2000 നോട്ട് പിൻവലിക്കാൻ ആർ.ബി.ഐ പറയുന്ന രണ്ട് കാരണങ്ങൾ

2016ലെ നോട്ട് നിരോധനത്തിന് പിന്നാലെ രാജ്യത്ത് അവതരിപ്പിച്ച 2000 രൂപ നോട്ടുകൾ പിൻവലിക്കുകയാണെന്ന് റിസർവ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിലുള്ള 2000 നോട്ടുകൾക്ക് വിനിമയമൂല്യം ഉണ്ടായിരിക്കും. എന്നാൽ, ഇവ മാറ്റിയെടുക്കാൻ സെപ്റ്റംബർ 30 വരെയാണ് നൽകിയ സമയം. ബാങ്കുകളിൽ നിക്ഷേപിക്കുകയോ, മാറ്റിയെടുക്കുകയോ ചെയ്യാനാകും.

2000 രൂപ നോട്ടുകൾ പിൻവലിക്കുകയാണെന്ന് പ്രഖ്യാപിച്ച് ആർ.ബി.ഐ പുറത്തിറക്കിയ ഉത്തരവിൽ, നോട്ട് പിൻവലിക്കുന്നതിന് കാരണമായി രണ്ട് കാര്യങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്.

1. '500, 1000 രൂപ നോട്ടുകൾ 2016ൽ നിരോധിച്ചപ്പോളുണ്ടായ കറൻസി ആവശ്യകത പരിഹരിക്കാനാണ് 2000 രൂപ നോട്ട് വിനിമയത്തിൽ കൊണ്ടുവന്നത്. നിലവിൽ മറ്റു തുകകളുടെ നോട്ടുകൾ വിനിമയത്തിൽ ആവശ്യത്തിന് ലഭ്യമായിരിക്കുന്നു.'

2. 'നിലവിലുള്ള 2000 നോട്ടുകളിൽ 89 ശതമാനവും 2017 മാർച്ചിന് മുമ്പ് അച്ചടിച്ചതാണ്. നാല് മുതൽ അഞ്ച് വർഷം വരെയാണ് നോട്ടുകളുടെ കാലാവധി നിശ്ചയിച്ചത്. ഇത് ഏറെക്കുറെ പൂർത്തിയായിരിക്കുന്നു.'

ഈ രണ്ട് കാര്യങ്ങളാണ് റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടുന്നത്. 2018-19 സാമ്പത്തിക വർഷം മുതൽ 2000 രൂപ നോട്ടിന്‍റെ അച്ചടി റിസർവ് ബാങ്ക് അവസാനിപ്പിച്ചിരുന്നു. മാർച്ച് 31ലെ കണക്ക് പ്രകാരം ആകെ പ്രചാരത്തിലുള്ള കറൻസി നോട്ടുകളുടെ മൂല്യത്തിൽ 10.8 ശതമാനം മാത്രമേ 2000 രൂപ നോട്ടുകൾ ഉള്ളൂ. 2018 മാർച്ചിൽ ആകെ വിനിമയത്തിലുണ്ടായിരുന്ന 2000 നോട്ടുകളുടെ മൂല്യം 6.73 ലക്ഷം കോടി രൂപയായിരുന്നു. അന്ന് പ്രചാരത്തിലുള്ള നോട്ടുകളുടെ 37.3 ശതമാനമായിരുന്നു ഇത്. 2023 മാർച്ചോടെ വിനിമയത്തിലുള്ള 2000 നോട്ടുകളുടെ മൂല്യം 3.62 ലക്ഷം കോടിയായി കുറഞ്ഞു. ഇന്ന് വിനിമയത്തിലുള്ള നോട്ടുകളുടെ 10.8 ശതമാനം മാത്രമാണ് ഇത്. സാധാരണ ഇടപാടുകൾക്ക് 2000 രൂപ ഉപയോഗിക്കുന്നത് വളരെ കുറവാണെന്നും ആർ.ബി.ഐ നിരീക്ഷിക്കുന്നു. 

Tags:    
News Summary - Two reasons given by RBI to withdraw 2000 note

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.