എച്ച്.ഡി.എഫ്.സി ബാങ്കിൽ വൻ സാമ്പത്തിക ക്രമക്കേട്; ഓഹരി വിലയിൽ ഇടിവ്

മുംബൈ: എച്ച്.ഡി.എഫ്.സി ബാങ്കിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി ആഭ്യന്തര വിജിലൻസ് അന്വേഷണ റിപ്പോർട്ട് പുറത്ത്. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്‌മെന്റ് കോർപ്പറേഷന് ചട്ടങ്ങൾ ലംഘിച്ച് 45 കോടി രൂപയുടെ പലിശ നൽകിയതുമായി ബന്ധപ്പെട്ടാണ് ബാങ്കിൽ അന്വേഷണം നടന്നത്. വാർത്ത പുറത്തുവന്നതിന് പിന്നാലെ ബുധനാഴ്ച എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഓഹരി വിലയിൽ 2.26 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ബുധനാഴ്ച രാവിലെ 10 മണിയോടെ നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ എച്ച്.ഡി.എഫ്.സി ഓഹരികൾ മുൻ ദിവസത്തെ നിരക്കായ 778.9 രൂപയിൽ നിന്നും താഴ്ന്ന് 761.25 രൂപയിലാണ് വ്യാപാരം നടത്തിയത്. 2023-24, 2024-25 സാമ്പത്തിക വർഷങ്ങളിൽ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്‌മെന്റ് കോർപ്പറേഷന് നൽകിയ 45 കോടി രൂപയുടെ പദവി ദുരുപയോഗം ചെയ്തുള്ള ഇടപാടുകളിലാണ് ബാങ്ക് ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്തിയത്.

എം.എസ്.ആർ.ഡി.സി ബാങ്കിൽ നിക്ഷേപിച്ച തുകക്ക് അധിക പലിശ ഇനത്തിലാണ് ഈ തുക നൽകിയത്. എന്നാൽ ഈ തുക കോർപ്പറേഷന്റെ അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യുന്നതിന് പകരം, ബാങ്കിന്റെ മാർക്കറ്റിങ് ഡിപ്പാർട്ട്‌മെന്റ് വഴി തിരിച്ചുവിടുകയായിരുന്നു. പ്രാദേശിക വെണ്ടർമാർ വഴി നടത്തിയ റോഡ് സുരക്ഷാ ബോധവൽക്കരണ കാമ്പെയ്‌ന്റെ ചെലവെന്ന വ്യാജേനയാണ് ഈ 45 കോടി രൂപ വകമാറ്റിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ മാർച്ച് 12നാണ് ബാങ്കിന്റെ ഓഡിറ്റ് കമ്മിറ്റി ഈ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിന് തൊട്ടുപിന്നാലെ, മാർച്ച് 18ന് ബാങ്ക് ചെയർമാൻ അതാനു ചക്രവർത്തി തന്റെ പദവിയിൽ നിന്ന് പെട്ടെന്ന് രാജിവെച്ചിരുന്നു. ബാങ്കിനുള്ളിലെ ചില അസ്വാഭാവിക സംഭവവികാസങ്ങളിലുള്ള ആശങ്ക രേഖപ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്റെ രാജി.

എം.എസ്.ആർ.ഡി.സിക്ക് പലിശയിനത്തിൽ ഉണ്ടായ നഷ്ടം നികത്താൻ ഇത്തരമൊരു വഴിവിട്ട ഇടപാട് നടത്തുന്നതിനെക്കുറിച്ച് ബാങ്ക് എം.ഡി-യും സി.ഇ.ഒയുമായ ശശിധർ ജഗദീശൻ, സി.എഫ്.ഒ ശ്രീനിവാസൻ വൈദ്യനാഥൻ, ചീഫ് മാർക്കറ്റിങ് ഓഫീസർ രവി സന്താനം എന്നിവർക്ക് അറിവുണ്ടായിരുന്നുവെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

റിസർവ് ബാങ്കിന്റെ നിക്ഷേപ പലിശ ചട്ടങ്ങളുടെ ലംഘനവും ബാങ്കിന്റെ ആഭ്യന്തര അഴിമതി വിരുദ്ധ നയങ്ങളുടെ ലംഘനവുമാണ് ഈ ഇടപാടിലൂടെ നടന്നിരിക്കുന്നത്. കൂടാതെ, റോഡ് സുരക്ഷാ കാമ്പെയ്‌നുമായി ബന്ധപ്പെട്ട് കാണിച്ചിരിക്കുന്ന പല വെണ്ടർ ഇൻവോയ്‌സുകൾക്കും കൃത്യമായ രേഖകളോ പരിശോധനകളോ ഉണ്ടായിരുന്നില്ലെന്നും ആഭ്യന്തര റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

Tags:    
News Summary - Major financial irregularities in HDFC Bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.