ന്യൂയോർക്ക്: സ്വർണ വില കുതിച്ചുയരുമ്പോഴും അമേരിക്കൻ നിക്ഷേപകരെ ആകർഷിച്ചത് ഓഹരി വിപണിയിലെ പെന്നി സ്റ്റോക്ക്. ബിയോണ്ട് മീറ്റ് എന്ന കുഞ്ഞു കമ്പനിയുടെ ഓഹരിയാണ് ദിവസങ്ങൾക്കുള്ളിൽ യു.എസ് നിക്ഷേപകർക്ക് കീശ നിറയെ റിട്ടേൺ നൽകിയത്. 0.67 സെന്റ് (59 രൂപ) മാത്രമായിരുന്ന ഓഹരി വില 7.69 ഡോളറായി (676.72 രൂപ) വളർന്നു. അതായത് അഞ്ച് ദിവസം കൊണ്ട് 1000 ശതമാനത്തിലേറെ ലാഭം. ഒക്ടോബർ 16 മുതൽ 22 വരെയുള്ള വ്യാപാര ദിവസങ്ങളിൽ കമ്പനിയുടെ വിപണി മൂലധനം 200 ദശലക്ഷം ഡോളറിൽനിന്ന് 3.5 ബില്ല്യൻ ഡോളറായി ഉയർന്നു.
ചെറുകിട നിക്ഷേപകർ കൂട്ടമായി വാങ്ങിക്കൂട്ടിയതോടെയാണ് പ്ലാന്റ് ബേസ്ഡ് മീറ്റ്, ബർഗർ, ബീഫ്, സോസേജ്, ചിക്കൻ തുടങ്ങിയവ ഉത്പാദിപ്പിക്കുന്ന ബിയോണ്ട് മീറ്റിന്റെ ഓഹരി വില കുതിച്ചുയർന്നത്. നോൺ വെജിറ്റേറിയൻ സ്വാദ് നൽകുന്ന പൂർണ വെജിറ്റേറിയൻ ഭക്ഷണമാണ് ഇവരുടെ പ്രത്യേകത. അഞ്ച് വർഷമായി നഷ്ടത്തിലോടുന്ന കമ്പനിയായിട്ടും ഓഹരി വില കുതിച്ചുയരുകയായിരുന്നു.
പക്ഷെ, പിന്നീട് ഓഹരി വിലയിലെ മുന്നേറ്റം തുടരാൻ മീം സ്റ്റോക്കായ ബിയോണ്ട് മീറ്റിന് കഴിഞ്ഞില്ല. സോഷ്യൽ മീഡിയയിലെ പ്രചാരവും ഓൺലൈൻ സമൂഹത്തിന്റെ ആവേശവും കാരണം വില കുതിച്ചുയരുന്ന ഓഹരികളെയാണ് മീം സ്റ്റോക്ക് എന്ന് വിളിക്കുന്നത്. ട്വിറ്റർ, റെഡിറ്റ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇത്തരം ഓഹരികൾ നിക്ഷേപകർക്കിടയിൽ വൈറലാകുന്നത്.
രണ്ട് വാർത്തകളാണ് ഓഹരി നിക്ഷേപകരെ ബിയോണ്ട് മീറ്റിലേക്ക് ആകർഷിച്ചത്. മീം സ്റ്റോക്ക് ഇ.ടി.എഫിലേക്ക് ബിയോണ്ട് മീറ്റിനെ ഉൾപ്പെടുത്തിയെന്ന റൗണ്ട്ഹിൽ ഇൻവെസ്റ്റ്മെന്റ്സ് എന്ന കമ്പനിയയുടെ പ്രസ്താവനായാണ് ആദ്യം പുറത്തുവന്നത്. പിന്നാലെ, യു.എസിലെ കൂടുതൽ വാൾമാർട്ട് സ്റ്റോറുകളിൽ ബിയോണ്ട് മീറ്റ് ഉത്പന്നങ്ങൾ ലഭ്യമാക്കുമെന്ന് കമ്പനിയും അറിയിച്ചതോടെ നിക്ഷേപകർ ഓഹരികൾ വാങ്ങിക്കൂട്ടാൻ തുടങ്ങുകയായിരുന്നു. 2009ൽ കാലിഫോർണിയ ആസ്ഥാനമായി തുടങ്ങിയ കമ്പനി യു.എസ് ഓഹരി സൂചികയായ നസ്ദാഖിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.