ലോകം ഒരു തുകല്‍പന്തിലേക്ക് ചുരുങ്ങുന്ന കാലമെത്തുകയാണ്. കളിയുടെ ജയപരാജയങ്ങള്‍ക്കുമപ്പുറം ലോകസമ്പദ്‌വ്യവസ്ഥയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാനുള്ള കഴിവ് ലോകകപ്പ് ഫുട്‌ബാളിനുണ്ട്. ഗ്രൂപ് ഘട്ടവും നോക്കൗട്ടും കടന്ന് ജൂലൈയില്‍ കിരീടപോരാട്ടത്തിലേക്ക് എത്തുമ്പോഴേക്കും കോടികള്‍ ഫിഫയുടെ പെട്ടിയില്‍ വീണിരിക്കും. എന്നാല്‍, ഫിഫക്ക് മാത്രമല്ല ലോകകപ്പ് നേട്ടമുണ്ടാക്കുന്നത്. ആതിഥേയ രാജ്യങ്ങളില്‍ തുടങ്ങി ലോകസമ്പദ്‌വ്യവസ്ഥയില്‍ ഫുട്ബാള്‍ വലിയ സ്വാധീനം ചെലുത്തും.
യു.എസ്, കാനഡ, മെക്‌സികോ എന്നീ മൂന്ന് രാജ്യങ്ങളിലായാണ് ഇക്കുറി ലോകകപ്പ് ടൂര്‍ണമെന്റ് നടത്തുന്നത്. ലോകകപ്പ് ആഗോളസമ്പദ്‌വ്യവസ്ഥയിലെ ജി.ഡി.പിക്ക് 40 ബില്യണ്‍ ഡോളര്‍ (ഏകദേശം 3.8 ലക്ഷം കോടി രൂപ) സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷ. ഇതിന് പുറമേയാണ് ലോകകപ്പ് സൃഷ്ടിക്കുന്ന തൊഴിലുകള്‍. ഏകദേശം എട്ട് ലക്ഷം തൊഴിലുകള്‍ ലോകകപ്പുമൂലം സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്. ഇതില്‍ താല്‍ക്കാലിക ജോലികളും സ്ഥിരം തൊഴിലുകളും ഉള്‍പ്പെടും. വിവിധ സര്‍ക്കാറുകളുടെ ഖജനാവില്‍ നികുതിയായി 9.4 ബില്യണ്‍ ഡോളര്‍ ലോകകപ്പ് എത്തിച്ചുനല്‍കിയേക്കും. 6.5 മില്യണ്‍ ആളുകള്‍ ലോകകപ്പ് കാണാനെത്തുമെന്നാണ് ഫിഫ കണക്കാക്കുന്നത്.
2022ലെ ഖത്തർ ലോകകപ്പിൽ 32 ടീമുണ്ടായിരുന്നത് യു.എസ്, മെക്‌സികോ, കാനഡ രാജ്യങ്ങളിലേക്ക് എത്തുമ്പോള്‍ 48 ആയി ഉയരുന്നു. ടീമുകളുടെ എണ്ണം ഉയരുമ്പോള്‍ സ്വാഭാവികമായും ലോകകപ്പിന്റെ വിപണി കൂടി വളരുകയാണ്. ഖത്തറിന് 2022 ലോകകപ്പിനായി വലിയ തുക ചെലവഴിക്കേണ്ടിവന്നിരുന്നു. പ്രധാനമായും അടിസ്ഥാന സൗകര്യ വികസനത്തിനായാണ് പണമിറക്കിയത്. നല്ല സ്‌റ്റേഡിയങ്ങള്‍ നിര്‍മിക്കാന്‍ മാത്രം കോടിക്കണക്കിന് ഡോളറാണ് ഖത്തര്‍ പൊട്ടിച്ചത്. എന്നാല്‍, ഇക്കുറി ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങളില്‍ പലതിലും സ്‌റ്റേഡിയങ്ങള്‍ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ഈ ലോകകപ്പില്‍ ആതിഥേയ രാജ്യങ്ങള്‍ക്ക് വലിയ രീതിയില്‍ പണമിറക്കേണ്ടിവരില്ല.
ലോകകപ്പ് യു.എസിന് മാത്രം 30.5 ബില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് നല്‍കുമെന്നാണ് ഫിഫ കണക്കാക്കുന്നത്. യു.എസിന്റെ ജി.ഡി.പിക്ക് മാത്രം 17.2 ബില്യണ്‍ ഡോളര്‍ ലോകകപ്പ് നല്‍കും. തൊഴിലാളികള്‍ക്ക് ശമ്പളമായി 10.2 ബില്യണ്‍ ഡോളറും 1.85 ലക്ഷം തൊഴിലുകളും ലോകകപ്പ് സൃഷ്ടിക്കും. 3.8 ബില്യണ്‍ കനേഡിയന്‍ ഡോളറായിരിക്കും ലോകകപ്പ് കാനഡക്ക് സംഭവന ചെയ്യുക. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ ഏകദേശം 26,000 കോടി രൂപ. ജി.ഡി.പിയില്‍ 2.0 ബില്യണ്‍ ഡോളറിന്റെ നേട്ടം കാനഡക്കുണ്ടാവും. ഓരോ മത്സരവും കാനഡക്ക് 155 മില്യണ്‍ ഡോളറിന്റെ വരുമാനമുണ്ടാക്കും. ഇതിന് പുറമേ തൊഴിലാളികള്‍ക്ക് വരുമാനമായി 1.3 ബില്യണ്‍ ഡോളർ ലഭിക്കും. 24,100 തൊഴിലുകളാണ് ലോകകപ്പ് കാനഡയില്‍ സൃഷ്ടിക്കുക. മെക്‌സികോക്ക് ലോകകപ്പ് മൂലം 2.5 ബില്യണ്‍ ഡോളര്‍ മുതല്‍ മൂന്ന് ബില്യണ്‍ ഡോളറിന്റെ വരെ നേട്ടമുണ്ടാകും. മെക്‌സികോ ജി.ഡി.പിയുടെ 0.14 ശതമാനം മുതല്‍ 0.5 ശതമാനം വരെ വരുമിത്. ഏറ്റവും കുറഞ്ഞത് 33,000 തൊഴിലുകളെങ്കിലും ലോകകപ്പ് സൃഷ്ടിക്കും.
ലോകകപ്പിന്റെ സംപ്രേഷണം, കോര്‍പറേറ്റ് സ്‌പോണ്‍സര്‍ഷിപ്, ടിക്കറ്റ്, ഹോസ്പിറ്റാലിറ്റി വരുമാനം എന്നിവയിലൂടെ 8.9 ബില്യണ്‍ ഡോളര്‍ പെട്ടിയില്‍ വീഴുമെന്നാണ് ഫിഫയുടെ പ്രതീക്ഷ. ഖത്തര്‍ ലോകകപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ 20 ശതമാനം വര്‍ധനയാണ് ഉണ്ടാവുക. കോര്‍പറേറ്റ് പാര്‍ട്ണര്‍മാരില്‍ ചില കമ്പനികളുമായി ദീര്‍ഘകാലത്തേക്കുള്ള കരാറാണ് ഫിഫ ഒപ്പിട്ടിരിക്കുന്നത്. അതില്‍തന്നെ ചില കമ്പനികളുമായി ഫിഫക്ക് വര്‍ഷങ്ങളുടെ ബന്ധമുണ്ട്. 1970 മുതല്‍ ഫിഫയുടെ പാര്‍ട്ണറാണ് അഡിഡാസ്. ലോകകപ്പിന്റെ ഒഫിഷ്യല്‍ ബാള്‍ അഡിഡാസിന്റെ സംഭാവനയാണ്. ഒഫിഷ്യല്‍ ഡ്രിങ്കിങ് പാര്‍ട്ണറായി കൊക്കക്കോള, പേമന്റ് പാര്‍ട്ണര്‍ വിസ, ട്രാവല്‍ പാര്‍ട്ണര്‍ എമിറേറ്റ്‌സ്, എനര്‍ജി പാര്‍ട്ണര്‍ സൗദി അരാംകോ എന്നിങ്ങനെയെല്ലാമാണ് പാര്‍ട്ണര്‍ഷിപ്പുകള്‍. ഇവരില്‍നിന്നെല്ലാം ഫിഫക്ക് പണമെത്തും. ഫിഫയുടെ പാര്‍ട്ണറാവാന്‍ എത്ര കോടി ചെലവ് വരുമെന്ന് അവര്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഒരു പാര്‍ട്ണറാവാന്‍ രണ്ടായിരം കോടിക്കടുത്ത് ചെലവ് വരുമെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ണര്‍ഷിപ്പിനൊപ്പം വലിയൊരു വരുമാനം ബ്രോഡ്കാസ്റ്റില്‍നിന്നും ഫിഫക്ക് ലഭിക്കും. ഏകദേശം 13 ബില്യണ്‍ ഡോളറാണ് ഫിഫയുടെ ബ്രോഡ്കാസ്റ്റ് വരുമാനം.
ഫുട്ബാള്‍ ലോകകപ്പിന്റെ വിശ്വവേദിയില്‍ ഇതുവരെ പന്ത് തട്ടാന്‍ സാധിക്കാത്ത രാജ്യമാണ് ഇന്ത്യ. ലോകകപ്പ് ഇന്ത്യയിലുമല്ല നടക്കുന്നത് എങ്കിലും ലോകകപ്പ് ചെറിയ ചലനങ്ങള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലും സൃഷ്ടിക്കും. ലോകകപ്പിന്റെ സംപ്രേഷണത്തിലൂടെ ലഭിക്കുന്ന വരുമാനമാണ് ഇതില്‍ ആദ്യത്തേത്. രണ്ടാമതായി ടീഷര്‍ട്ടുകള്‍ മുതല്‍ ഫുട്ബാളുകള്‍ക്ക് വരെ ലോകകപ്പ് കാലത്ത് ഡിമാന്‍ഡ് ഉയരും. ലോകകപ്പ് കാലത്ത് ടെലിവിഷന്‍ സെറ്റുകളുടെ ഉൾപ്പെടെയുള്ളവയുടെ വില്‍പന വര്‍ധനയും കേരളത്തില്‍ ഫ്ലക്‌സ് ഡിമാന്‍ഡും സമ്പദ് വ്യവസ്ഥക്ക് ഗുണകരമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.