സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ പണം സൂക്ഷിക്കുന്നത് കൊണ്ട് എന്തെങ്കിലും നഷ്ടമുണ്ടോ?. കൂടുതലൊന്നും ആലോചിക്കാതെ ശമ്പളത്തിൽനിന്ന് ചെലവ് കഴിച്ച് ബാക്കി സേവിങ്സ് അക്കൗണ്ടിൽ തന്നെ സൂക്ഷിക്കുകയാണ് പലരും. പത്തും ഇരുപതും ലക്ഷവും അതിന് മുകളിലും സേവിങ്സ് അക്കൗണ്ടിൽ സൂക്ഷിക്കുന്നവരുണ്ട്. ബാങ്കിന് പ്രത്യേകം ഫീസൊന്നും നൽകേണ്ടതില്ലെങ്കിലും അതിലൊരു കാണാച്ചെലവുണ്ട്. അതാണ് പണപ്പെരുപ്പം. മിക്ക ബാങ്കുകളും രണ്ടര ശതമാനം വാർഷിക പലിശയാണ് സേവിങ്സ് അക്കൗണ്ടിലെ നിക്ഷേപത്തിന് നൽകുന്നത്. അതേസമയം, വാർഷിക പണപ്പെരുപ്പം ആറ് ശതമാനത്തോളമാണ്. അതായത് നിങ്ങളുടെ പണത്തിന്റെ മൂല്യം വർഷത്തിൽ ശരാശരി ആറ് ശതമാനം കുറയുന്നു. വളർച്ച രണ്ടര ശതമാനം മാത്രവും. അതിന് മുകളിലുള്ള വളർച്ച നേടാൻ കഴിഞ്ഞാലേ നിങ്ങൾ നേട്ടമുണ്ടാക്കിയെന്ന് പറയാനാകൂ. ദൈനംദിന ചെലവുകൾക്കും ബില്ലുകൾ അടക്കാനും പെട്ടെന്നുള്ള പണത്തിന്റെ ആവശ്യം നിറവേറ്റാനുമാണ് സേവിങ്സ് അക്കൗണ്ട്. കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യവും തൽക്ഷണ ലഭ്യതയുമാണ് ഇതിന്റെ പ്രത്യേകത.
പണപ്പെരുപ്പം നിങ്ങളുടെ സമ്പാദ്യം ഒറ്റരാത്രികൊണ്ട് തിന്നുകളയുന്നില്ല, അതുകൊണ്ടാണ് മിക്ക ആളുകളും അത് തിരിച്ചറിയാത്തത്. ബാങ്ക് ബാലൻസ് ഉയരുന്നത് കാണുമ്പോൾ നിങ്ങളുടെ സമ്പാദ്യം വളരുന്നതായി തോന്നുന്നു. ചോദ്യമിതാണ്. ഇന്ന് 1000 രൂപ വിലയുള്ള ഒരു ഉൽപന്നം പത്ത് വർഷത്തിന് ശേഷമാണ് വാങ്ങുന്നതെങ്കിൽ എത്ര തുക കൊടുക്കേണ്ടിവരും. ഇന്ന് അഞ്ച് ലക്ഷം വരുന്ന ഒരു കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് പത്ത് വർഷം കഴിഞ്ഞാൽ എത്രയാകും. ആ ഉയർച്ചക്ക് ആനുപാതികമായെങ്കിലും നിങ്ങളുടെ സമ്പത്ത് വളർത്താൻ കഴിഞ്ഞില്ലെങ്കിൽ സമ്പത്ത് കുറയുന്നു എന്ന് തന്നെയാണർഥം.
അപ്പോൾ സേവിങ്സ് അക്കൗണ്ടിൽ എത്ര പണം സൂക്ഷിക്കണം. ഇതിന് ഏക സ്വഭാവത്തിലുള്ള ഒരു ഉത്തരമോ പൊതുനിയമമോ ഇല്ല. ഓരോരുത്തരുടെയും വരുമാന സ്ഥിതി, ജോലി സ്ഥിരത, ചെലവുകൾ, കുടുംബ സാഹചര്യങ്ങൾ, ഉത്തരവാദിത്തങ്ങൾ എന്നിവക്കനുസരിച്ചായിരിക്കണം തീരുമാനം. പൊതുവിൽ സാമ്പത്തിക വിദഗ്ധർ യോജിക്കുന്നത് ആറുമാസം മുതൽ ഒരു വർഷം വരെ വേണ്ട അത്യാവശ്യ ചെലവുകൾക്കുള്ള തുക സേവിങ്സ് അക്കൗണ്ടിൽ സൂക്ഷിച്ചാൽ മതി. അതിൽ കൂടുതലുണ്ടെങ്കിൽ മെച്ചപ്പെട്ട നിക്ഷേപ സാധ്യതകൾ തേടുക. എന്ന് കരുതി എവിടെയെങ്കിലും കൊണ്ടുപോയി നിക്ഷേപിച്ച് പണം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുത്. ഓരേ നിക്ഷേപത്തിന്റെയും വളർച്ച സാധ്യതയും നഷ്ട സാധ്യതയും വ്യത്യസ്തമാണ്. വളർച്ച ആഗ്രഹിക്കുന്നവർക്ക് ഇക്വിറ്റിയോ മ്യൂച്വൽ ഫണ്ടുകളോ തെരഞ്ഞെടുക്കാം. റിസ്ക് എടുക്കാൻ താൽപര്യമില്ലാത്തവർക്ക് സുരക്ഷിതമായ ഡെബ്റ്റ് ഇൻസ്ട്രുമെന്റുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.