, ക്രൂഡ് ഓയിൽ കയറ്റുമതിയെ ഇത് എങ്ങനെ ബാധിക്കുമെന്ന ആശങ്കയിൽ വിപണി ജാഗ്രത തുടരുകയാണ്.
ബ്രെന്‍റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 0.7 ശതമാനം ഉയർന്ന് ഒരു ബാരലിന് 84.39 ഡോളറിലെത്തി. മുൻ സെഷനിൽ ഇത് 7 ശതമാനം ഇടിഞ്ഞ് മൂന്ന് ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയിരുന്നു. അതേസമയം,ഡബ്ല്യു.ടി.ഐ ക്രൂഡ് വിലയും 0.7 ശതമാനം വർധിച്ച് 80.95 ഡോളറിലെത്തി. ഒരാഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തിയതിൽ നിന്നാണ് തിരിച്ചു കയറുന്നത്.
സംഘർഷം അവസാനിപ്പിക്കാനും തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിലെ തർക്കങ്ങൾ പരിഹരിക്കാനുമുള്ള നയതന്ത്ര ശ്രമങ്ങൾ തുടരുന്നതിനാൽ ഇറാനെതിരെയുള്ള സൈനിക നടപടികൾ വൈകിപ്പിക്കുന്നതായി കഴിഞ്ഞ ഞായറാഴ്ച യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. തുടർന്ന് എണ്ണവിലയിൽ ഇടിവുണ്ടായി. എന്നാൽ തിങ്കളാഴ്ച ഇറാൻ ട്രംപിന്‍റെ പ്രസ്താവന തള്ളി.
യു.എസുമായുള്ള ചർച്ചകൾ ഒന്നും നടപ്പിലില്ലെന്നും കൂടിക്കാഴ്ചകൾ ഒന്നും നിശ്ചയിച്ചിട്ടില്ലെന്നുമാണ് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഘായി വ്യക്തമാക്കിയത്. ഹുർമുസ് കടലിടുക്ക് തന്നെയാണ് ഇപ്പോഴും പ്രധാന തർക്ക വിഷയമായി തുടരുന്നത്. കടലിടുക്ക് വീണ്ടും തുറക്കണമെന്ന് ജൂണിൽ ഒപ്പുവെച്ച ധാരണാപത്രം അനുശാസിക്കുന്നുണ്ടെന്ന് യു.എസ് വാദിക്കുമ്പോൾ, കടലിടുക്കിന്‍റെ മേലുള്ള തങ്ങളുടെ അധികാരം ഈ കരാർ വ്യക്തമായി സംരക്ഷിക്കുന്നുണ്ടെന്നാണ് ഇറാന്‍റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.