ന്യൂയോർക്ക്: നിക്ഷേപകർ ആവേശത്തോടെ വാങ്ങിക്കൂട്ടിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിത ബുദ്ധി) മേഖലയിലെ കമ്പനികളുടെ ഓഹരികൾക്ക് ഊർജം നഷ്ടപ്പെടുന്നു. കഴിഞ്ഞ ആഴ്ച ലക്ഷക്കണക്കിന് എ.ഐ ഓഹരി നിക്ഷേപകർക്ക് കനത്ത തിരിച്ചടി നേരിട്ടു. വൻ കുതിച്ചുചാട്ടം നടത്തിയ ഭൂരിഭാഗം ഓഹരികളുടെ വിലയും കൂപ്പുകുത്തി. യു.എസ് ഓഹരി വിപണിയിലാണ് എ.ഐ തരംഗം ദിവസങ്ങൾക്കുള്ളിൽ കെട്ടടങ്ങിയത്.
കോർവീവ് ഓഹരി വില 44 ശതമാനവും സൂപ്പർ മൈക്രോ കമ്പ്യൂട്ടർ 40 ശതമാനവും സോഫ്റ്റ് ബാങ്ക് 22 ശതമാനത്തിലേറെയും തകർന്നു. എ.ഐ ആപ്ലിക്കേഷനുകൾക്ക് അത്യാവശ്യമായ ക്ലൗഡ് അടിസ്ഥാന സൗകര്യ ബിസിനസ് ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ച ഓറാക്കിൾ ഓഹരി വില കഴിഞ്ഞ ആഴ്ച ഒമ്പത് ശതമാനം ഇടിഞ്ഞു. ഈ വർഷത്തെ ഏറ്റവും ഉയർന്ന വിലയിൽനിന്ന് 31 ശതമാനം നഷ്ടത്തിലാണ് നിലവിൽ ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. യു.എസ് വിപണിയിലെ എ.ഐ ഭീമന്മാരായ എൻവിഡിയ, ടെസ്‍ല, മെറ്റ പ്ലാറ്റ്ഫോംസ് തുടങ്ങിവരുടെയും ഓഹരി വില കൂട്ടവിൽപനയിൽ തകർന്നടിഞ്ഞു. നാല് മുതൽ ഒമ്പത് ശതമാനം വരെ ഇടിവാണ് നേരിട്ടത്.
പലന്റിർ ടെക്നോളജീസ് എന്ന കമ്പനി മൂന്നാം സാമ്പത്തിക പാദ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു വിപണിയിലെ കൂട്ടവിൽപന. പ്രതീക്ഷിച്ചതിനേക്കാൾ മികച്ച ഫലം പ്രഖ്യാപിച്ചിരുന്നെങ്കിലും ചൊവ്വാഴ്ച പലന്റിർ ടെക്നോളജീസ് ഓഹരി വില എട്ട് ശതമാനം ഇടിഞ്ഞു. ഓഹരി വില അമിതമായി ഉയർന്നതായി സാമ്പത്തിക വിദഗ്ധർ സൂചന നൽകിയതോടെ നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുകയായിരുന്നു.
എ.ഐ അടിസ്ഥാന സൗകര്യം വികസിപ്പിക്കാനുള്ള പദ്ധതികൾക്ക് യു.എസ് സർക്കാർ ഉറപ്പിൽ വായ്പ വാങ്ങാൻ ആലോചിക്കുന്നതായി ചാറ്റ്ജിപിടി ഉടമ ഓപൺ എഐയുടെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ സാറ ഫ്രിയർ വെളിപ്പെടുത്തിയതോടെ വിൽപന ആളിപ്പടർന്നു. 2029 വരെയുള്ള കാലയളവിൽ എ.ഐ മേഖലയിൽ വൻ നിക്ഷേപ പദ്ധതിക്ക് ഓപൺ എഐ കരാർ തയാറാക്കിയിരുന്നു. എന്നാൽ, ലോകത്തെ ഒന്നാം നമ്പർ സ്റ്റാർട്ട് അപിന് ഫണ്ട് കണ്ടെത്താൻ കഴിയാത്ത സ്ഥിതിയാണെന്ന തോന്നലാണ് നിക്ഷേപകർക്കിടയിലുണ്ടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.