ബാധ്യതയാകരുത് ഭവന വായ്പ

ഭവനവായ്പ ജീവിതത്തിലെ ഏറ്റവും വലിയ സാമ്പത്തിക ബാധ്യതകളിലൊന്നാണ്. വായ്പ എടുക്കുമ്പോൾ സംഭവിക്കുന്ന ചെറിയ പിഴവുകൾ പോലും 15 മുതൽ 20 വർഷം വരെയുള്ള തിരിച്ചടവ് കാലയളവിൽ ലക്ഷക്കണക്കിന് രൂപയുടെ അധിക ചെലവിന് കാരണമാകാം.

അതിനാൽ പലിശനിരക്ക് മാത്രം നോക്കാതെ വായ്പയുടെ മുഴുവൻ ചെലവും വിലയിരുത്തുകയും, വായ്പയെടുത്ത ശേഷവും ഇടക്കിടെ അവലോകനം നടത്തുകയും ചെയ്യണമെന്ന് ധനകാര്യ വിദഗ്ധർ നിർദേശിക്കുന്നു.

പലിശനിരക്ക് മാത്രം നോക്കരുത്

ഒരു ബാങ്ക് 8.5 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നതുകൊണ്ടുമാത്രം അത് മികച്ച ഓഫറാണെന്ന് കരുതരുത്. പ്രോസസിങ് ഫീസ്, നിയമപരിശോധനാ ചെലവ്, ഇൻഷുറൻസ് പ്രീമിയം, മറ്റ് സർവിസ് ചാർജുകൾ എന്നിവ ചേർന്നാൽ ആകെ ചെലവ് ഗണ്യമായി വർധിച്ചേക്കാം. അതിനാൽ, വിവിധ ബാങ്കുകളുടെ മൊത്തം തിരിച്ചടവ് തുക താരതമ്യം ചെയ്ത ശേഷമാണ് തീരുമാനം എടുക്കേണ്ടത്.

കുറഞ്ഞ ഇ.എം.ഐ മോഹം തിരിച്ചടിയാകും

പ്രതിമാസ ഇ.എം.ഐ കുറക്കാനായി ദീർഘകാല വായ്പ തിരഞ്ഞെടുക്കുന്നത് പലിശഭാരം കുത്തനെ ഉയർത്തും. ഉദാഹരണത്തിന്, 45 ലക്ഷം രൂപയുടെ വായ്പക്ക് 15 വർഷത്തിനുപകരം 20 വർഷത്തെ കാലാവധി തിരഞ്ഞെടുത്താൽ ഇ.എം.ഐ കുറയുമെങ്കിലും, ആകെ പലിശ ഏകദേശം 14 ലക്ഷം രൂപ വരെ വർധിക്കാം.

വായ്പാ യോഗ്യത ആദ്യം പരിശോധിക്കുക

പലരും ആദ്യം വീട് തിരഞ്ഞെടുത്തശേഷമാണ് വായ്പക്ക് അപേക്ഷിക്കുന്നത്. എന്നാൽ, ലഭിക്കുന്ന വായ്പ പ്രതീക്ഷിച്ചതിലും കുറവാണെങ്കിൽ സാമ്പത്തിക പ്രതിസന്ധിയോ ഇടപാട് നഷ്ടപ്പെടാനുള്ള സാഹചര്യമോ ഉണ്ടാകാം. അതിനാൽ ആദ്യം വായ്പാ യോഗ്യത കണക്കാക്കി, അതനുസരിച്ചുള്ള ബജറ്റിൽ വീട് തിരഞ്ഞെടുക്കുന്നതാണ് ഉചിതം.

വസ്തുവിന്റെ നിയമപരമായ പരിശോധന നിർബന്ധം

ബാങ്ക് വായ്പ അനുവദിക്കുന്നുവെന്നത് മാത്രം വസ്തുവിന് നിയമപ്രശ്നങ്ങളില്ലെന്നതിന് തെളിവല്ല. ഉടമസ്ഥാവകാശം, രജിസ്ട്രേഷൻ, അനുമതികൾ, റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (RERA) രജിസ്ട്രേഷൻ, ബാധ്യതകൾ എന്നിവ സ്വതന്ത്രമായി പരിശോധിക്കണം. ഇല്ലെങ്കിൽ ഭാവിയിൽ ഉടമസ്ഥാവകാശ തർക്കങ്ങൾ നേരിടേണ്ടി വന്നേക്കാം.

ഡൗൺ പേയ്‌മെന്റിന് പുറമെ ചെലവുകളും കണക്കാക്കണം

ഡൗൺ പേയ്‌മെന്റിന് പുറമെ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ്, വായ്പാ പ്രോസസിങ് ഫീസ്, നിയമ-സാങ്കേതിക പരിശോധനാ ചെലവ്, വീടിന്റെ ഇന്റീരിയർ ജോലികൾ തുടങ്ങിയവക്കും വലിയ തുക ആവശ്യമായി വരും. ഇവ മുൻകൂട്ടി കണക്കിലെടുക്കാത്തത് സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കും.

വായ്പയെടുത്ത ശേഷവും ഇടക്കിടെ പരിശോധിക്കുക

വായ്പ എടുത്ത ശേഷം പലരും വർഷങ്ങളോളം അതിൽ മാറ്റമൊന്നും വരുത്താറില്ല. എന്നാൽ, രണ്ടോ മൂന്നോ വർഷം കൃത്യമായി തിരിച്ചടച്ചിട്ടുണ്ടെങ്കിൽ ബാങ്കിനോട് പലിശനിരക്ക് കുറക്കാൻ ആവശ്യപ്പെടാം. നല്ല ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് പല ബാങ്കുകളും നിരക്ക് കുറച്ചുനൽകാറുണ്ട്.

അതോടൊപ്പം ബോണസ്, മറ്റ് അധിക വരുമാനം എന്നിവ ലഭിക്കുമ്പോൾ ഭാഗികമായി വായ്പ മുൻകൂർ തിരിച്ചടച്ചാൽ (Part Prepayment) പലിശഭാരം ഗണ്യമായി കുറക്കാനും വായ്പാ കാലാവധി ചുരുക്കാനും കഴിയും.

വായ്പാ കരാർ വായിക്കാതെ ഒപ്പിടരുത്

പലിശനിരക്ക് എങ്ങനെ മാറും, മുൻകൂർ തിരിച്ചടവിനുള്ള വ്യവസ്ഥകൾ, പിഴകൾ, മറ്റ് ചാർജുകൾ എന്നിവ വായ്പാ കരാറിൽ വ്യക്തമാക്കിയിട്ടുണ്ടാകും. അതിനാൽ കരാർ പൂർണമായി വായിച്ച് മനസ്സിലാക്കിയ ശേഷമേ ഒപ്പിടാവൂ.

സ്ഥിരപലിശയോ ഫ്ലോട്ടിങ് പലിശയോ?

സ്ഥിരപലിശ (Fixed Rate) തിരഞ്ഞെടുക്കുമ്പോൾ മുഴുവൻ കാലയളവിലും ഇ.എം.ഐയിൽ സ്ഥിരത ലഭിക്കും. ഫ്ലോട്ടിങ് പലിശ (Floating Rate) വിപണിയിലെ പലിശനിരക്കുകൾക്കനുസരിച്ച് ഉയരുകയോ താഴുകയോ ചെയ്യും. സ്വന്തം വരുമാന സ്ഥിരതയും സാമ്പത്തിക പദ്ധതികളും വിലയിരുത്തിയ ശേഷമാണ് അനുയോജ്യമായ രീതി തിരഞ്ഞെടുക്കേണ്ടത്.

ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

പലിശനിരക്ക് മാത്രമല്ല, വായ്പയുടെ മൊത്തം ചെലവും താരതമ്യം ചെയ്യുക.

ഇ.എം.ഐ കുറക്കാൻ അനാവശ്യമായി ദീർഘകാല വായ്പ തിരഞ്ഞെടുക്കരുത്.

വീട് തിരഞ്ഞെടുക്കുന്നതിനുമുമ്പ് വായ്പാ യോഗ്യത ഉറപ്പാക്കുക.

വസ്തുവിന്റെ നിയമപരമായ പരിശോധന സ്വതന്ത്രമായി നടത്തുക.

ഡൗൺ പേയ്‌മെന്റിന് പുറമെ മറ്റ് ചെലവുകളും മുൻകൂട്ടി കണക്കാക്കുക.

വർഷത്തിൽ ഒരിക്കലെങ്കിലും വായ്പ അവലോകനം ചെയ്ത് പലിശ കുറക്കാൻ ബാങ്കിനോട് ആവശ്യപ്പെടുക.

അധിക വരുമാനം ലഭിക്കുമ്പോൾ ഭാഗിക മുൻകൂർ തിരിച്ചടവ് പരിഗണിക്കുക.

വായ്പാ കരാർ പൂർണമായി വായിച്ച് മനസ്സിലാക്കിയ ശേഷമേ ഒപ്പിടാവൂ

Tags:    
News Summary - Home loan should not become a liability

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.