വെളിച്ചെണ്ണ വില വൻതോതിൽ ഉയർന്നതോടെ വിപണിയിൽ വ്യാജനും നിറയുന്നു. ഒരു വർഷത്തിനിടെ കിലോക്ക് 200 രൂപയിലധികം വർധിച്ചതോടെയാണ് ആരോഗ്യത്തിനുവരെ ഹാനികരമായ വ്യാജ വെളിച്ചെണ്ണകൾ കളം നിറഞ്ഞത്. സാധാരണ വെളിച്ചെണ്ണയേക്കാൾ ലിറ്ററിന് 30 മുതൽ 50 രൂപ വരെ കുറവിലാണ് ഇവ വിൽക്കുന്നത്. സർക്കാർ സംരംഭമായ കേര ഫെഡിന്‍റെ ‘കേര’ ബ്രാൻഡിന് സമാനമായ പേരും പാക്കിങ്ങുമായി നിരവധി ബ്രാൻഡ് വെളിച്ചെണ്ണകൾ വിപണിയിലുണ്ട്. പ്രമുഖ സൂപ്പർ മാർക്കറ്റുകളിൽ വരെ ഇവ വിൽക്കുന്നു. പക്ഷെ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ പരിശോധന നാമമാത്രമാണ്.
പതിവ് പരിശോധനകൾ മാത്രമാണ് നടക്കുന്നതെന്ന് ഭക്ഷ്യസുരക്ഷ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ ‘മാധ്യമ’ത്തോട് പറഞ്ഞു. കേരഫെഡിന്‍റെ ‘കേര’ വെളിച്ചെണ്ണയെന്ന് തോന്നിപ്പിക്കുന്ന വിധം 62 ബ്രാൻഡുകൾ സംസ്ഥാനത്ത് വിൽക്കുന്നുണ്ടെന്ന് കേരഫെഡ് ചെയർമാൻ വി. ചാമുണ്ണി, വൈസ് ചെയർമാൻ കെ. ശ്രീധരൻ എന്നിവർ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടും വ്യാജന് കുറവൊന്നുമില്ല. വ്യാജ വെളിച്ചെണ്ണ സംബന്ധിച്ച് അധികൃതർക്ക് പരാതി നൽകിയിരുന്നതായി വി. ചാമുണ്ണി ‘മാധ്യമ’ത്തോട് പറഞ്ഞു. വിലക്കുറവുള്ളതിനാൽ പലരും വ്യാജ വെളിച്ചെണ്ണയാണ് വാങ്ങുന്നത്.
ഒരു വർഷം മുമ്പ് 150-170 രൂപക്ക് ഒരു കിലോ വെളിച്ചെണ്ണ ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ 360-390 രൂപയാണ് വില. വർധന ഇരട്ടിയിലധികം!. കേരളത്തിൽ തേങ്ങ ഉൽപാദനം കുറഞ്ഞതും കൊപ്ര കിട്ടാനില്ലാത്തതുമാണ് വില വർധനക്ക് കാരണമെന്ന് വ്യാപാരികൾ പറയുന്നു. ഇറക്കുമതിയും കുറഞ്ഞു. മലേഷ്യയിൽനിന്നും ശ്രീലങ്കയിൽനിന്നും ചൈന വൻതോതിൽ തേങ്ങയും വെളിച്ചെണ്ണയും വാങ്ങിയതോടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുറയുകയും അന്താരാഷ്ട്ര തലത്തിൽ വില ഉയരുകയും ചെയ്തതായും പ്രമുഖ വെളിച്ചെണ്ണ മിൽ ഉൽപാദകർ പറയുന്നു.
കേരളത്തിൽനിന്ന് കൊപ്ര കിട്ടാനില്ലാത്ത സാഹചര്യമാണെന്ന് കേരഫെഡും വ്യക്തമാക്കുന്നു. കേരളത്തിലെ കർഷകരിൽനിന്നുതന്നെ തേങ്ങയും കൊപ്രയും സമാഹരിക്കാനുള്ള ശ്രമമാണെന്ന് കേരഫെഡ് ചെയർമാൻ വി. ചാമുണ്ണി പറഞ്ഞു. ഇതിനായി സഹകരണ സംഘങ്ങളുടെയും കർഷകരുടെയും യോഗങ്ങൾ ചേരുന്നുണ്ട്. വില വർധനയുടെ ഗുണം കർഷകർക്കു ലഭ്യമാക്കാനാണ് ശ്രമം. നിലവിൽ അയൽ സംസ്ഥാനങ്ങളിൽനിന്നാണ് വൻതോതിൽ കൊപ്രയും വെളിച്ചെണ്ണയും കേരളത്തിലെത്തുന്നത്.
മിക്കവാറും മില്ലുകളെല്ലാം കേരളത്തിൽനിന്ന് തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും പ്രവർത്തനം മാറ്റിയതായി പ്രമുഖ വെളിച്ചെണ്ണ ബ്രാൻഡ് ഉടമ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇവർ കേരളത്തിൽനിന്ന് ലഭ്യമാകുന്ന തേങ്ങ സമാഹരിച്ച് തമിഴ്നാട്ടിലും കർണാടകയിലും കൊണ്ടുപോയി വെളിച്ചെണ്ണയാക്കി കൊണ്ടുവരുകയാണ്. കൂലി കുറവും ചിരട്ട അടക്കം വിൽക്കാനുള്ള സാഹചര്യങ്ങളും മൂലമാണ് പ്രവർത്തന മേഖല മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി.
തൃശൂരിൽ വെളിച്ചെണ്ണ ക്വിന്‍റലിന് 35,000 രൂപയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ചത്തെ മൊത്ത വില. കൊപ്ര ക്വിൻറലിന് 22,600 രൂപ. തേങ്ങ കിലോക്ക് 71 രൂപക്ക് മുകളിലാണ്. ചിരട്ട കിലോ വില 30 രൂപ കടന്നു. കോഴിക്കോട്ട് വെളിച്ചെണ്ണക്ക് 36,100 ഉം കൊപ്ര രാജപ്പൂരിന് 25,500ഉം ആണ് വെള്ളിയാഴ്ചത്തെ വില.
പാം കെർണൽ ഓയിൽ, പാരഫിൻ ഓയിൽ, ശ്രീലങ്കയിൽനിന്ന് വരുന്ന തേങ്ങപ്പിണ്ണാക്ക് ലായകം തുടങ്ങിയവയാണ് വ്യാജ വെളിച്ചെണ്ണ നിർമിക്കാൻ പ്രധാനമായും ഉപയോഗിക്കുന്നത്. പെട്രോളിയം ഉൽപന്നമായ പാരഫിൻ ഓയിൽ ആരോഗ്യത്തിന് ഭീഷണിയുയർത്തുന്നതാണ്. ലിറ്ററിന് 150 രൂപ വിലയുള്ള പാം കെർണൽ ഓയിലും വെളിച്ചെണ്ണയിൽ ചേർക്കുന്നുണ്ട്.
സർക്കാറിന്‍റെ ഭക്ഷ്യക്കിറ്റിൽ വരെ ഈ വ്യാജ വെളിച്ചെണ്ണകൾ ഇടംപിടിച്ച സംഭവവുമുണ്ടായി. കഴിഞ്ഞ ഓണക്കാലത്ത് ഇടുക്കിയിലെ ചില ആദിവാസി കുടിലുകളിൽ വിതരണംചെയ്ത ഭക്ഷ്യക്കിറ്റുകളിൽ കേരഫെഡിന്‍റെ ‘കേര’ വെളിച്ചെണ്ണയോട് സാദൃശ്യം തോന്നിക്കുന്ന രീതിയിൽ കേര ശക്തി, കേര സമൃദ്ധി എന്നിവ വിതരണം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.