വ്യവസായികള്‍ വിട്ടുനില്‍ക്കുന്നു; റബര്‍ വില ഇനിയും ഇടിയും

കോട്ടയം: ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട നിലയിലേക്ക്  റബര്‍ വില കൂപ്പുകുത്തുമ്പോഴും ആഭ്യന്തരവിപണിയില്‍നിന്ന് വിട്ടുനിന്ന് ടയര്‍ വ്യവസായികളുടെ വയറ്റത്തടി. വിപണിയില്‍നിന്ന് ടയര്‍ വ്യവസായികള്‍ പൂര്‍ണമായും മാറിനില്‍ക്കുന്നതോടെ വില വീണ്ടും താഴുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. റബറിന്‍െറ പ്രധാന കേന്ദ്രമായ മധ്യകേരളത്തില്‍നിന്ന് ചില പാദരക്ഷാ കമ്പനികളും  റീട്രേഡിങ് ഉല്‍പന്നങ്ങള്‍ തയാറാക്കുന്ന കമ്പനികളും മാത്രമാണ് ഇപ്പോള്‍ റബര്‍ വാങ്ങുന്നത്. കമ്പനികള്‍ മാറിനില്‍ക്കുന്നത് വീണ്ടും വിലയിടിവ് രൂക്ഷമാക്കുമെന്നിരിക്കെയാണ്  പിന്‍മാറ്റം. അതേസമയം, അന്താരാഷ്ട്ര വിപണിയിലെ വിലയിടിവ് മുതലാക്കി വന്‍തോതില്‍ ഇവര്‍ റബര്‍ ഇറക്കുമതി ചെയ്യുന്നുമുണ്ട്.

ബുധനാഴ്ച ആര്‍.എസ്.എസ് നാല് ഗ്രേഡിന്‍െറ റബര്‍ ബോര്‍ഡ് വില 105 രൂപയായിരുന്നുവെങ്കിലും വ്യാപാരം നടന്നത് 102.50 രൂപക്കാണ്. കര്‍ഷകര്‍ കൂടുതലായി ഉല്‍പാദിപ്പിക്കുന്ന ആര്‍.എസ്.എസ് അഞ്ച് ഗ്രേഡിന് 100  രൂപയില്‍ താഴെയാണ്  ലഭിച്ചത്. അഞ്ച് ഗ്രേഡ് വ്യാപാരികള്‍ വാങ്ങിയാലും വ്യവസായികള്‍ വാങ്ങാന്‍ താല്‍പര്യം കാണിക്കുന്നില്ല. ഇറക്കുമതി റബറിനാല്‍ ഗോഡൗണുകള്‍ നിറഞ്ഞതാണ് റബര്‍ വാങ്ങുന്നത് നിര്‍ത്തിവെക്കാന്‍ കാരണമായി കമ്പനികള്‍ പറയുന്നത്.

വില ഇടിവ് തുടരുന്നതിനാല്‍ കര്‍ഷകരില്‍നിന്ന് റബര്‍ എടുക്കാന്‍ ചെറുകിട വ്യാപാരികള്‍  തയാറാകാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പല വ്യാപാരികളും കച്ചവടം നിര്‍ത്തിയിരിക്കുകയാണ്.  ആഭ്യന്തര വിപണിയില്‍നിന്ന് റബര്‍ വാങ്ങാന്‍ കമ്പനികള്‍ തയാറാകാത്തതിനാല്‍ വ്യാപാരികളുടെ പക്കലും  റബര്‍ കെട്ടിക്കിടക്കുകയാണ്. ഒട്ടുപാലിന്‍െറ വിലയും താഴേക്ക് കുതിക്കുകയാണ്. സംസ്ഥാനത്തെ കര്‍ഷകരില്‍ നല്ളൊരു ശതമാനവും പാല്‍ ഉല്‍പാദിപ്പിച്ച് വില്‍പന നടത്തുന്നവരാണ്. ഇവര്‍ക്ക് ബുധനാഴ്ച കിലോക്ക് 57 രൂപമാത്രമാണ് ലഭിച്ചത്. ചെലവിന് ആനുപാതികമായി വില ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. പലരും ടാപ്പിങ് നിര്‍ത്തിയിരിക്കുകയാണ്.

അന്താരാഷ്ട്ര വിപണിയിലെ വിലയിടിവാണ് സംസ്ഥാനത്തെ വില താഴേക്ക് പോകാന്‍ പ്രധാന കാരണം. ബുധനാഴ്ച ബാങ്കോക്ക് വില  85രൂപയും ടോക്യോ വില 90 രൂപയും മലേഷ്യന്‍ വില 79 രൂപയും മാത്രമാണ്. ചൈന വിപണിയില്‍  97 രൂപക്കാണ് വില്‍പന. ഇത് മുതലെടുത്താണ് ടയര്‍ വ്യവസായികള്‍ വന്‍തോതില്‍ റബര്‍ ഇറക്കുമതി ചെയ്ത് സംഭരിക്കുന്നത്. അതേസമയം, റബറിന് 150 രൂപ ഉറപ്പാക്കാന്‍ സര്‍ക്കാര്‍  നടപ്പാക്കിയ വില സ്ഥിരതാ പദ്ധതിയും പാളിയിരിക്കുകയാണ്. പദ്ധതിക്കായി 300 കോടി അനുവദിച്ചിരുന്നെങ്കിലും  50 കോടിയില്‍ താഴെ മാത്രമാണ് മാസങ്ങള്‍ പിന്നിട്ടിട്ടും കര്‍ഷകര്‍ക്ക് നല്‍കിയിട്ടുള്ളത്. പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ച ആയിരങ്ങളാണ് തുകക്കായി കാത്തിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ തുക അനുവദിക്കാത്തതാണ് പദ്ധതിക്ക് തിരിച്ചടിയാവുന്നത്.

ഒട്ടുപാലിനെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നടപ്പായിട്ടില്ല. നേരത്തേ വിപണിയില്‍  വിലയില്‍നിന്ന് അഞ്ചു രൂപ കൂട്ടി റബര്‍ സംഭരിക്കുന്ന പദ്ധതി സര്‍ക്കാര്‍ ആവിഷ്കരിച്ചിരുന്നെങ്കിലും പാളിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2025-12-10 04:20 GMT