ഇലക്ട്രിക് വാഹന വിപണി കൈയടക്കാൻ ചൈന; ടാറ്റയെയും മഹീന്ദ്രയെയും ഉടൻ പിന്തള്ളും

മുംബൈ: ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപണിയിൽ അധികം വൈകാതെ ചൈന ആധിപത്യമുറപ്പിക്കും. ആഭ്യന്തര ഇലക്ട്രിക് വാഹന വിപണിയിൽ മുൻനിരയിലുള്ള ടാറ്റ മോട്ടോർസും മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ചൈന​യുമായി കടുത്ത മത്സരമാണ് നേരിടുന്നത്. ഈ വർഷം ഏറ്റവും കൂടുതൽ ഇലക്ട്രിക് കാറുകൾ വിൽപന നടത്തിയതിൽ ചൈനയുടെ കമ്പനികൾ രണ്ടാം സ്ഥാനത്തെത്തി. രണ്ട് വർഷത്തിനുള്ളിലാണ് ചൈനയുടെ കാർ കമ്പനികൾ ദക്ഷിണ കൊറിയൻ, ജർമ്മൻ കമ്പനികളെ മറികടന്ന് ഇലക്ട്രിക് വാഹന വിപണിയുടെ മൂന്നിലൊന്ന് സ്വന്തമാക്കിയത്. ബി.വൈ.ഡി, എം.ജി, വോൾവോ തുടങ്ങിയ കമ്പനികളാണ് നൂതന സാ​ങ്കേതിക വിദ്യയും റേഞ്ചും വിശ്വാസ്യതയും ഉറപ്പുവരുത്തി ഇന്ത്യൻ ഉപഭോക്താക്കളുടെ ഹൃദയം കവർന്നത്.

2019ൽ ഇന്ത്യയിൽ ഒരു ഇലക്ട്രിക് വാഹനം പോലും ചൈനീസ് കമ്പനികൾ വിറ്റിരുന്നില്ല. ഈ വർഷം ഒക്ടോബറോടെ 57,260 കാറുകളാണ് ബി.വൈ.ഡി, എം.ജി, വോൾവോ തുടങ്ങിയവർ വിൽപന നടത്തിയത്. ഇതോടെ വിപണി പങ്കാളിത്തം 33 ശതമാനമായി ഉയർന്നു. ഈ നേട്ടത്തിന്റെ ചുവടുപിടിച്ച് എക്സ്പെങ്, ഗ്രേറ്റ് വാൾ, ഹൈമ തുടങ്ങിയ ചൈനീസ് കാർ കമ്പനികളും ആഭ്യന്തര വിപണിയിലേക്ക് ഉടൻ എത്തുമെന്നാണ് റിപ്പോർട്ട്. അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യയും ചൈനയും തമ്മിൽ പരസ്പര ബന്ധം ശക്തമാക്കിയത് കാർ നിർമാതാക്കളുടെ വരവിന് വേഗം കൂട്ടുമെന്നാണ് സൂചന. ചൈനീസ് ഇലക്ട്രിക് കാറുകൾ വന്നതോടെ ഉപഭോക്താക്കൾക്ക് മികച്ചത് ​തിരഞ്ഞെടുക്കാൻ കൂടുതൽ അവസരം ലഭിച്ചതായി വിദഗ്ധർ പറഞ്ഞു. മാത്രമല്ല, ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നയത്തിന് വൻ പിന്തുണകൂടിയാണ് ആഗോള കമ്പനികളുടെ സാന്നിധ്യം.

ബ്രിട്ടനിൽനിന്ന് ചൈന വാങ്ങിയ എം.ജി മോട്ടോർസാണ് ആഭ്യന്തര വിപണിയിലേക്ക് ആദ്യം വന്നത്. ഉപഭോക്താക്കളുടെ താൽപര്യത്തിന് അനുസരിച്ച സൗകര്യങ്ങളുള്ള കാറുകൾ ഉപഭോക്താക്കൾക്ക് താങ്ങാൻ കഴിയുന്ന വിലയിൽ പുറത്തിറക്കിയതോടെ ഡിമാൻഡ് കുതിച്ചുയരുകയായിരുന്നു. ഇലക്ട്രിക് വാഹന വിപണിയിൽ മത്സരം കടുത്തതോടെ രാജ്യത്തെ വ്യവസായ പ്രമുഖരായ ജെ.എസ്.ഡബ്ല്യു ഗ്രൂപ്പുമായി ചേർന്ന് സംയുക്ത കമ്പനി തുടങ്ങിയിരിക്കുകയാണ് എ.ജി. മോട്ടോറിന്റെ ഉടമസ്ഥരായ ഷാങ്ഹായ് ഓട്ടോമോട്ടിവ് ഇൻഡസ്ട്രി കോർപറേഷൻ (എസ്.എ.ഐ.സി മോട്ടോർ).

ആഭ്യന്തര വിപണിയിലെ കാർ ഉപഭോക്താക്കളുടെ താൽപര്യങ്ങൾ പരിഗണിച്ചതാണ് വളർച്ചയുടെ കാരണമെന്ന് ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോർ ഇന്ത്യയുടെ ചീഫ് കൊമേഴ്സ്യൽ ഓഫിസർ വിനയ് റെയ്ന പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളിൽ ഒന്നായ ബി.വൈ.ഡി 2,935 കാറുകൾ ഈ വർഷം വിൽപന നടത്തി. എന്നാൽ, ശതകോടീശ്വരനും യു.എസിലെ പ്രമുഖരുമായ ടെസ്‍ലക്ക് 165 കാറുകൾ മാത്രമാണ് വിൽക്കാൻ കഴിഞ്ഞത്.

Tags:    
News Summary - Chinese brands to dominate Indian EV market soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT