ന്യൂഡൽഹി: സോവറീൻ ഗോൾഡ് ബോണ്ട് തിരികെ വാങ്ങുന്ന തുക പ്രഖ്യാപിച്ച് കേന്ദ്രബാങ്കായ ആർ.ബി.ഐ. 2017-18 സീരിസ്-iii തിരികെ വാങ്ങുന്ന തുകയാണ് ആർ.ബി.ഐ പ്രഖ്യാപിച്ചത്. 2025 ഒക്ടോബർ 16നാണ് ബോണ്ടിന്റെ കാലാവധി അവസാനിക്കുന്നത്. 2017 ഒക്ടോബർ ഒമ്പത് മുതൽ 11 വരെയായിരുന്നു ബോണ്ടുകൾ വാങ്ങാനുള്ള കാലാവധി.
എട്ട് വർഷമാണ് ബോണ്ടുകളുടെ കാലാവധി. ഇത് പൂർത്തിയാകുന്നതിന് മുമ്പ് വിറ്റൊഴിയാനുള്ള അവസരവും ആളുകൾക്ക് നൽകിയിരുന്നു. അഞ്ച് വർഷത്തിന് ശേഷം വിറ്റൊഴിയാനുള്ള അവസരമാണ് ആർ.ബി.ഐ ആളുകൾക്ക് നൽകിയത്. ഗ്രാമിന് 2866 എന്ന നിരക്കിലാണ് ആർ.ബി.ഐ ബോണ്ടുകൾ വിറ്റിരുന്നത്. എന്നാൽ, നിലവിൽ 12,567 രൂപക്കാണ് ബോണ്ടുകൾ വാങ്ങുന്നത്. ഏകദേശം 9701 രൂപയാണ് ബോണ്ടുകൾ കൊണ്ടുണ്ടാവുന്ന ലാഭം. 338 ആണ് ലാഭശതമാനം.
അതേസമയം, സംസ്ഥാനത്ത് സ്വർണവില 95,000ത്തിന് തൊട്ടരികെ. ബുധനാഴ്ച പകൽ രണ്ടുതവണ ഉയർന്ന അതേ വിലയിലാണ് ഇന്നും വിൽപ്പന നടക്കുന്നത്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് വിലയിൽ മാറ്റം വന്നേക്കാമെന്ന് സൂചനയുണ്ട്. എന്നാൽ വിപണിയിലെ ഡിമാൻഡ് അനുസരിച്ചാകും ഇത് പ്രതിഫലിക്കുക.
ബുധനാഴ്ച രാവിലെയും ഉച്ചക്കും 400 രൂപ വീതമാണ് പവന് വർധിച്ചത്. ഉച്ചക്ക് ശേഷം ഗ്രാമിന് 50 രൂപ കൂടി 11,865 രൂപയും പവന് 400 കൂടി 94,920 രൂപയുമാണ് ആയത്. ഈ വിലയിൽ ഇന്നും മാറ്റമില്ല. ഗ്രാമിന് പത്ത് രൂപ കൂടിയാൽ പവൻ വില 95,000 രൂപയിലെത്തും. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് 37.71 ഡോളർ കൂടി 4,226.73 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. എക്കാലത്തെയും ഉയർന്ന വിലയാണിത്. ഈ പോക്ക് തുടർന്നാൽ കേരളത്തിൽ പവൻ വില ഒരുലക്ഷത്തിലെത്താൻ അധികനാൾ വേണ്ടി വരില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.