ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫൗണ്ടേഷന്‍റെ കീഴിലുള്ള ക്ഷീരോൽപ്പന്ന ബ്രാന്‍റായ അമുൽ റീടെയ്‍ൽ ഉൽപ്പന്നങ്ങളുടെ വില വെട്ടിക്കുറച്ചു. ബട്ടർ, ഐസ് ക്രീം, നെയ്, ബേക്കറി ഉത്പന്നങ്ങൾ എന്നിവയുൾപ്പെടെ 700 ഓളം ഉൽപ്പന്നങ്ങളുടെ വിലയാണ് കുറച്ചത്. പുതിയ വില 22 മുതൽ നടപ്പിലാകും.
ജി.എസ്.ടി ഇളവുകൾ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് വില കുറക്കൽ നടപടി. ഇത് പ്രകാരം 100 ഗ്രാം ബട്ടറിന്‍റെ വില 58 ൽ നിന്ന് 62 രൂപയാകും. ഒരു ലിറ്റർ നെയ്യുടെ വിലയായ 610ൽ നിന്ന് 40 രൂപ കുറയും. തണുപ്പിച്ച 200 ഗ്രാം പനീറിന്‍റെ വില 99 രൂപയിൽ നിന്ന് 95 ആകും.
വില വെട്ടിക്കുറച്ചത് അമുൽ ഉൽപ്പന്നങ്ങളുടെ പ്രത്യേകിച്ച് ഐസ്ക്രീം, ബട്ടർ, വെണ്ണ തുടങ്ങിയവയുടെ വിൽപ്പന വർധിക്കാൻ സഹായിക്കുമെന്നാണ് അമുലിന്‍റെ പ്രതീക്ഷ. 36 ലക്ഷം ക്ഷീര കർഷകർക്ക് ഇത് നേട്ടമാകുമെന്നും കരുതുന്നു. ഉപഭോക്താക്കളുടെ താൽപ്പര്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിലക്കിഴിവ് പ്രഖ്യാപിച്ചതെന്നാണ് അമുൽ അധികൃതർ അറിയിച്ചിരിക്കുന്നത്.
വരാനിരിക്കുന്ന ഉത്സവ സീസണിൽ പാലുൽപ്പന്നങ്ങളുടെ ഉപഭോഗം കൂടുന്ന സമയത്ത് തന്നെ വിലകുറക്കൽ പ്രഖ്യാപനം അമുലിന് നേട്ടമാകും. മദർ ഡയറി സെപറ്റംബർ 22ന് തങ്ങളുടെ വില കുറച്ചു കൊണ്ട് പ്രഖ്യാപനം നടത്തിയതിനു പിന്നാലെയാണ് അമുലിന്‍റെ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.