കണ്ണൂർ: കഴിഞ്ഞ ദിവസവും ലിറ്ററിന് ആറുരൂപ കൂടിയതോടെ അടുക്കളയിൽ വെളിച്ചെണ്ണ പൊള്ളുകയാണ്. കഴിഞ്ഞവർഷം ജൂണിൽ ഒരു ലിറ്റർ വെളിച്ചെണ്ണയുടെ വില 155 രൂപ, തേങ്ങക്ക് കിലോക്ക് 35 രൂപ. വർഷമൊന്ന് കഴിയുമ്പോൾ തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില ഇരട്ടിയായി.
350 രൂപയാണ് നിലവിൽ ഒരു ലിറ്റർ വെളിച്ചെണ്ണയുടെ ചില്ലറ വില. തേങ്ങ കടയിൽ വിൽക്കുമ്പോൾ 68-70 രൂപ ലഭിക്കും. ചില്ലറ വില വർധിച്ച് 76 രൂപയായതോടെ പണം കൊടുത്ത് തേങ്ങ വാങ്ങുന്നവരുടെ കൈ പൊള്ളും.കഴിഞ്ഞ ഡിസംബറിലാണ് തേങ്ങ വില 50 കടന്നത്. മാർച്ച് അവസാനം അറുപതും ജൂണിൽ എഴുപതുമായി. വെളിച്ചെണ്ണ വില ഈ വർഷം ആദ്യം 250 രൂപയായിരുന്നു. മേയ് അവസാനത്തോടെ മുന്നൂറിലെത്തി.
കൊപ്രക്ക് ഈ വർഷം ആദ്യം 150 രൂപയുണ്ടായിരുന്നത് 210 ആയി വർധിച്ചു. പിണ്ണാക്കിന് 32ൽനിന്ന് 37 ആയി. വില വർധിച്ചിട്ടും നാളികേര കർഷകർക്ക് ഗുണമൊന്നുമില്ല. തേങ്ങ ഉൽപാദനം ഗണ്യമായി കുറഞ്ഞതാണ് കാരണം. മണ്ട ചീയൽ, മണ്ഡരി ബാധ അടക്കമുള്ള രോഗം കാരണം തെങ്ങുകൾ പാതിയും നശിച്ചതാണ് വിളവ് കുറയാൻ പ്രധാന കാരണം. തീരപ്രദേശങ്ങളിൽ തെങ്ങോലപ്പുഴുവിന്റെ ശല്യവും വ്യാപകമായിരുന്നു.
സാധാരണ ധാരാളം തേങ്ങയുണ്ടാവുന്ന ഏപ്രിൽ, മേയ് മാസങ്ങളിൽ ഇത്തവണ കാര്യമായൊന്നുമുണ്ടായില്ല. തേങ്ങ വില വിശ്വസിക്കാനാവാത്തതിനാൽ വിലയുള്ളപ്പോൾ പച്ചത്തേങ്ങ വിറ്റഴിക്കുകയാണ് കർഷകർ. ഓയിൽ മില്ലുകളിലും തേങ്ങ കിട്ടാനില്ല. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ഭാഗത്തുനിന്നാണ് കാര്യമായി തേങ്ങ വന്നിരുന്നത്. തമിഴ്നാട്ടിൽനിന്നും കർണാടകയിൽനിന്നും തേങ്ങയെടുക്കാൻ നിർബന്ധിതരായിരിക്കുകയാണ് വ്യാപാരികൾ.
തേങ്ങക്ക് ഒപ്പം ചിരട്ടക്കും നല്ലകാലമാണ്. ജില്ലക്ക് അകത്തും പുറത്തുമുള്ള ഏജന്റുമാർ വാഹനവുമായി വീടുവീടാന്തരം കയറി ചിരട്ട ശേഖരിക്കാൻ തുടങ്ങി. ജലശുദ്ധീകരണത്തിനുള്ള പ്രകൃതിദത്ത വസ്തുവായി ചിരട്ടക്കരി ഉപയോഗിക്കുന്നതാണ് വില വർധിക്കാൻ കാരണം. ഒരു കിലോ ചിരട്ടക്ക് 30 മുതൽ 35 രൂപവരെയാണ് വില.
കൊപ്ര ആക്കുന്നവർക്കും വെളിച്ചെണ്ണ എടുക്കുന്നവർക്കും ഇതോടെ അധിക വരുമാനമായി. തമിഴ്നാട്ടിലേക്കും കർണാടകയിലേക്കുമാണ് ചിരട്ട കൂടുതലായി കയറ്റുമതി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.